സുദര്‍ശന്‍ സേതു ഉദ്ഘാടനം ചെയ്ത് മോദി; ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കേബിള്‍ സ്റ്റേ പാലം
അഹമ്മദാബാദ്: ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കേബിള്‍ സ്റ്റേ പാലം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ ദ്വാരകയില്‍ ആണ് സുദര്‍ശന്‍ സേതു എന്ന് അറിയപ്പെടുന്ന പാലം സ്ഥിതി ചെയ്യുന്നത്. ഓഖയെയും ബെയ്റ്റ് ദ്വാരക ദ്വീപിനെയും ബന്ധിപ്പിക്കുന്ന സുദര്‍ശന്‍ സേതു 979 കോടി രൂപ ചെലവിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. 2017 ഒക്ടോബറില്‍ ആണ് 2.3 കിലോമീറ്റര്‍ നീളമുള്ള പാലത്തിന്റെ തറക്കല്ലിട്ടത്.
പഴയ ദ്വാരകയേയും പുതിയ ദ്വാരകയേയും ബന്ധിപ്പിക്കുന്ന ഒരു കണ്ണിയായി പാലം പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. നാലുവരിപ്പാതയുള്ള 27.20 മീറ്റര്‍ വീതിയുള്ള പാലത്തിന് ഇരുവശങ്ങളിലും 2.50 മീറ്റര്‍ വീതിയുള്ള നടപ്പാതകളാണുള്ളത്. ഭഗവദ് ഗീതയിലെ ശ്ലോകങ്ങളാല്‍ അലങ്കരിച്ച ഒരു കാല്‍പ്പാതയും ഇരുവശങ്ങളിലും ശ്രീകൃഷ്ണന്റെ ചിത്രങ്ങളും ഉള്‍ക്കൊള്ളുന്ന സവിശേഷമായ രൂപകല്‍പ്പനയാണ് സുദര്‍ശന്‍ സേതുവിന്റെ ആകര്‍ഷണം.

'സിഗ്‌നേച്ചര്‍ ബ്രിഡ്ജ്' എന്ന് അറിയപ്പെട്ടിരുന്ന പാലമാണ് ഇത്. ശ്രീകൃഷ്ണന്റെ പ്രശസ്തമായ ദ്വാരകാധീഷ് ക്ഷേത്രം സ്ഥിതി ചെയ്യുന്ന ദ്വാരക പട്ടണത്തില്‍ നിന്ന് ഏകദേശം 30 കിലോമീറ്റര്‍ അകലെയുള്ള ഓഖ തുറമുഖത്തിനടുത്തുള്ള ഒരു ദ്വീപാണ് ബെയ്റ്റ് ദ്വാരക. സുദര്‍ശന്‍ സേതു ഓഖയ്ക്കും ബെറ്റ് ദ്വാരകയ്ക്കും ഇടയില്‍ യാത്ര ചെയ്യുന്ന ഭക്തര്‍ക്ക് പ്രവേശനം എളുപ്പമാക്കും.
പാലം നിര്‍മിക്കുന്നതിന് മുന്‍പ് ദ്വാരകയിലെ ബെയ്റ്റിലുള്ള ദ്വാരകാധീഷ് ക്ഷേത്രത്തിലെത്താന്‍ തീര്‍ത്ഥാടകര്‍ക്ക് ബോട്ട് ഗതാഗതത്തെ ആശ്രയിക്കേണ്ടി വന്നിരുന്നു. ഉദ്ഘാടനത്തിന് ശേഷം പ്രധാനമന്ത്രി ദ്വാരകാധീഷ് ക്ഷേത്രത്തില്‍ എത്തി പ്രാര്‍ത്ഥന നടത്തും. ഇതിന് പിന്നാലെ പ്രധാനമന്ത്രി ജാംനഗര്‍, ദേവഭൂമി ദ്വാരക, പോര്‍ബന്തര്‍ ജില്ലകളിലെ 533 കിലോമീറ്റര്‍ റെയില്‍വേ ലൈനിന്റെ വൈദ്യുതീകരണവും പെട്രോളിയം മന്ത്രാലയത്തിനു കീഴിലുള്ള രണ്ട് ഓഫ്ഷോര്‍ പൈപ്പ് ലൈനുകളുടെ ഉദ്ഘാടനവും ഉള്‍പ്പെടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിക്കും.
അതേസമയം ഗുജറാത്തിലെ ആദ്യത്തെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസും (എയിംസ്) ഇന്ന് മോദി ഉദ്ഘാടനം ചെയ്യും. രാജ്‌കോട്ടില്‍ ഉച്ച കഴിഞ്ഞാണ് ഉദ്ഘാടനം ചടങ്ങുകള്‍. രാജ്കോട്ട് എയിംസിന് പുറമെ ആന്ധ്രാപ്രദേശ്, പഞ്ചാബ്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ പുതുതായി നിര്‍മ്മിച്ച മറ്റ് നാല് എയിംസുകളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
രാജ്കോട്ടിലേത് ഉള്‍പ്പെടെ അഞ്ച് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ 6,300 കോടി രൂപ ചെലവിലാണ് കേന്ദ്രം നിര്‍മ്മിച്ചത്. ഇന്ന് വൈകുന്നേരം നഗരത്തില്‍ നടക്കുന്ന മെഗാ റോഡ്ഷോയിലും പ്രധാനമന്ത്രി പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.












Click it and Unblock the Notifications