താരിഫ് വര്‍ധന, നാടുകടത്തല്‍... മോദി അമേരിക്കയിലേക്ക്; ട്രംപുമായി കൂടിക്കാഴ്ച നടത്തും
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്ക സന്ദര്‍ശിക്കാനൊരുങ്ങുന്നു. താരിഫ് വര്‍ധനയുടേയും കുടിയേറ്റക്കാരായ ഇന്ത്യാക്കാരുടെ നാടുകടത്തലിന്റേയും പശ്ചാത്തലത്തിലാണ് മോദിയുടെ സന്ദര്‍ശനം. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി മോദി കൂടിക്കാഴ്ച നടത്തും. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ട്രംപ് ആദ്യമായാണ് മോദിയുമായി കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നത്.
ഫെബ്രുവരി 12-13 തീയതികളില്‍ ആണ് മോദി അമേരിക്ക സന്ദര്‍ശിക്കുക. ട്രംപിന്റെ സ്ഥാനാരോഹണത്തിന് ശേഷം അമേരിക്ക സന്ദര്‍ശിക്കുന്ന ആദ്യത്തെ ചുരുക്കം ചില ലോക നേതാക്കളില്‍ പ്രധാനമന്ത്രി മോദിയും ഉള്‍പ്പെടുമെന്ന് സന്ദര്‍ശന വിവരം പങ്ക് വെച്ച് കൊണ്ട് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. പുതിയ ഭരണകൂടം അധികാരമേറ്റ് മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ അമേരിക്ക സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രിയെ ക്ഷണിച്ചത് ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന്റെ പ്രാധാന്യത്തെ വ്യക്തമാക്കുന്നു.

ട്രംപ് ഇതിനകം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത് കൂടാതെ ജപ്പാനിലെ ഷിഗെരു ഇഷിബയുമായി ഈ ആഴ്ച വാഷിംഗ്ടണില്‍ ചര്‍ച്ച നടത്തും. ട്രംപിന്റെ ആദ്യ ടേം തൊട്ട് മോദിയുമായി ഊഷ്മള ബന്ധമാണ് പങ്കിടുന്നത്. കഴിഞ്ഞ ആഴ്ച ഇരുനേതാക്കളും ഫോണില്‍ സംസാരിച്ചിരുന്നു. കുടിയേറ്റം, സുരക്ഷ, വ്യാപാര ബന്ധങ്ങള്‍ എന്നിവയെക്കുറിച്ച് ഇരു നേതാക്കളും ചര്‍ച്ച നടത്തിയതായി വൈറ്റ് ഹൗസ് അറിയിച്ചു.
ട്രംപിനെ തന്റെ 'പ്രിയ സുഹൃത്ത്' എന്ന് പരാമര്‍ശിച്ച മോദി ജനങ്ങളുടെ ക്ഷേമത്തിനും ആഗോള സമാധാനത്തിനും വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് പറഞ്ഞിരുന്നു. മഹാനായ നേതാവ് എന്നാണ് ട്രംപ് മോദിയെ കഴിഞ്ഞ വര്‍ഷം വിശേഷിപ്പിച്ചിരുന്നത്. 104 അനധികൃത ഇന്ത്യക്കാരെ യുഎസ് സൈനിക വിമാനത്തില്‍ നാടുകടത്തിയതിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി മോദിയുടെ സന്ദര്‍ശനത്തിന്റെ മറ്റൊരു പ്രാഥമിക ശ്രദ്ധ കുടിയേറ്റ പ്രശ്നങ്ങളായിരിക്കും.
ഈ വിഷയം പാര്‍ലമെന്റില്‍ വലിയ ബഹളത്തിലേക്ക് നയിച്ചിരുന്നു. ഇന്ത്യക്കാരെ കൈവിലങ്ങുകളാല്‍ ബന്ധിച്ച് നാടുകടത്തിയത് മനുഷ്യത്വരഹിതമായ രീതിയാണ് എന്നായിരുന്നു പ്രതിപക്ഷം പറഞ്ഞിരുന്നത്. മോദിയുടെ സന്ദര്‍ശനം യുഎസ്-ഇന്ത്യ ബന്ധം ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. വ്യാപാരം, പ്രതിരോധം, തന്ത്രപരമായ സഹകരണം എന്നിവയിലും ഇരുരാജ്യങ്ങളും ശ്രദ്ധ കേന്ദ്രീകരിക്കും.
മോദി - ട്രംപ് കൂടിക്കാഴ്ച ഇരു രാജ്യങ്ങളും തമ്മിലുള്ള ഭാവി സഹകരണത്തിന് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു. മോദിയുടെ അമേരിക്കന്‍ സന്ദര്‍ശന വേളയിലെ അജണ്ടയുടെയും പ്രധാന ഇടപെടലുകളുടെയും കൂടുതല്‍ വിശദാംശങ്ങള്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ വ്യക്തമാകും.












Click it and Unblock the Notifications