പാക് അധീന കശ്മീരും ഇന്ത്യയുടേത്, അതിനായി ജീവൻ വരെ നൽകുമെന്ന് അമിത് ഷാ! കശ്മീരിൽ തീചിതറി ലോക്സഭ!
ദില്ലി: 125 പേരുടെ പിന്തുണയില്‍ ശബ്ദ വോട്ടോടെയാണ് രാജ്യസഭ കശ്മീര്‍ ബില്ലുകള്‍ കഴിഞ്ഞ ദിവസം പാസ്സാക്കിയത്. രാഷ്ട്രപതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചുളള അസാധാരണ നടപടിയിലൂടെ കശ്മീരിന്റെ പ്രത്യേക പദവി റദ്ദ് ചെയ്യുകയും കശ്മീരിനെ രണ്ടായി വിഭജിക്കുകയും ചെയ്തു. പിന്നാലെ രണ്ട് ബില്ലുകളും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയിലും അവതരിപ്പിച്ചിരിക്കുകയാണ്.
വൻ ഭൂരിപക്ഷമുളള ലോക്‌സഭയില്‍ ബില്‍ പാസ്സാക്കി എടുക്കുക ബിജെപിക്ക് വളരെ എളുപ്പമാണ്. അതേസമയം പ്രതിപക്ഷം വന്‍ പ്രതിഷേധമാണ് ലോക്‌സഭയില്‍ ഉയര്‍ത്തിയിരിക്കുന്നത്. കേരളത്തില്‍ നിന്നുളള എംപിമാര്‍ പ്രമേയം കീറിക്കളഞ്ഞു. ലോക്‌സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി സഭയില്‍ പൊട്ടിത്തെറിച്ചു. അമിത് ഷാ മറുപടി നല്‍കിയത് അങ്ങേയറ്റം ക്ഷുഭിതനായിട്ടാണ്. വിശദാംശങ്ങള്‍ ഇങ്ങനെ:

പ്രതിഷേധത്തിൽ പ്രതിഷേധം
ജമ്മു കശ്മീരിനെ ലഡാക്കെന്നും ജമ്മു കശ്മീരെന്നും രണ്ടായി വിഭജിക്കാനുളള ബില്ലും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ പ്രമേയവും അമിത് ഷാ ലോക്‌സഭയില്‍ അവതരിപ്പിച്ചിരിക്കുകയാണ്. പ്രതിപക്ഷം ഉയര്‍ത്തിയ വന്‍ പ്രതിഷേധത്തിന് നടുവിലാണ് അമിത് ഷാ ബില്ലുകള്‍ അവതരിപ്പിച്ചത്. സര്‍ക്കാര്‍ നീക്കത്തെ കോണ്‍ഗ്രസ് സഭയില്‍ ശക്തമായി എതിര്‍ത്തു. കശ്മീര്‍ പ്രമേയം കീറിയെറിഞ്ഞ രമ്യ ഹരിദാസിനേയും ടിഎന്‍ പ്രതാപനേയും ഹൈബി ഈഡനേയും സ്പീക്കര്‍ ഓം ബിര്‍ള ശാസിച്ചു. അതേസമയം രാഹുല്‍ ഗാന്ധി സഭയില്‍ നിശബ്ദനായിരുന്നു.

തടസ്സപ്പെടുത്തി അധിര്‍ രഞ്ജന്‍ ചൗധരി
അമിത് ഷായുടെ പ്രസംഗം തടസ്സപ്പെടുത്തിക്കൊണ്ടാണ് കോണ്‍ഗ്രസിന്റെ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി എഴുന്നേറ്റ് നിന്ന് പ്രതിഷേധിച്ചത്. കശ്മീരില്‍ എന്താണ് നടക്കുന്നത് എന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കശ്മീര്‍ ബില്‍ നിയമവിരുദ്ധമാണ്. ഒരു സംസ്ഥാനത്തെ ഒരു രാത്രി കൊണ്ട് കേന്ദ്ര ഭരണപ്രദേശമാക്കി മാറ്റിയിരിക്കുകയാണ് എന്ന് അധിര്‍ രജ്ഞന്‍ ചൗധരി കുറ്റപ്പെടുത്തി.

