ഡൽഹിയിൽ പോലീസ് രാജ്, മോദിയും ഷായും സ്വന്തം ജനങ്ങളോട് യുദ്ധം ചെയ്യുന്നു';സിജെപി
കേന്ദ്രസർക്കാരിനും ഡൽഹി പോലീസിനുമെതിരെ ആഞ്ഞടിച്ച് സിജെപി നേതാക്കളുടെ പത്രസമ്മേളനം. ഡൽഹിയിൽ നടക്കുന്നത് പോലീസ് രാജ് ആണെന്നും രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും സിജെപി വിമർശിച്ചു. സമാധാനപരമായി പ്രതിഷേധിക്കുന്നവരെയാണ് അതിക്രൂരമായി അറസ്റ്റ് ചെയ്ത് നീക്കുന്നത്. നരേന്ദ്ര മോദി രാജ്യത്തിന് തന്നെ അപമാനമാണെന്നും സിജെപി നേതാക്കളായ അശുതോഷ് റാങ്കേയും സൌരവ് ദാസും കുറ്റപ്പെടുത്തി.
'തിരഞ്ഞെടുപ്പ് കമ്മീഷൻ കീഴടങ്ങി കഴിഞ്ഞു. ഇന്നലെ ഞങ്ങളെ മൂന്ന് പേരേയും വിമാനത്തിനുള്ളിൽ വെച്ച് തട്ടിക്കൊണ്ടുപോയതെന്ന് എല്ലാവരും കണ്ടതാണ്. ഇന്നലെ ദീപ്കെയുടെ മുത്തശ്ശി മരിച്ചു. മനുഷ്യത്വം ഒട്ടും കാണിക്കാതെയാണ് ദീപ്കെയെ പോലീസ് ഇക്കാര്യം അറിയിച്ചത്. കാമറയും മൈക്കും പിടിച്ചായിരുന്നു അവർ വന്നത്. ഇതൊരു വലിയ സംഭവമാക്കി മാറ്റാനായിരുന്നു അവരുടെ താത്പര്യം. തൻ്റെ മാതാപിതാക്കൾക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടെന്നും ഇതൊന്നും ഇത്തരത്തിൽ ചെയ്യരുതെന്നും ഞങ്ങൾ ആവർത്തിച്ച് പറഞ്ഞു.

ദീപ്കെ തൻ്റെ മാതാപിതാക്കളോട് സംസാരിക്കാൻ അനുവദിക്കണമെന്ന പല തവണ ആവശ്യപ്പെട്ടു. എന്നാൽ പോലീസ് അനുവദിച്ചില്ല. ഒരാൾ മരണപ്പെട്ടിട്ട് പോലും വളരെ മോശമായി മനുഷ്യത്യമില്ലാതെ അവർ പെരുമാറ. ഒറ്റക്കാര്യമേ ഇപ്പോൾ പറയാനുള്ളൂ. പോരാട്ടം തുടങ്ങിയിട്ടേ ഉള്ളൂ. ഇതൊരു യുദ്ധമാക്കി മാറ്റിയതിൽ മോദിയും ഷായും ലജ്ജിക്കണം', അശുതോഷ് പറഞ്ഞു.
അതേസമയം രാജ്യത്ത് അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണെന്ന് സൌരവ് ദാസ് പ്രതികരിച്ചു. 'തങ്ങളുടെ പ്രശ്നങ്ങൾ സർക്കാരിന് മുൻപിൽ അവതരിപ്പിക്കുകയായിരുന്നു പ്രതിഷേധക്കാരുടെ ലക്ഷ്യം. എന്നാൽ ഇന്ന് സർക്കാർ തങ്ങളുടെ പൌരൻമാർക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. മുഴുവൻ ഡൽഹിയും 40,000ത്തോളം പേരെ നിരത്തി കോട്ടകെട്ടിയത് പോലെയാണ് ഉള്ളത്. ഞങ്ങളുടെ പ്രതിഷേധത്തിന് തെറ്റായ പ്രതിച്ഛായ നൽകാനാണ് അവരുടെ ശ്രമം. 50 ഓളം മെട്രോ സ്റ്റേഷനുകളും കടകളും റോഡുകളുമെല്ലാം അടച്ച് തെറ്റായ നെഗറ്റീവ് പരത്താനാണ് ശ്രമം. ജെൻസികളുടെ പ്രതിഷേധത്തെ മോശമായി ചിത്രീകരിക്കാൻ നോക്കുന്നു.
ഡൽഹിയിൽ വിമനം ഇറങ്ങിയ ഞങ്ങളെ വിമാനത്തിന് ഉള്ളിലേക്ക് കയറി അവർ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇതേ സർക്കാരാണ് വിജയ് മല്യയേയും നീരവ് മോദിയേയും വിമാനങ്ങളിൽ കയറ്റി വിദേശത്തേക്ക് സുഖയാത്ര പറഞ്ഞയച്ചത്. ഞങ്ങൾ കസ്റ്റഡിയിലെടുക്കപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ തട്ടിക്കൊണ്ടുപോകുമെന്ന് കരുതിയില്ല', സൌരവ് ദാസ് പറഞ്ഞു.
എന്തിനാണ് കസ്റ്റഡിയിലെടുക്കുന്നത് എന്നത് സംബന്ധിച്ച് യാതൊരു രേഖകളും കൈമാറാൻ പോലീസ് തയ്യാറായിരുന്നില്ല. വനിത പോലീസുകാരെ ഉപയോഗിച്ച് ഞങ്ങളുടെ ഫോണുകൾ പിടിച്ചുവാങ്ങി. ഫോണ്‍ പിടിച്ചെടുക്കാനുള്ള സീഷൻ മെമ്മോ ചോദിച്ചപ്പോൾ അവർ നൽകിയില്ല. ഞങ്ങളെ വ്യത്യസ്ത വാഹനങ്ങളിൽ അവർ കൊണ്ടുപോയി. ഞാൻ ആർകെ പപരത്തായിരുന്നു. അശുതോഷ് ബെല്ലാബാഗിൽ, അഭിജിത്തിനെ മറ്റെവിടേക്കോ കൊണ്ടുപോയി. ഞങ്ങളുടെ അഭിഭാഷകരുമായി ബന്ധപ്പെടാൻ പോലും അനുവദിച്ചില്ല. ഞങ്ങൾ പോലീസ് കസ്റ്റഡിയിലായതിനാൽ യാതൊരു അവകാശവും ഇല്ലെന്ന്. ഞങ്ങളുടെ ഫോണിൽ അനധികൃതമായി എന്തെങ്കിലും അവർ ചെയ്തിട്ടുണ്ടാകാമെന്ന് ഞങ്ങൾ സംശയിക്കുന്നുണ്ട്. ഞങ്ങളുടെ ഫോണുകൾ ഹാക്ക് ചെയ്യപ്പെടുകയോ അല്ലെങ്കിൽ ക്ലോണ്‍ ചെയ്യുകയോ ചെയ്തിട്ടുണ്ടാകാം. തെളിവുണ്ടാക്കാനായി എന്തെങ്കിലും കൂട്ടിച്ചേർത്തിട്ടുണ്ടാകാം. ഇത് ന്യായമായ സംശയമാണ്', സൌരവ് പറഞ്ഞു.


Click it and Unblock the Notifications
