എവിടെപ്പോയാലും ആളുകള്‍ യോഗയെക്കുറിച്ച് ചോദിക്കും; യോഗ ആഗോള നന്മയുടെ ഏജന്റ്: മോദി
ശ്രീനഗർ: ലോകത്ത് യോഗ ചെയ്യുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. "ലോകത്ത് യോഗ ചെയ്യുന്ന ആളുകളുടെ എണ്ണം തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ആളുകള്‍ക്ക് യോഗയോടുള്ള താല്‍പര്യവും വർദ്ധിക്കുന്നു. ഞാൻ എവിടെ പോയാലും ആരെയൊക്കെ കണ്ടാലും അവർ എന്നോടു കൗതുകത്തോടെ യോഗയെക്കുറിച്ച് ചോദിക്കാറുണ്ട്. യോഗ ദൈനംദിന ജീവിതത്തിൻ്റെ ഭാഗമായി മാറുകയാണ്" മോദി പറഞ്ഞു.
"ആഗോള നന്മയുടെ ശക്തമായ ഏജൻ്റായിട്ടാണ് ലോകം യോഗയെ കാണുന്നത്. ഭൂതകാലത്തിൻ്റെ കെട്ടുപാടുകളില്ലാതെ വർത്തമാന നിമിഷത്തിൽ ജീവിക്കാൻ യോഗ നമ്മെ സഹായിക്കുന്നു.നമ്മൾ ഉള്ളിൽ സമാധാനമുള്ളവരായിരിക്കുമ്പോൾ, നമുക്ക് ലോകത്തിൽ മികച്ച രീതിയില്‍ സ്വാധീനം ചെലുത്താനും കഴിയും. യോഗ സമൂഹത്തിൽ നല്ല മാറ്റത്തിൻ്റെ പുതിയ വഴികൾ സൃഷ്ടിക്കുന്നു," പ്രധാനമന്ത്രി പറഞ്ഞു.

ആധികാരികമായ യോഗ പഠിക്കാൻ ആഗ്രഹിക്കുന്നതിനാലാണ് ലോകമെമ്പാടുമുള്ള ആളുകൾ ഇന്ത്യയിലേക്ക് വരുന്നത്. ലോകമെമ്പാടും യോഗ പരിശീലിക്കുന്നവരുടെ എണ്ണം വർദ്ധിച്ചുവരികയാണ്. യോഗ ശക്തിയും നല്ല ആരോഗ്യവും ക്ഷേമവും വളർത്തുന്നു. ശ്രീനഗറിൽ ഈ വർഷത്തെ പരിപാടിയിൽ ചേരാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
ദാൽ തടാകത്തിൻ്റെ തീരത്തുള്ള എസ്‌കെഐസിസിയുടെ പുൽത്തകിടിയിൽ പരിപാടി നടത്താൻ നിശ്ചയിച്ചിരുന്നെങ്കിലും നിർത്താതെ പെയ്യുന്ന മഴ കാരണം വീടിനുള്ളിലേക്ക് മാറ്റേണ്ടി വന്നു. ഏഴായിരം പേർ പങ്കെടുക്കുന്ന പരിപാടിയായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ കനത്ത മഴയുടെ പശ്ചാത്തലത്തില്‍ പരിപാടി ഹാളിനുള്ളിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ പ്രധാനമന്ത്രിക്കൊപ്പം ഏതാനും പേർ മാത്രമാണ് യോഗ ചെയ്തത്.
തിരുവനന്തപുരത്ത് സുരേഷ് ഗോപി
അന്താരാഷ്ട്ര യോഗ ദിനത്തിൻ്റെ ഭാഗമായി തിരുവനന്തപുരം കോവളം, കേരള ആര്‍ട്ട് ആന്റ് ക്രാഫ്റ്റ്‌സ് വില്ലേജിലും സമൂഹ യോഗാഭ്യാസ പരിപാടി സംഘടിപ്പിച്ചു. കേന്ദ്ര ടൂറിസം മന്ത്രാലയം സംഘടിപ്പിക്കുന്ന പരിപാടിയിൽ രാവിലെ ഏഴ് മണിക്ക് കേന്ദ്ര ടൂറിസം പെട്രോളിയം പ്രകൃതി വാതക സഹമന്ത്രി സുരേഷ് ഗോപി അധ്യക്ഷത വഹിച്ചു. ടൂറിസം മന്ത്രാലയം ദക്ഷിണ മേഖലാ ഡയറക്ടര്‍ ഡി വെങ്കടേശന്‍ ഉള്‍പ്പെടേയുള്ളവർ ചടങ്ങിൽ പങ്കെടുത്തു.
തിരഞ്ഞെടുപ്പിന് ശേഷം
അതേസമയം, രണ്ട് ദിവസത്തെ കശ്മീർ സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി കഴിഞ്ഞ ദിവസം റോഡ്, ജലവിതരണം, ഉന്നതവിദ്യാഭ്യാസരംഗത്തെ അടിസ്ഥാനസൗകര്യങ്ങൾ എന്നീ മേഖലകൾ ഉൾക്കൊള്ളുന്ന 1500 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്തിരുന്നു. 1800 കോടി രൂപയുടെ കാർഷിക-അനുബന്ധ മേഖലകളിലെ മത്സരക്ഷമത മെച്ചപ്പെടുത്തൽ പദ്ധതിയും (ജെകെസിഐപി) അദ്ദേഹം ഉദ്ഘാടനം ചെയ്തു.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ജമ്മു കശ്മീരിലെ ജനങ്ങളുമായുള്ള പ്രധാനമന്ത്രിയുടെ ആദ്യ കൂടിക്കാഴ്ചയാണിത്. ജി 7 ഉച്ചകോടിക്കായി അടുത്തിടെ ഇറ്റലി സന്ദർശിച്ച പ്രധാനമന്ത്രി, ഇന്ത്യയോടുള്ള ലോകത്തിന്റെ കാഴ്ചപ്പാടിൽ മാറ്റം വരുത്തിയതിനാൽ തുടർച്ചയായി മൂന്നാം തവണയും വന്ന ഗവണ്മെന്റിന്റെ സ്വാധീനം എടുത്തുപറഞ്ഞു. ഇന്ത്യക്കാരുടെ എക്കാലത്തെയും ഉയർന്ന അഭിലാഷങ്ങളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തിയെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications