പ്രധാനമന്ത്രിയുടെ കാശ്മീർ സന്ദർശനം നാളെ; സുരക്ഷ ശക്തമാക്കി...20,000കോടിയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യും
ദില്ലി; പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി കാശ്മീരിൽ സുരക്ഷ ശക്തമാക്കി. ദേശീയ പഞ്ചായത്തീ രാജ് ദിനാഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനായാണ് ഞായറാഴ്ച മോദി കാശ്മീരിൽ എത്തുന്നത്. സാംബ ജില്ലയിലെ പള്ളി പഞ്ചായത്ത് അദ്ദേഹം സന്ദര്‍ശിക്കും. സന്ദര്‍ശന വേളയില്‍ ഏകദേശം 20,000 കോടി രൂപ ചെലവുവരുന്ന വിവിധ വികസന സംരംഭങ്ങളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും.

3100 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ബനിഹാല്‍ ഖാസിഗുണ്ട് റോഡ് ടണലിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കും. 8.45 കിലോമീറ്റര്‍ നീളമുള്ള തുരങ്കം ബനിഹാലിനും ഖാസിഗണ്ടിനുമിടയിലുള്ള റോഡ് ദൂരം 16 കിലോമീറ്ററും യാത്രാ സമയം ഒന്നര മണിക്കൂറും കുറയ്ക്കും. ഇരട്ട ട്യൂബ് ടണലാണ് ഇത്. ഓരോ 500 മീറ്ററിലും ഒരു ക്രോസ് പാസേജ് വഴി ഇരട്ട ട്യൂബുകള്‍ പരസ്പരം ബന്ധിപ്പിട്ടുണ്ട്. അറ്റകുറ്റപ്പണികള്‍ക്കും അടിയന്തര പലായനത്തിനും ജമ്മുവിനും കാശ്മീരിനും ഇടയില്‍ എല്ലാ കാലാവസ്ഥയിലും ബന്ധം സ്ഥാപിക്കുന്നതിനും രണ്ട് പ്രദേശങ്ങളെ കൂടുതല്‍ അടുപ്പിക്കുന്നതിനും തുരങ്കം സഹായിക്കുമെന്ന് സർക്കാർ പറഞ്ഞു.
7500 കോടിയിലധികം രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ഡല്‍ഹി-അമൃത്‌സര്‍-കത്ര എക്‌സ്പ്രസ് വേയുടെ മൂന്ന് റോഡ് പാക്കേജുകളുടെ തറക്കല്ലിടല്‍ പ്രധാനമന്ത്രി നിര്‍വഹിക്കും. ദേശീയപാത-44ലെ ബല്‍സുവ മുതല്‍ ഗുര്‍ഹ ബൈല്‍ദാരന്‍, ഹിരാനഗര്‍ ഗുര്‍ഹാ ബൈല്‍ദാരന്‍ , ഹിരാനഗര്‍ മുതല്‍ ജാഖ്, വിജയ്പൂര്‍ വരെയും; ജാഖ്, വിജയ്പൂര്‍ മുതല്‍ കുഞ്ജ്വാനി, ജമ്മു എന്നിവിടങ്ങളില്‍ നിന്ന് ജമ്മു എയര്‍പോര്‍ട്ടിലേക്ക് ഇടറോഡ് ബന്ധിപ്പിക്കല്‍ മുതല്‍ ഡല്‍ഹി-കത്ര-അമൃത്‌സര്‍ എക്‌സ്പ്രസ്‌വേ നിയന്ത്രിത 4/6 ലെയ്‌ന്റെ നിര്‍മ്മാണത്തിനായാണ് ഈ മൂന്ന് പാക്കേജുകള്‍.
റാറ്റില്‍ ആന്റ് ക്വാര്‍ ജലവൈദ്യുത പദ്ധതികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. ഏകദേശം 5300 കോടി രൂപ ചെലവില്‍ കിഷ്ത്വാര്‍ ജില്ലയിലെ ചെനാബ് നദിയിലാണ് 850 മെഗാവാട്ടുള്ള റാറ്റില്‍ ജലവൈദ്യുത പദ്ധതി നിര്‍മ്മിക്കുന്നത്. 540 മെഗാവാട്ട് ശേഷിയുള്ള ക്വാര്‍ ജലവൈദ്യുത പദ്ധതിയും കിഷ്ത്വാര്‍ ജില്ലയിലെ ചെനാബ് നദിയില്‍ തന്നെ 4500 കോടിയിലധികം ചെലവില്‍ നിര്‍മ്മിക്കുക. ഈ മേഖലയിലെ ഊര്‍ജ്ജാവശ്യങ്ങഹ നിറവേറ്റുന്നതിന് രണ്ട് പദ്ധതികളും സഹായിക്കും. കാര്‍ബണ്‍ ന്യൂട്രല്‍ ആകുന്ന രാജ്യത്തെ ആദ്യത്തെ പഞ്ചായത്തായി മാറുന്ന പള്ളിയില്‍ 500 കിലോവാട്ട് സൗരോര്‍ജ്ജ പ്ലാന്റും അദ്ദേഹം ഉദ്ഘാടനം ചെയ്യും.
ജലാശയങ്ങളുടെ പുനരുജ്ജീവനം ഉറപ്പാക്കുകയെന്ന വീക്ഷണത്തോടെ ജമ്മു കാശ്മീര്‍ സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി അമൃത് സരോവര്‍ എന്ന പുതിയ സംരംഭത്തിനും തുടക്കം കുറിയ്ക്കും. രാജ്യത്തെ ഓരോ ജില്ലയിലും 75 ജലാശയങ്ങള്‍ വികസിപ്പിക്കാനും പുനരുജ്ജീവിപ്പിക്കാനും ലക്ഷ്യമിടുന്നതാണ് ഇത്.
വൈകുന്നേരം 5 മണിക്ക് മുംബൈയില്‍ നടക്കുന്ന മാസ്റ്റര്‍ ദീനനാഥ് മങ്കേഷ്‌കര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കും. ഈ അവസരത്തില്‍ പ്രധാനമന്ത്രിക്ക് പ്രഥമ ലതാ ദീനനാഥ് മങ്കേഷ്‌കര്‍ അവാര്‍ഡ് സമ്മാനിക്കും. ഭാരതരത്‌ന ലതാ മങ്കേഷ്‌കറിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയിട്ടുള്ള ഈ പുരസ്‌കാരം എല്ലാവര്‍ഷവും രാഷ്ട്രനിര്‍മ്മാണത്തിനായുള്ള മാതൃകാപരമായ സംഭാവനകള്‍ നല്‍കുന്ന വ്യക്തിക്കാണ് നൽകുന്നത്.












Click it and Unblock the Notifications