ബിജെപിയുടെ വെട്രിവേൽ യാത്ര തടഞ്ഞ് പൊലീസ്; തമിഴ്‌നാട് പാർട്ടി അധ്യക്ഷനും മറ്റ് നേതാക്കളും അറസ്റ്റിൽ
ചെന്നൈ: അനുമതിയില്ലാതെ വെട്രിവേല്‍ യാത്രയുമായി മുന്നോട്ടുപോയ ബിജെപി തമിഴ്‌നാട് അധ്യക്ഷന്‍ എല്‍ മുരുകനെ പൊലീസ് അറസ്റ്റ് ചെയ്തു. യാത്രയുമായി മുന്നോട്ട് പോകുന്നതിനിടെ തിരുത്തണി സ്‌റ്റേഷന് സമീപത്ത് വച്ചാണ് മുരുകനെ പൊലീസ് അറസ്റ്റ് ചെയ്തത്. അധ്യക്ഷനെ കൂടാതെ എച്ച് രാജ, അണ്ണാമലൈ, തുടങ്ങിയ നൂറോളം പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാനത്തെ മുരുകന്‍ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് നടത്തുന്ന യാത്രയാണ് വെട്രിവേല്‍ യാത്ര.

യാത്രയുമായി ബന്ധപ്പെട്ട അനുമതി സര്‍ക്കാര്‍ നല്‍കിയിരുന്നില്ല. എന്നാല്‍ അനുമതിയില്ലെങ്കിലും സാരമില്ല, മുരുകന്‍ അനുമതി നല്‍കിയെന്നായിരുന്നുബിജെപി പറഞ്ഞത്. ഒരു ഭക്തനെന്ന നിലയില്‍ മുരുകനെ കാണാനും തൊഴാനുമുള്ള അവകാശം ഹനിക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് തിരുത്തണി ക്േത്രത്തിലേക്ക് യാത്ര തിരിക്കുമ്പോള്‍ ബിജെപി അധ്യക്ഷന്‍ പറഞ്ഞിരുന്നു.
കൊവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിന് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് തമിഴ്‌നാട് സര്‍ക്കാര്‍ ബിജെപി നടത്താന്‍ പദ്ധതിയിട്ട യാത്രയ്ക്ക് സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്. പാര്‍ട്ടി നടത്തുന്ന വേല്‍യാത്രയെ ആര്‍ക്കും തടയാനാകില്ലെന്നാണ് ബിജെപിയുടെ അവകാശവാദം. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് യാത്രയ്ക്ക് അനുമതി നല്‍കാന്‍ കഴിയില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചത്.
പൂനമല്ലിയ്ക്ക് സമീപത്ത് വെച്ച് യാത്ര പോലീസ് തടഞ്ഞെങ്കിലും പ്രവര്‍ത്തകരുമായി വാക്ക്തര്‍ക്കമുണ്ടായതിന് പിന്നാലെ യാത്ര തുടരുകയായിരുന്നു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കളെയും കേന്ദ്രമന്ത്രിമാരെയും പങ്കെടുപ്പിക്കാനാണ് ബിജെപിയുടെ നീക്കം. വെട്രിവേല്‍ യാത്രയെ വിമര്‍ശിച്ച് രംഗത്തെത്തിയ ഡിഎംകെ, വിസികെ എന്നീ പാര്‍ട്ടികള്‍ ഉന്നയിക്കുന്ന ആരോപണം വേല്‍യാത്ര വര്‍ഗ്ഗീയ വിദ്വേഷണം ലക്ഷ്യമിട്ടാണ് സംഘടിപ്പിക്കുന്നതെന്നാണ്. ബാബറി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷിക ദിനമായ ഡിസംബര്‍ ആറിനാണ് യാത്ര അവസാനിക്കുന്നത്. ഇത് ചൂണ്ടിക്കാണിച്ചാണ് ഈ ആരോപണങ്ങള്‍ ഉയരുന്നത്.












Click it and Unblock the Notifications