ഒരു വർഷം നീണ്ട ശിവഗിരി തീർത്ഥാടന ആഘോഷങ്ങൾക്ക് തുടക്കം; ആഗോളതല ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും
കൊച്ചി: ശിവഗിരി തീർത്ഥാടനത്തിന്റെ 90-ാം വാർഷികാഘോഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. ബ്രഹ്മ വിദ്യാലയ സുവർണ ജൂബിലി ആഘോഷങ്ങൾക്കും ഇതോടെ തുടക്കമാകും. ദേശീയ അന്തർ ദേശീയ തലത്തിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികൾക്കാണ് പ്രധാനമന്ത്രിയുടെ ഉദ്ഘാടനത്തോടെ തുടക്കം കുറിക്കുന്നത്.
ന്യൂ ഡൽഹിയിലെ പ്രധാന മന്ത്രിയുടെ വസതിയിൽ ആണ് ഉദ്ഘാടനം ചടങ്ങുകൾ നടക്കുന്നത്. ചടങ്ങിൽ പ്രധാനമന്ത്രി ദീപം തെളിച്ച് ഒരു വർഷം നീണ്ട് നിൽക്കുന്ന ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. ഇതിന് പുറമെ പ്രസംഗം നടത്തുകയും നവതി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം നിർവഹിക്കുകയും ചെയ്യും.

നവതി ആഘോഷ കമ്മിറ്റി സെക്രട്ടറി സ്വാമി ഗുരു പ്രസാദിന്റെ പ്രാർത്ഥനയോടെ പരിപാടികൾ ആരംഭിക്കും. ചടങ്ങിൽ ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിക്കും. ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതം ഭരാനന്ദ പ്രധാന മന്ത്രിയെ ആദരിക്കും. വിദേശ കാര്യ സഹമന്ത്രി വി മുരളീധരൻ, നൈപുണ്യ വികസന സഹമന്ത്രി രാജീവ് ചന്ദ്രശേഖർ, ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ, ബ്രഹ്മ വിദ്യാലയ സുവർണ ജൂബിലി ആഘോഷ കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ, എസ് എൻ ഡി പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
ശിവഗിരി തീർത്ഥാടനത്തിന്റെ 90-ാം വാർഷികത്തോട് അനുബന്ധിച്ച് അടുത്ത ഒരു വർഷത്തിനുള്ളിൽ വിവിധ രാജ്യങ്ങളിലും സംസ്ഥാനങ്ങളിലും സെമിനാറുകളും സമ്മേളനങ്ങളും സംഘടിപ്പിക്കും. ഇതിന് പുറമെ വരുന്ന ഏപ്രിൽ 30 - ന് ബ്രിട്ടനിലെ ഗ്രേറ്റ് ലണ്ടനിൽ ശിവഗിരി ആശ്രമ കേന്ദ്രത്തിന്റെ തറക്കല്ലിടൽ ചടങ്ങ് നടക്കും. അതേസമയം, ബഹ്‌റൈനിലെ ആഘോഷങ്ങൾ മെയ് ആറിന് നടക്കുമെന്ന് സ്വാമി ഗുരുപ്രസാദ് പറഞ്ഞു.












Click it and Unblock the Notifications