സുരേഷ് ഗോപിയുടെ വിജയം രക്തസാക്ഷികള്‍ക്ക് സമർപ്പിച്ച് മോദി: ഇന്ത്യാ സഖ്യത്തിനും വിമർശനം
ഡല്‍ഹി: കേരളത്തിലെ വിജയം പാർട്ടിയുടെ രക്തസാക്ഷികള്‍ക്ക് സമർപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയില്‍ നടന്ന എന്‍ ഡി എ യോഗത്തിലായിരുന്നു കേരളത്തിലെ വിജയം പ്രധാനമന്ത്രി എടുത്ത് പറഞ്ഞത്. ഭരിക്കുന്നത് യു ഡി എഫ് ആയാലും എൽ ഡി എഫ് ആയാലും ബി ജെ പി പ്രവർത്തകർ നേരിടേണ്ടി വന്നത് വലിയ ക്രൂരതകളാണ്. ജമ്മുകശ്മീരിൽ പോലും ബി ജെ പിക്ക് ഇത്രയും രക്തസാക്ഷികളുണ്ടാകില്ല. അവിടെനിന്ന് ഒരാളെ ഇത്തവണ നമുക്ക് എംപിയായി കിട്ടിയെന്നും മോദി പറഞ്ഞു.
യോഗത്തില്‍ ഇന്ത്യ സഖ്യത്തിനെതിരെ രൂക്ഷമായ ഭാഷയിലുള്ള വിമർശനവും പ്രധാനമന്ത്രി ഉയർത്തി. പ്രതിപക്ഷ സഖ്യം കള്ളം പ്രചരിപ്പിക്കുകയാണ്. കപടവാഗ്ധാനങ്ങളാണ് ജനങ്ങള്‍ക്ക് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇവിഎമ്മുകളെക്കുറിച്ചുള്ള പ്രതിപക്ഷത്തിൻ്റെ ആരോപണങ്ങള്‍ക്ക് ജൂൺ നാലോടെ വിരാമമായി. ഇവിഎമ്മുകളെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും ചോദ്യം ചെയ്യുന്നവരെ ഫലത്തിന് ശേഷം നിശബ്ദരാക്കിയത് ഇന്ത്യയുടെ ജനാധിപത്യത്തിൻ്റെ ശക്തിയാണ്. ഇനിയൊരു 10 വർഷമെടുത്താലും കോണ്‍ഗ്രസിന് 100 സീറ്റ് തികയ്ക്കാന്‍ സാധിക്കില്ല.

2024ലെ ലോക്‌സഭാ ഫലങ്ങൾ എൻഡിഎയുടെ മഹത്തായ വിജയമായാണ് ഞാൻ കാണുന്നത്, എന്നാൽ പ്രതിപക്ഷം ഞങ്ങളുടെ വിജയത്തെ തള്ളിക്കളയാൻ ശ്രമിച്ചു. തിരഞ്ഞെടുപ്പ് ഫലം നമ്മുടെ നഷ്ടമായി ചിത്രീകരിക്കാൻ പ്രതിപക്ഷം ശ്രമിച്ചു, പക്ഷേ നമ്മള്‍ ഒരിക്കലും തോറ്റിട്ടില്ലെന്ന് നമ്മുടെ രാജ്യത്തെ ജനങ്ങൾക്ക് അറിയാം. അടുത്ത 10 വർഷത്തിനുള്ളിൽ എൻ ഡി എ സർക്കാർ നല്ല ഭരണം, വികസനം, സാധാരണ പൗരന്മാരുടെ ജീവിതത്തിൽ ഏറ്റവും കുറഞ്ഞ ഇടപെടൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
" എന്‍ ഡി എ എന്നാൽ പുതിയ ഇന്ത്യ, വികസിത ഇന്ത്യ, അഭിലാഷ ഇന്ത്യ." എന്നാണെന്നും മോദി വ്യക്തമാക്കി. എൻ ഡി എ ഏകദേശം 3 പതിറ്റാണ്ട് പൂർത്തിയാക്കി, ഇത് സാധാരണ കാര്യമല്ല. ഏറ്റവും വിജയകരമായ സഖ്യമാണിതെന്ന് എനിക്ക് പറയാൻ കഴിയും. പരസ്പര വിശ്വാസമാണ് ഈ സഖ്യത്തിൻ്റെ കാതൽ. "നമ്മുടെ രാജ്യത്ത് ഗോത്രവർഗ സഹോദരങ്ങളുടെ എണ്ണം നിർണായകമായി കൂടുതലുള്ള 10 സംസ്ഥാനങ്ങളുണ്ട്, ഈ 10 സംസ്ഥാനങ്ങളിൽ 7 എണ്ണത്തിലും എൻ ഡി എ ഭരിക്കുന്നു. ക്രിസ്ത്യാനികൾ നിർണായകമായി കൂടുതലുള്ള ഗോവയായാലും വടക്കുകിഴക്കായാലും, എൻ ഡി എയ്ക്കൊപ്പമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
"നമ്മൾ തോൽക്കുകയോ തോൽപ്പിക്കപ്പെടുകയോ ചെയ്തിട്ടില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് അധികാരത്തിലിരുന്ന സർക്കാർ ആരായിരുന്നുവെന്ന് നിങ്ങൾക്ക് ഏതെങ്കിലും കുട്ടിയോട് ചോദിക്കാമോ? അവന്‍ പറയും എൻ ഡി എ എന്ന്. എന്നിട്ട് 2024 ന് ശേഷം ആരാണ് സർക്കാർ രൂപീകരിച്ചതെന്ന് അവനോട് ചോദിക്കൂ, അവൻ പറയും എന്‍ ഡി എ എന്ന്. നേരത്തെ ഇവിടെ ഒരു എന്‍ ഡി എ സർക്കാരുണ്ടായിരുന്നു. അത് ഇപ്പോഴും തുടരും" പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം, എന്‍ ഡി എ യോഗത്തില്‍ നരേന്ദ്ര മോദിയെ നേതാവായി തിരഞ്ഞെടുത്തു. മുതിര്‍ന്ന ബി ജെ പി നേതാവും പ്രതിരോധ മന്ത്രിയുമായ രാജ്നാഥ് സിംഗ് ആണ് മോദിയുടെ പേര് നിർദ്ദേശിച്ചത്. അമിത് ഷായും നിതിൻ ഗഡ്കരിയും രാജ്നാഥ് സിംഗിന്‍റെ നിര്‍ദേശത്തെ പിന്താങ്ങി. ഉച്ചയ്ക്ക് 12 മണിയോടെയാണ് യോഗം ആരംഭിച്ചത്. വേദിയിലെത്തിയ മോദി ഭരണഘടനയെ തൊട്ട് തൊഴുത ശേഷം ടിഡിപി നേതാവ് ചന്ദ്രബാബുവിനും ജെഡിയു നേതാവ് നിതീഷ് കുമാറിനും സമീപത്തായി ഇരുന്നു. തുടർന്നാണ് യോഗ നടപടികള്‍ ആരംഭിച്ചത്.












Click it and Unblock the Notifications