ഈജിപ്തുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ ഇന്ത്യ; സുപ്രധാന കരാറില്‍ ഒപ്പുവച്ചു
കെയ്‌റോ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍-സിസിയുമായി കൂടിക്കാഴ്ച നടത്തി. ചര്‍ച്ചയില്‍ ഉഭയകക്ഷി ബന്ധം തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള കരാറില്‍ ഇരുവരും ഒപ്പുവച്ചു. വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, പുനരുപയോഗ ഊര്‍ജം എന്നിവ ഉള്‍പ്പെടെ ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം കൂടുതല്‍ ആഴത്തിലാക്കുന്നതിനുള്ള നടപടികളെ കുറിച്ച് കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു.
പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചയെ കുറിച്ച് വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് അരിന്ദം ബാഗ്ചി ട്വീറ്റ് ചെയ്തു. 'പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഈജിപ്ത് പ്രസിഡന്റ് ഒരു കൂടിക്കാഴ്ച നടത്തി, വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, എന്നിവ ഉള്‍പ്പെടെ ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം കൂടുതല്‍ ശക്തമാക്കുന്നതിനുള്ള നടപടികൾ നേതാക്കള്‍ ചര്‍ച്ച ചെയ്തു'.ഇതുകൂടാതെ കൃഷി, പുരാവസ്തു എന്നീ മേഖലകളിലെ മൂന്ന് ധാരണാപത്രങ്ങളും ഒപ്പുവച്ചു.

കൂടിക്കാഴ്ചയ്ക്കിടെ, ഈജിപ്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് ദ നൈല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൈമാറി. നരേന്ദ്രമോദിക്ക് പരമോന്നത ബഹുമതി നല്‍കുന്ന പതിമൂന്നാമത്തെ രാജ്യമാണ് ഈജിപ്ത്. ഈജിപ്തിലെത്തിയ മോദി ഇന്ന് ചരിത്രപ്രസിദ്ധമായ അല്‍-ഹക്കിം പള്ളിയും കെയ്റോയിലെ ഹീലിയോപോളിസ് കോമണ്‍വെല്‍ത്ത് യുദ്ധ സെമിത്തേരിയും സന്ദര്‍ശിച്ചു.












Click it and Unblock the Notifications