എന്തെങ്കിലും പുതിയ പ്രഖ്യാപനം? പ്രധാനമന്ത്രി മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകുന്നേരം 5 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. അഭിസംബോധനയുടെ ഉദ്ദേശ്യം ഇതുവരെ വ്യക്തമല്ല. ജിഎസ്ടി കൗണ്‍സില്‍ തീരുമാന പ്രകാരം ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ നേരത്തെ പ്രഖ്യാപിച്ച ജിഎസ്ടി നിരക്ക് കുറയ്ക്കല്‍ പ്രാബല്യത്തില്‍ വരുന്നതിന് ഒരു ദിവസം മുമ്പാണ് അദ്ദേഹത്തിന്റെ അഭിസംബോധന എന്നതും ശ്രദ്ധേയമാണ്.
നിരവധി ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെ വില കുറയ്ക്കുന്നതിന് കാരണമാകുന്ന പുതിയ ജിഎസ്ടി നിരക്കുകള്‍ സെപ്റ്റംബര്‍ 22 തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. എച്ച് 1 ബി വിസ ഉടമകള്‍ക്കെതിരായ യുഎസ് നടപടിയുടെ കൂടെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. ട്രംപ് ഭരണകൂടത്തിന്റെ നീക്കം യുഎസില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ ടെക്കികളില്‍ വലിയൊരു വിഭാഗത്തെ ബാധിക്കും.

അതിനാല്‍ രാജ്യത്തെ സംബന്ധിച്ച് ഇതും ഒരു വലിയ വിഷയമാണ്. 2014ല്‍ അധികാരം ഏറ്റെടുത്തതിനുശേഷം, പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് കൊണ്ടാണ് പ്രധാന സര്‍ക്കാര്‍ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചു. 2016 നവംബര്‍ 8-ന് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യുകയും 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കല്‍ പ്രഖ്യാപിക്കുകയും ചെയ്തു.
2019 മാര്‍ച്ച് 12-ന് പുല്‍വാമ ഭീകരാക്രമണത്തെത്തുടര്‍ന്ന് ആരംഭിച്ച ബാലകോട്ട് വ്യോമാക്രമണം പ്രധാനമന്ത്രി പ്രഖ്യാപിച്ചതും ഇത്തരം ഒരു അഭിസംബോധനയിലായിരുന്നു. കൊവിഡ് മഹാമാരി നിയന്ത്രിക്കുന്നതിനായി മൂന്നാഴ്ചത്തെ രാജ്യവ്യാപക ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ 2020 മാര്‍ച്ച് 24-ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നു. ലോക്ക്ഡൗണ്‍ നീട്ടുന്നതായി പ്രഖ്യാപിക്കാന്‍ 2020 ഏപ്രില്‍ 14-ന് അദ്ദേഹം വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്തു.
മെയ് മാസത്തില്‍, ലോക്ക്ഡൗണ്‍ ലഘൂകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി അദ്ദേഹം രാജ്യത്തോട് പറഞ്ഞു. പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് ശേഷമുള്ള ഇന്ത്യയുടെ പ്രത്യാക്രമണമായ ഓപ്പറേഷന്‍ സിന്ദൂരിനെക്കുറിച്ച് ജനങ്ങളെ അറിയിച്ചപ്പോഴാണ് പ്രധാനമന്ത്രി അവസാനമായി രാജ്യത്തെ അഭിസംബോധന ചെയ്തത്, 2025 മെയ് 12 ന് ആയിരുന്നു അത്.












Click it and Unblock the Notifications