പ്രധാനമന്ത്രിക്ക് ബന്ധമുണ്ടെന്ന് പറഞ്ഞിട്ടില്ല, അദ്ദേഹം വിഡ്ഢിയാക്കപ്പെടുന്നുവെന്ന് മഹുവ മൊയിത്ര
തൃണമൂലിന്റെ നിലപാട് വ്യക്തമാണ്. സ്വതന്ത്രവും സുതാര്യവുമായ ഒരു അന്വേഷണമാണ് ഞങ്ങള്‍ക്ക് വേണ്ടത്. സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണമാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നതെന്ന് മഹുവ പറഞ്ഞു.

ദില്ലി: അദാനി വിഷയത്തില്‍ പ്രധാനമന്ത്രിയെ താന്‍ കുറ്റപ്പെടുത്തിയിട്ടില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയിത്ര. പ്രധാനമന്ത്രി ഗൗതം അദാനി വിഡ്ഢിയാക്കുകയാണ്. അദ്ദേഹം അത് മനസ്സിലാക്കുന്നില്ല. താനൊരിക്കലും ഈ അഴിമതിയിലോ, കേസിലോ പ്രധാനമന്ത്രിയും പങ്കാളിയാണെന്ന് പറഞ്ഞിട്ടില്ലെന്ന് മഹുവ വ്യക്തമാക്കി.
തന്റെ പ്രസംഗത്തില്‍ അത്തരമൊരു പരാമര്‍ശമില്ല. പ്രധാനമന്ത്രി ഈ വിഷയത്തില്‍ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണ്. അദ്ദേഹം വിഡ്ഢിയാക്കപ്പെടുകയാണെന്ന് മാത്രമാണ് താന്‍ പറഞ്ഞത്.
കാരണം അദാനി പ്രധാനമന്ത്രിക്കൊപ്പം ലോകത്തിന്റെ എല്ലായിടത്തേക്കും യാത്ര ചെയ്യുന്നയാളാണ്. തീര്‍ച്ചയായും പ്രധാനമന്ത്രിയുമായി അടുത്ത ബന്ധമുണ്ടെന്ന് പലരും ഇതിലൂടെ വിശ്വസിക്കുമെന്നും മഹുവ പറഞ്ഞു.

അദാനിക്ക് പ്രധാനമന്ത്രിയുമായി അടുപ്പമില്ലെങ്കില്‍ അദ്ദേഹം തന്നെ അക്കാര്യം നിഷേധിക്കട്ടെ. തനിക്കൊപ്പം അദ്ദേഹം യാത്ര ചെയ്തിട്ടില്ലെന്ന് പ്രധാനമന്ത്രി തന്നെ പറയട്ടെ. അദ്ദേഹവുമായി യാതൊരു ഇടപാടുമില്ലെന്ന് ആദ്യം മോദി തന്നെ പറയണം.
സെബിയോട് ഒരു അന്വേഷണം നടത്താന്‍ ആവശ്യപ്പെടണം. കോടതിയുടെ മേല്‍നോട്ടത്തില്‍ ഒരു അന്വേഷണം പ്രഖ്യാപിക്കട്ടെ. ഞങ്ങള്‍ക്ക് ഉത്തരങ്ങളാണ് വേണ്ടത്. അത് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും മഹുവ ആവശ്യപ്പെട്ടു.
ഇതില്‍ വ്യക്തിപരമായി യാതൊരു കാര്യവുമില്ല. ടെണ്ടര്‍ വിളിച്ചെടുത്താണ് അദ്ദേഹം കരാര്‍ നേടിയതെങ്കില്‍ ഈ സംശയങ്ങളൊന്നും വരില്ലായിരുന്നു. ആരും ഒന്നും പറയാന്‍ പോവില്ലായിരുന്നു.
എന്തിനാണ് ധാംമ്ര തുറമുഖം ടെണ്ടര്‍ പോലും വിളിക്കൊ അദാനിക്ക് കൈമാറിയത്. ഇക്കാര്യം ഞാന്‍ പാര്‍ലമെന്റില്‍ ചോദിച്ചപ്പോള്‍, ടെണ്ടര്‍ വഴിയല്ലെന്നാണ് മറുപടി ലഭിച്ചത്.
വാണിജ്യപരമായ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഈ തുറമുഖത്തിന്റെ മേല്‍നോട്ടം കൈമാറിയതെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞത്. അതാണ് ഇപ്പോഴും ചോദിക്കാനുള്ളത്. ഇതില്‍ വ്യക്തിപരമായ ഒന്നുമില്ലെന്നും മഹുവ പറഞ്ഞു.
ഈ വിഷയത്തില്‍ തൃണമൂലിന്റെ നിലപാട് വ്യക്തമാണ്. സ്വതന്ത്രവും സുതാര്യവുമായ ഒരു അന്വേഷണമാണ് ഞങ്ങള്‍ക്ക് വേണ്ടത്. സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണമാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്.
കഴിഞ്ഞ ദിവസം എല്‍ഐസി ആസ്ഥാനത്ത് ഞങ്ങള്‍ പ്രതിഷേധിച്ചിരുന്നു. ഇന്ന് ഞങ്ങള്‍ പ്രതിഷേധിച്ചത് എസ്ബിഐ ആസ്ഥാനത്താണെന്നും മഹുവ പറഞ്ഞു.
യുഎസ് ആസ്ഥാനമായുള്ള കമ്പനി അദാനി ഗ്രൂപ്പിനെതിരെ ഓഹരി പെരുപ്പിച്ച് കാണിച്ചുവെന്ന ആരോപണം ഉന്നയിച്ചിരുന്നു. വലിയ തട്ടിപ്പാണ് നടത്തിയതെന്നും ഇവര്‍ ആരോപിച്ചു. ഇതിന് പിന്നാലെ ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പിന് വലിയ തിരിച്ചടി നേരിട്ടിരുന്നു.












Click it and Unblock the Notifications