ബംഗാളിലെ കലാപങ്ങള്‍ക്ക് കാരണം മമതയും അവരുടെ പ്രീണനവും; കടന്നാക്രമിച്ച് മോദി
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ സര്‍ക്കാരിനേയും മുഖ്യമന്ത്രി മമതാ ബാനര്‍ജിയേയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുര്‍ഷിദാബാദിലും മാള്‍ഡയിലും അടുത്തിടെയുണ്ടായ അക്രമങ്ങള്‍ക്ക് കാരണം സംസ്ഥാന സര്‍ക്കാര്‍ ആണ് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രീണനത്തിന്റെ പേരില്‍ ഗുണ്ടകള്‍ക്ക് സ്വാതന്ത്ര്യം നല്‍കിയെന്നും പൊലീസിനെ വെറും കാഴ്ചക്കാരാക്കി മാറ്റിയെന്നും മോദി ആരോപിച്ചു.
'മുര്‍ഷിദാബാദിലും മാള്‍ഡയിലും സംഭവിച്ചതെല്ലാം ഇവിടുത്തെ സര്‍ക്കാരിന്റെ ക്രൂരതയ്ക്ക് ഉദാഹരണമാണ്. പ്രീണനത്തിന്റെ പേരില്‍ ഗുണ്ടായിസത്തിന് സ്വാതന്ത്ര്യം നല്‍കി. സര്‍ക്കാരിനെ നിയന്ത്രിക്കുന്ന പാര്‍ട്ടിയുടെ ആളുകള്‍ വീടുകള്‍ കത്തിക്കുകയും പൊലീസ് വെറും കാഴ്ചക്കാരായി പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ഭയാനകമായ സാഹചര്യം സങ്കല്‍പ്പിക്കുക,' മോദി പറഞ്ഞു.

പശ്ചിമ ബംഗാളിലെ അലിപുര്‍ദുവാറില്‍ ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇങ്ങനെയാണോ ഒരു സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടത് എന്ന് ബംഗാളിലെ പാവപ്പെട്ട ജനങ്ങളോട് താന്‍ ചോദിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബംഗാളിലെ എല്ലാ വിഷയങ്ങളിലും കോടതി ഇടപെടണം എന്നും അല്ലെങ്കില്‍ ഒന്നും പരിഹരിക്കപ്പെടില്ല മോദി കുറ്റപ്പെടുത്തി.
പശ്ചിമ ബംഗാള്‍ സംസ്ഥാനം ഒരേസമയം നിരവധി പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു, അതില്‍ അരാജകത്വവും തൊഴിലില്ലായ്മയും ഉള്‍പ്പെടുന്നു. 'ഇന്ന്, പശ്ചിമ ബംഗാള്‍ ഒരേസമയം നിരവധി പ്രതിസന്ധികളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. ഒന്നാമത്തേത് സമൂഹത്തില്‍ പടരുന്ന അക്രമത്തിന്റെയും അരാജകത്വത്തിന്റെയും പ്രതിസന്ധിയാണ്. രണ്ടാമത്തേത് ഹീനമായ കുറ്റകൃത്യങ്ങള്‍ക്ക് വിധേയരാകുന്ന നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും സുരക്ഷിതത്വമില്ലായ്മയാണ്,' മോദി പറഞ്ഞു.
മൂന്നാമത്തെ പ്രതിസന്ധി യുവാക്കള്‍ക്കിടയില്‍ വ്യാപിക്കുന്ന അങ്ങേയറ്റത്തെ നിരാശയും വ്യാപകമായ തൊഴിലില്ലായ്മയുമാണ്. നാലാമത്തെ പ്രതിസന്ധി വ്യവസ്ഥയിലുള്ള വിശ്വാസം നിരന്തരം കുറയുന്നതാണ്. അഞ്ചാമത്തെ പ്രതിസന്ധി ദരിദ്രരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന ഭരണകക്ഷിയുടെ സ്വാര്‍ത്ഥ രാഷ്ട്രീയമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏപ്രില്‍ 11 ന് വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ മുര്‍ഷിദാബാദില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടിരുന്നു.
ഇതിന്റെ പശ്ചാത്തലത്തില്‍ ആണ് മോദിയുടെ പ്രതികരണം. അന്നത്തെ പ്രതിഷേധങ്ങള്‍ അക്രമാസക്തമായി. മൂന്ന് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും വ്യാപകമായ സ്വത്ത് നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തിരുന്നു. പ്രതിഷേധം പിന്നീട് മാള്‍ഡ, സൗത്ത് 24 പര്‍ഗാനാസ്, ഹൂഗ്ലി എന്നിവയുള്‍പ്പെടെ മറ്റ് ജില്ലകളിലേക്കും വ്യാപിച്ചു. അതേസമയം ഈ കലാപം ആസൂത്രിതമായിരുന്നു എന്നും സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വേണ്ടിയുള്ളതായിരുന്നു എന്നുമായിരുന്നു മമതയുടെ പ്രതികരണം.












Click it and Unblock the Notifications