മുത്തലാഖ് വോട്ടാക്കി മാറ്റണം, മുസ്ലീം സ്ത്രീകളെ പാര്‍ട്ടിയുമായി ബന്ധിപ്പിക്കണം, നിര്‍ദേശിച്ച് മോദി
ന്യൂഡല്‍ഹി: സമൂഹത്തിന്റെ എല്ലാ മേഖലയിലുള്ളവരെയും പാര്‍ട്ടിയുമായി കൂടുതല്‍ ബന്ധിപ്പിക്കണമെന്ന് നിര്‍ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുത്തലാഖ് നിരോധിച്ചത് മുസ്ലീം സ്ത്രീകളുടെ സുരക്ഷ വര്‍ധിപ്പിച്ചുവെന്നാണ് മോദി എന്‍ഡിഎ എംപിമാരുടെ യോഗത്തില്‍ അഭിപ്രായപ്പെട്ടത്. ബിജെപി എംപിമാര്‍ മുസ്ലീം സ്ത്രീകളെ പാര്‍ട്ടിയുമായി കൂടുതല്‍ ബന്ധിപ്പിക്കണമെന്നും മോദി ആവശ്യപ്പെട്ടു.
രക്ഷാബന്ധന്റെ സമയത്ത് ബിജെപിയുടെ ഭരണനേട്ടങ്ങളും, മുത്തലാഖ് നിരോധിച്ചതും അടക്കമുള്ള കാര്യങ്ങളുമായി പരിപാടികള്‍ സംഘടിപ്പിക്കണമെന്നും, അതിലൂടെ മുസ്ലീം സ്ത്രീകള്‍ക്ക് പാര്‍ട്ടിയെ കുറിച്ച് കൂടുതല്‍ അവബോധം നല്‍കണമെന്നുമാണ് മോദി നിര്‍ദേശിച്ചത്.പശ്ചിമ ബംഗാള്‍, ഒഡീഷ, ജാര്‍ഖണ്ഡ്, എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള എന്‍ഡിഎ എംപിമാരുടെ യോഗത്തിലാണ് മോദി മുസ്ലീം സ്ത്രീകളുടെ കാര്യം പ്രത്യേകം എടുത്ത് പറഞ്ഞത്. തിങ്കളാഴ്ച്ച രാത്രിയായിരുന്നു യോഗം നടന്നത്.

സമൂഹത്തിന്റെ വിവിധ വിഭാഗങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തികള്‍ പ്രധാനമന്ത്രിയും, മുതിര്‍ന്ന ബിജെപി നേതാക്കളും എടുത്ത് പറഞ്ഞു. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപി എല്ലാ വിഭാഗങ്ങളുടെയും പിന്തുണ നേടാനുള്ള ശ്രമത്തിലാണ്. അതാണ് മുസ്ലീങ്ങളുടെ പിന്തുണ നേടിയെടുക്കണമെന്ന് പ്രധാനമന്ത്രി പ്രത്യേകം പറയാനുള്ള കാരണം.
യോഗത്തില്‍ ചില എംപിമാര്‍ സമൂഹത്തിലെ എല്ലാ വിഭാഗം ആള്‍ക്കാരുമായി പാര്‍ട്ടിയെ ബന്ധിപ്പിക്കേണ്ട കാര്യത്തെ കുറിച്ച് സംസാരിച്ചു. മുത്തലാഖ് നിരോധിക്കാനുള്ള തീരുമാനം മുസ്ലീം സ്ത്രീകള്‍ക്ക് ഗുണകരമായെന്ന് മോദി പറഞ്ഞതായി എംപിമാര്‍ പറഞ്ഞു. രക്ഷാബന്ധന്റെ സമയത്ത് മുസ്ലീം വിഭാഗത്തിലെ സ്ത്രീകള്‍ക്കായി പരിപാടികള്‍ സംഘടിപ്പിക്കണമെന്നും, അവരെ പാര്‍ട്ടിയുടെ മുത്തലാഖ് പോലുള്ള ന്യൂനപക്ഷ അനുകൂല കാര്യങ്ങളെ കുറിച്ച് ബോധിപ്പിക്കണമെന്നും മോദി ആവശ്യപ്പെട്ടു. ഓഗസ്റ്റ് മുപ്പതിനാണ് രക്ഷാബന്ധന്‍ ദിനം ആഘോഷിക്കുന്നത്.
നേരത്തെ തന്നെ ബിജെപി എംപിമാരോട് മുസ്ലീം വിഭാഗത്തെ കൂടെ നിര്‍ത്താനുള്ള കാര്യങ്ങള്‍ മണ്ഡലത്തില്‍ നടപ്പാക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.അതേസമയം ഇന്ത്യ പ്രതിപക്ഷ സഖ്യത്തെ കുറിച്ചും മോദി പരാമര്‍ശങ്ങള്‍ നടത്തി. യുപിഎ എന്നത് അഴിമതിയില്‍ മുങ്ങി കുളിച്ച സഖ്യമായിരുന്നു. ഇപ്പോള്‍ അവരെല്ലാം കൂടി പുതിയൊരു സഖ്യം ആരംഭിച്ചിരിക്കുകയാണ്. പഴയ സഖ്യം പരാജയപ്പെട്ടത് കൊണ്ടാണിത്. ജനങ്ങളെ അതിനെ ഒരിക്കലും അംഗീകരിക്കില്ല.
എന്‍ഡിഎ സഖ്യം സമൂഹത്തിന് വേണ്ടിയും, രാജ്യത്തിന് വേണ്ടിയുമാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് ജനങ്ങളുടെ ആശീര്‍വാദം നമുക്ക് ലഭിക്കുന്നുണ്ട്. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള പോസിറ്റീവായ സന്ദേശമാണ് ജനങ്ങളിലേക്ക് എംപിമാര്‍ എത്തിക്കേണ്ടത്. പേരുമാറ്റിയത് കൊണ്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് അവരുടെ പാപങ്ങള്‍ കഴുകി കളയാനാവില്ലെന്നും മോദി എംപിമാരോട് പറഞ്ഞു.












Click it and Unblock the Notifications