പ്രതിപക്ഷത്തിന്റേത് 'പെൺഭ്രൂണഹത്യ'; വനിതാ ബിൽ പരാജയപ്പെട്ടതിൽ ആഞ്ഞടിച്ച് പ്രധാനമന്ത്രി
ലോക്‌സഭയിൽ വനിതാ സംവരണം ബിൽ പരാജയപ്പെട്ടതിന് പിന്നാലെ പ്രതിപക്ഷ കക്ഷികൾക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണഘടനാ ഭേദഗതിക്ക് ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്ന് ബിൽ തള്ളപ്പെട്ട സാഹചര്യത്തിൽ പ്രതിപക്ഷത്തിന്റെ നീക്കത്തെ 'പെൺഭ്രൂണഹത്യ'യോടാണ് പ്രധാനമന്ത്രി ഉപമിച്ചത്. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ഡിഎംകെ തുടങ്ങിയ പാർട്ടികൾ രാജ്യത്തെ സ്ത്രീകളുടെ ഭാവി തകർക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രിയുടെ വിമർശനം.
വോട്ടെടുപ്പിൽ ബില്ലിനെ അനുകൂലിച്ച് 298 പേരും എതിർത്ത് 230 പേരും വോട്ട് രേഖപ്പെടുത്തി. ബിൽ പാസാകാൻ 352 പേരുടെ പിന്തുണ ആവശ്യമായിരുന്നു. കോൺഗ്രസും മറ്റ് പ്രാദേശിക കക്ഷികളും ബില്ലിനെതിരെ നിലകൊണ്ടതിലൂടെ അവർ തങ്ങളുടെ സ്ത്രീവിരുദ്ധ നിലപാട് പരസ്യമാക്കിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒരു പ്രധാന ചരിത്ര മുഹൂർത്തത്തെ പ്രതിപക്ഷം വഞ്ചനയിലൂടെ അട്ടിമറിച്ചുവെന്നും, സ്ത്രീ ശാക്തീകരണത്തെ ഭയപ്പെടുന്നവരാണ് ഇത്തരത്തിൽ പെരുമാറുന്നതെന്നും അദ്ദേഹം ആരോപിച്ചു.

സ്ത്രീകളുടെ അവകാശങ്ങൾക്കായി തന്റെ സർക്കാർ ആത്മാർത്ഥമായി പരിശ്രമിക്കുമ്പോൾ പ്രതിപക്ഷം അതിനെ രാഷ്ട്രീയ പകപോക്കലിന് ഉപയോഗിക്കുകയാണെന്ന് മോദി പറഞ്ഞു. സങ്കുചിത രാഷ്ട്രീയ ലാഭത്തിന് വേണ്ടി രാജ്യത്തെ കോടിക്കണക്കിന് സ്ത്രീകളുടെ സ്വപ്നങ്ങളാണ് ഇവർ തകർത്തത്. കോൺഗ്രസ്, തൃണമൂൽ, ഡിഎംകെ തുടങ്ങിയ പ്രതിപക്ഷ പാർട്ടികളുടെ കുടുംബാധിപത്യത്തിന് വേണ്ടിയാണ് ബില്ലിനെ പരാജയപ്പെടുത്തിയത്. പ്രതിപക്ഷത്തിന്റെ ഈ പാപം രാജ്യം മറക്കില്ലെന്നും ഇതിന് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ഇന്ത്യൻ വനിതകൾ വോട്ടിലൂടെ കൃത്യമായ മറുപടി നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ബിൽ പരാജയപ്പെട്ട സാഹചര്യത്തിൽ കേന്ദ്രമന്ത്രിസഭാ യോഗം ചേർന്ന് പ്രധാനമന്ത്രി സ്ഥിതിഗതികൾ വിലയിരുത്തി. തുടർന്നാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. സ്ത്രീകളുടെ രാഷ്ട്രീയ പ്രാതിനിധ്യം ഉറപ്പാക്കാൻ ഏതറ്റം വരെയും പോകുമെന്നും, ഈ പരാജയം കൊണ്ട് പോരാട്ടം അവസാനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ വഞ്ചനയ്ക്കെതിരെ രാജ്യവ്യാപകമായി ജനങ്ങളെ ബോധവൽക്കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭരണഘടനയുടെ അന്തസ്സും സ്ത്രീകളുടെ അവകാശങ്ങളും സംരക്ഷിക്കാൻ ബിജെപി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി ഉറപ്പുനൽകി.












Click it and Unblock the Notifications