'2000 രൂപ നോട്ട് മോദിക്ക് ഇഷ്ടമല്ലായിരുന്നു..'; മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍
ന്യൂദല്‍ഹി: 2000 രൂപ നോട്ട് പുറത്തിറക്കിയതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അതൃപ്തി ഉണ്ടായിരുന്നു എന്ന് വെളിപ്പെടുത്തല്‍. 2016 ലെ നോട്ടുനിരോധന സമയത്ത് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന നൃപേന്ദ്ര മിശ്രയുടേതാണ് പുതിയ വെളിപ്പെടുത്തല്‍. ദൈനംദിന ഇടപാടുകള്‍ക്ക് അനുയോജ്യമല്ലാത്തതിനാല്‍ 2000 രൂപ നോട്ടുകള്‍ അവതരിപ്പിക്കുന്നതിനെ മോദി ഒരിക്കലും അനുകൂലിച്ചിരുന്നില്ല എന്ന് നൃപേന്ദ്ര മിശ്ര അവകാശപ്പെട്ടു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് റിസര്‍വ് ബാങ്ക് രാജ്യത്തെ 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുകയാണ് എന്ന് അറിയിച്ചത്. 2000 രൂപാ നോട്ടുകള്‍ കൈവശം ഉള്ളവര്‍ക്ക് സെപ്തംബര്‍ 30 വരെ ഇത് മാറ്റാനുള്ള സാവകാശവും നല്‍കിയിട്ടുണ്ട്. അതേസമയം നൃപേന്ദ്ര മിശ്രയുടെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് രംഗത്തെത്തി. ഇനി ഉപദേശകരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് നോട്ടുനിരോധനം നടത്തിയതെന്ന് മോദി പറയും എന്ന് ജയ്‌റാം രമേശ് പറഞ്ഞു.

2016 ല്‍ 500, 1000 നോട്ടുകള്‍ നിരോധിച്ചതിന് പിന്നാലെയാണ് 2000 രൂപ നോട്ടുകള്‍ പ്രചാരത്തില്‍ എത്തിയത്. എന്നാല്‍ 2018-19 സാമ്പത്തിക വര്‍ഷത്തില്‍ തന്നെ 2000 രൂപ നോട്ടുകളുടെ അച്ചടി റിസര്‍വ് ബാങ്ക് നിര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നത്. ഇതിന് എതിരെ വലിയ വിമര്‍ശനമാണ് കേന്ദ്ര സര്‍ക്കാരിന് എതിരെ പ്രതിപക്ഷം ഉയര്‍ത്തുന്നത്.
എന്നാല്‍ സാധാരണക്കാരുടെ പക്കല്‍ 2000 രൂപ നോട്ടുകള്‍ ഇല്ലാത്തതിനാല്‍ നോട്ടുനിരോധനം പോലെ ഇതിനെ കാണേണ്ടതില്ല എന്നാണ് ബി ജെ പി നേതാക്കളുടെ ന്യായീകരണം. റിസര്‍വ് ബാങ്കിന്റെ നീക്കത്തെ ബി ജെ പി നേതാക്കള്‍ പിന്തുണക്കുകയും ചെയ്തു. അടുത്തിടെ നടത്തിയ എല്ലാ റെയ്ഡുകളിലും 2000 രൂപ നോട്ടുകള്‍ ആണ് കണ്ടെത്തിയത് എന്നും അതിനാല്‍ പൂഴ്ത്തിവെപ്പുകാരാണ് ഈ നടപടിയില്‍ പേടിക്കേണ്ടത് എന്നും ബി ജെ പി വൃത്തങ്ങള്‍ പറഞ്ഞു.
റിസര്‍വ് ബാങ്കിന്റെ ക്ലീന്‍ നോട്ട് പോളിസിയുടെ ഭാഗമായാണ് 2000 രൂപ മൂല്യമുള്ള നോട്ടുകള്‍ പ്രചാരത്തില്‍ നിന്ന് പിന്‍വലിചച്ചത്. നിലവില്‍ പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകളില്‍ 89 ശതമാനവും 2017 മാര്‍ച്ചിന് മുമ്പ് അച്ചടിച്ചവയാണ് എന്നാണ് റിസര്‍് ബാങ്ക് വൃത്തങ്ങള്‍ പറയുന്നത്. നോട്ടുനിരോധന കാലത്ത് 2000 രൂപ നോട്ടുകള്‍ ഇറക്കിയതിന്റെ ഉദ്ദേശ്യം മറ്റ് മൂല്യങ്ങളുള്ള നോട്ടുകള്‍ ലഭ്യമായതോടെ പൂര്‍ണമായി എന്നാണ് റിസര്‍വ് ബാങ്ക് പറയുന്നത്.
അതേസമയം 2000 രൂപയുടെ കറന്‍സി നോട്ട് സെപ്റ്റംബര്‍ 30ന് ശേഷവും നിയമപരമായി നിലനില്‍ക്കും എന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ജനങ്ങള്‍ക്ക് ബാങ്കുകളില്‍ നോട്ടുകള്‍ മാറാന്‍ 4 മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. നോട്ട് പിന്‍വലിക്കല്‍ സ്ഥിരമായി നടക്കുന്ന നടപടി ക്രമങ്ങളാണ് എന്നും ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നുമാണ് ആര്‍ ബി ഐ പറയുന്നത്.












Click it and Unblock the Notifications