അനുവാദമില്ലാതെ ആലിയയുടെ സ്വകാര്യചിത്രങ്ങള്‍ പകര്‍ത്തി പാപ്പരാസികള്‍; പരാതി നല്‍കാനാവശ്യപ്പെട്ട് പൊലീസ്
ആലിയയുടെ വീടിന് സമീപത്തെ വീടിന്റെ ടെറസില്‍ ഇരുന്നായിരുന്നു ചിത്രങ്ങള്‍ എടുത്തത്. രണ്ട് പേരുണ്ടായിരുന്നു എന്നാണ് ആലിയ പറയുന്നത്

മുംെബെ: ബോളിവുഡ് നടി ആലിയ ഭട്ട് വീട്ടിലിരിക്കുമ്പോള്‍ അനുവാദമില്ലാതെ കടന്ന് കയറി ചിത്രങ്ങളെടുത്ത പാപ്പരാസികള്‍ക്കെതിരെ കേസെടുക്കൊനൊരുങ്ങി പൊലീസ്. ഇക്കാര്യത്തില്‍ പരാതി തന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്യാം എന്ന് മുംബൈ പൊലീസ് ആലിയ ഭട്ടിനോട് പറഞ്ഞിട്ടുണ്ട്.
സംഭവത്തില്‍ വലിയ പ്രതിഷേധമുയര്‍ന്നതിന് പിന്നാലെയാണ് പൊലീസ് ആലിയ ഭട്ടിനെ ബന്ധപ്പെട്ടത്. എന്നാല്‍ തന്റെ പി ആര്‍ ടീം ഫോട്ടോയെടുക്കാന്‍ ശ്രമിച്ച സ്ഥാപനവുമായി ആശയവിനിമയം നടത്തി കൊണ്ടിരിക്കുകയാണ് എന്ന് ആലിയ ഭട്ട് പറയുന്നു. അതിന് ശേഷം പരാതി നല്‍കാമെന്ന് ആലിയ ഭട്ട് പറഞ്ഞതായുമാണ് റിപ്പോര്‍ട്ട്.
ആലിയ ഭട്ട് താമസിക്കുന്ന ഫ്‌ളാറ്റിന്റെ തൊട്ടടുത്ത ഫ്ളാറ്റിന്റെ ടെറസില്‍ ഒളിച്ചിരുന്നാണ് താരം വീടിനുള്ളില്‍ ഇരിക്കുന്ന ചിത്രങ്ങള്‍ പകര്‍ത്തിയത്. സംഭവം അറിഞ്ഞതിന് പിന്നാലെ ഇത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിതെന്ന് ചൂണ്ടിക്കാട്ടി ആലിയ ഭട്ട് തന്നെ രംഗത്തെത്തിയിരുന്നു.
ഇന്‍സ്റ്റഗ്രാമില്‍ മുംബൈ പൊലീസിനെ ടാഗ് ചെയ്തായിരുന്നു ആലിയ ഭട്ട് പോസ്റ്റ് പങ്ക് വെച്ചിരുന്നത്. വീട്ടിലിരിക്കുമ്പോള്‍ ആരോ തന്നെ നിരീക്ഷിക്കുന്നതായി തോന്നി എന്നും നോക്കിയപ്പോള്‍ അടുത്ത കെട്ടിടത്തിന്റെ ടെറസില്‍ ക്യാമറയുമായി രണ്ട് പേരെ കണ്ടു എന്നുമാണ് ആലിയ ഭട്ട് പറഞ്ഞത്.
എന്നെ വെച്ച് നിങ്ങള്‍ കളിക്കുകയാണോ... എന്റെ വീട്ടിലിരിക്കുകയായിരുന്നു ഞാന്‍. തികച്ചും സാധാരണമായി ഒരു ഉച്ചതിരിഞ്ഞ്, എന്റെ സ്വീകരണമുറിയില്‍ ഇരിക്കുകയായിരുന്നു. എന്നാല്‍ എന്നെ ആരോ നിരീക്ഷിക്കുന്നുണ്ട് എന്ന് എനിക്ക് തോന്നി. ഞാന്‍ തലയുയര്‍ത്തി നോക്കിയപ്പോള്‍ അയല്‍ കെട്ടിടത്തിന്റെ ടെറസില്‍ എന്റെ നേരെ ക്യാമറയുമായി രണ്ടുപേര്‍ നില്‍ക്കുന്നത് കണ്ടു.

ഇത് ശരിയാണ് എന്ന് തോന്നുന്നുണ്ടോ. എന്നായിരുന്നു പാപ്പരാസികള്‍ പകര്‍ത്തിയ തന്റെ ചിത്രം പങ്ക് വെച്ചുകൊണ്ട് ആലിയ ഭട്ട് കുറിച്ചത്. ഇത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് എന്നും ആലിയ ഭട്ട് പറഞ്ഞിരുന്നു. എല്ലാത്തിനും ഒരു അതിര് ഉണ്ട് എന്നും ആലിയ ഭട്ട് പറഞ്ഞിരുന്നു.
സംഭവത്തില്‍ ആലിയ ഭട്ടിന് പിന്തുണയുമായി അമ്മ, സഹോദരി, ജാന്‍വി കപൂര്‍, അര്‍ജുന്‍ കപൂര്‍, അനുഷ്‌ക ശര്‍മ എന്നിവര്‍ രംഗത്തെത്തിയിരുന്നു. ആലിയ ഭട്ടിന്റെ പ്രതികരണത്തിന് പിന്നാലെ നിരവധി പേര്‍ തങ്ങളും ഇത്തരത്തിലുള്ള അനുഭവങ്ങള്‍ നേരിട്ടിട്ടുണ്ട് എന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു. ഉത്തരവാദികള്‍ക്കെതിരെ പരാതി കൊടക്കണം എന്നും പലരും ആലിയയെ ഉപദേശിക്കുന്നുണ്ട്.












Click it and Unblock the Notifications