ലോക്ക് ഡൗണിന് പുല്ലുവില; അങ്ങാടികളില്‍ ആള്‍ത്തിരക്ക്, പരിഭ്രാന്തരായി സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നു
ദില്ലി: രാജ്യത്തെ 500ഓളം നഗരങ്ങളില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടും ജനത്തിരക്ക് കുറയുന്നില്ല. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ അവശ്യ വസ്തുക്കള്‍ കിട്ടാതാകുമോ എന്ന് ഭയന്ന് ജനങ്ങള്‍ കൂട്ടത്തോടെയെത്തി സാധനങ്ങള്‍ വാങ്ങുകയാണ്. ജനങ്ങളെ നിയന്ത്രിക്കാന്‍ പോലീസുണ്ടെങ്കിലും അവശ്യസാധനങ്ങള്‍ വാങ്ങുന്നവരെ തടയാന്‍ സാധിക്കുന്നില്ല. എല്ലാവരും അകലം പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. ഇതെല്ലാം അവഗണിച്ചാണ് ജനങ്ങള്‍ മാര്‍ക്കറ്റുകളിലെത്തിയിരിക്കുന്നത്.

ഉത്തര്‍ പ്രദേശിലെ മുറാദാബാദിലെ മൊത്ത വിപണിയില്‍ വന്‍ തിരക്കാണ് രാവിലെ അനുഭവപ്പെട്ടത്. മുറാദാബാദ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ജില്ലയാണ്. പശ്ചമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലിയിലെ പാന്‍പൂരില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടു. ഇവിടെ നേരത്തെ കോറോണ വൈറസ് രോഗം സ്ഥിരീകരിച്ചിരുന്നു. മഹാരാഷ്ട്രയിലെ പൂനെ മാര്‍ക്കറ്റില്‍ സാധാരണ പോലെ ആളുകളെത്തി. ഉദ്ധവ് താക്കറെ സര്‍ക്കാര്‍ സംസ്ഥാന വ്യാപകമായി കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടും ജനങ്ങള്‍ കാര്യമാക്കിയിട്ടില്ല. പലരും എത്തുന്നത് മുഖം മറച്ചിട്ടും സുരക്ഷാ മുന്‍കരുതല്‍ എടുത്തിട്ടുമാണ്.
കേരളത്തില്‍ അങ്ങാടികളില്‍ ആളുകള്‍ എത്തുന്നുണ്ടെങ്കിലും ജനത്തിരക്ക് നിയന്ത്രിക്കാന്‍ പോലീസ് ശ്രമിക്കുന്നുണ്ട്. കൂടുതല്‍ പേരെ അനുവദിക്കുന്നില്ല. ബസുകള്‍ നിരത്തിലിറങ്ങിയിട്ടില്ല. അതേസമയം ഓട്ടോ റിക്ഷകളുണ്ട്. ഓട്ടോ റിക്ഷകള്‍ സ്റ്റാന്റില്‍ നിര്‍ത്തിയിടാന്‍ പോലീസ് അനുവദിക്കുന്നില്ല. എന്തിന് വന്നതാണെന്ന് പലരോടും പോലീസ് തിരക്കുന്നുണ്ട്. അനാവശ്യമായി നടക്കുന്നവരെ താക്കീത് ചെയ്തു. ജ്വല്ലറികള്‍, ടെക്‌സ്റ്റയ്ല്‍സുകള്‍ എന്നിവ തുറന്നിട്ടില്ല. പലചരക്ക് കടകളും പഴം-പച്ചക്കറി കടകളും പ്രവര്‍ത്തിക്കുന്നുണ്ട്.
പൊതുഗതാഗതം ഉണ്ടാകില്ല. ട്രെയിന്‍ സര്‍വീസ് നേരത്തെ നിര്‍ത്തിവച്ചതാണ്. ഈ മാസം 31 വരെ ട്രെയിനുകള്‍ ഓടില്ല. വിമാന സര്‍വീസ് നിര്‍ത്തിവച്ചു. കെഎസ്ആര്‍ടിസി ബസുകളോ സ്വകാര്യ ബസുകളോ ഉണ്ടാകില്ല. ആളുകള്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കുകയും അതുവഴി രോഗ വ്യാപനം തടയുകയുമാണ് ലോക്ക് ഡൗണിന്റെ ലക്ഷ്യം. അതേസമയം, സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കാം. അനാവശ്യമായി ഇറങ്ങി നടക്കാനും സാധിക്കില്ല. ഇക്കാര്യം പോലീസ് ജാഗ്രതയോടെ പരിശോധിക്കും.
ആശുപത്രികള്‍ പ്രവര്‍ത്തിക്കും. എല്ലാ ആശുപത്രികളിലും രോഗ വ്യാപനം തടയാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കും. രോഗികള്‍ കൂട്ടമായി എത്തുന്ന സാഹചര്യവും തടയും. ഓരോ ജില്ലകളിലെയും ചില സര്‍ക്കാര്‍ ഓഫീസുകളും കോളജുകളും സ്‌കൂളുകളും സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കി വൈദ്യ സഹായം നല്‍കാനുള്ള സൗകര്യത്തിന് വേണ്ടി ഉപയോഗിക്കും.












Click it and Unblock the Notifications