കശ്മീര്‍ ആഭ്യന്തര വിഷയമാണോ
കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണോ എന്ന അധിര്‍ രഞ്ജന്‍ ചൗധരിയുടെ ചോദ്യം കോണ്‍ഗ്രസിനെ തന്നെ വെട്ടിലാക്കി. 1948 മുതല്‍ ഐക്യരാഷ്ട്രസഭയുടെ നിരീക്ഷണത്തിലാണ് കശ്മീര്‍. അങ്ങനെ വരുമ്പോള്‍ അതെങ്ങനെ ഇന്ത്യയുടെ ആഭ്യന്തര കാര്യമാവും എന്നാണ് കോണ്‍ഗ്രസ് എംപി ചോദിച്ചത്. സിംല കരാറിനെക്കുറിച്ചും ലാഹോര്‍ പ്രഖ്യാപനത്തെ കുറിച്ചിം അധിര്‍ രഞ്ജന്‍ ചൗധരി അമിത് ഷായെ ഓര്‍മ്മപ്പെടുത്തി. കശ്മീര്‍ ആഭ്യന്തര വിഷയമാണോ അതോ ഉഭയകക്ഷി വിഷയം ആണോ എന്നും ചൗധരി ചോദിച്ചു.

പൊട്ടിത്തെറിച്ച് അമിത് ഷാ
ഇക്കാര്യം സര്‍ക്കാര്‍ വ്യക്തമാക്കേണ്ടതുണ്ട്. കശ്മീര്‍ ഉഭയകക്ഷി വിഷയം ആണെന്നാണ് അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറിയോട് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞതെന്നും ചൗധരി ചൂണ്ടിക്കാട്ടി. കശ്മീരിനെ കുറിച്ച് പറയുമ്പോള്‍ പാക് അധിനിവേശ കശ്മീരിനെ കുറിച്ച് നിങ്ങള്‍ ചിന്തിക്കുന്നില്ല എന്നും അധിര്‍ രഞ്ജന്‍ ചൗധരി കുറ്റപ്പെടുത്തി. ഇത് അമിത് ഷായെ ക്ഷുഭിതനാക്കി. കശ്മീര്‍ ആഭ്യന്തര വിഷയം അല്ലെന്ന് പറയുന്ന കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത് ഐക്യരാഷ്ട്രസഭയുടെ ഇടപെടല്‍ ആണോ എന്ന് അമിത് ഷാ ചോദിച്ചതോടെ കോണ്‍ഗ്രസ് വെട്ടിലായി.

പാക് അധിനിവേശ കശ്മീരും ഇന്ത്യയുടേത്
കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയം തന്നെ ആണെന്ന് അമിത് ഷാ ഉറപ്പിച്ച് പറഞ്ഞു. അക്കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട. പാക് അധിനിവേശ കശ്മീരും ഇന്ത്യയുടേതാണ്. അതിന് വേണ്ടി ജീവന്‍ പോലും നല്‍കാന്‍ തയ്യാറാണെന്നും അമിത് ഷാ സഭയില്‍ പറഞ്ഞു. കശ്മീരില്‍ നിയമനിര്‍മ്മാണം നടത്താന്‍ പാര്‍ലമെന്റിന് അധികാരമുണ്ട്. കശ്മീരുമായി ബന്ധപ്പെട്ട പ്രമേയങ്ങള്‍ ചരിത്രത്തില്‍ തങ്കലിപികളില്‍ കുറിച്ച് വെയ്ക്കപ്പെടുമെന്നും അമിത് ഷാ കോണ്‍ഗ്രസിന് മറുപടിയായി പറഞ്ഞു.
Recommended Video

ഫറൂഖ് അബ്ദുളള എവിടെ
കശ്മീര്‍ ബില്ലുകള്‍ നിയമ വിരുദ്ധമാണെന്ന് പറയുന്ന കോണ്‍ഗ്രസ് എന്താണ് നിയമ വിരുദ്ധമെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. അമിത് ഷായുടെ പ്രസംഗത്തിലുടനീളം ബഹളം ഉയര്‍ത്തിയ കോണ്‍ഗ്രസ് നേതാക്കളെ സ്പീക്കര്‍ ശാസിച്ചു. കേന്ദ്രനീക്കത്തെ ഡിഎംകെയും സഭയില്‍ എതിര്‍ത്തു. കശ്മീരില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് ഡിഎംകെ എംപി ടിആര്‍ ബാലു ആരോപിച്ചു. തന്റെ സുഹൃത്തും എംപിയുമായ ഫറൂഖ് അബ്ദുളള എവിടെയെന്ന് പോലും അറിയില്ലെന്നും അക്കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തണമെന്നും ടിആര്‍ ബാലു ആവശ്യപ്പെട്ടു.












Click it and Unblock the Notifications