5 ലക്ഷം രൂപയുടെ സ്വർണം അടങ്ങിയ ബാഗ് 'അടിച്ചുമാറ്റി' എലികൾ; ഒടുവിൽ പോലീസ് കണ്ടെത്തിയത് ഇങ്ങനെ
മുംബൈ; എലികൾ 'അടിച്ചുമാറ്റിയ' സ്വർണം നീണ്ട പരിശ്രമത്തിനൊടുവിൽ പിടിച്ചെടുത്ത് പോലീസ്. മുംബൈയിലെ ഗോകുൽധാം കോളനിക്ക് സമീപത്താണ് സംഭവം. കോളനിയിലെ ഓവുചാലിൽ നിന്നാണ് എലികളിൽ നിന്നും പോലീസ് സ്വർണം കണ്ടെടുത്തത്. സംഭവം ഇങ്ങനെ

45 കാരിയായ സുന്ദരി പ്ലാനിബലിന്റെ സ്വർണമായിരുന്നു നഷ്ടമായത്. മകളുടെ വിവാഹത്തിന് വാങ്ങിയ കടം വീട്ടാൻ ബാങ്കിൽ പണയം വെയ്ക്കാൻ സ്വർണവുമായി പോയപ്പോഴായിരുന്നു സംഭവം. രണ്ട് ബാഗുകളായിരുന്നു സുന്ദരിയുടെ കൈയ്യിൽ ഉണ്ടായിരുന്നത്. ഒന്നിൽ ബാങ്കിൽ വെയ്ക്കേണ്ട സ്വർണവും മറ്റൊന്നിൽ വട പാവും. ബാങ്കിലേക്കുള്ള യാത്രയ്ക്കിടെ ഒരു യാചകയായ സ്ത്രീയേയും അവർക്കൊപ്പം രണ്ട് കുട്ടികളേയും കണ്ട സുന്ദരി അവരോട് അനുകമ്പ തോന്നി തന്റെ കയ്യിലുണ്ടായിരുന്ന വട പാവിന്റെ ബാഗ് അവർക്ക് നൽകി. ബാങ്കിലേക്കുള്ള യാത്ര തുടരുകയും ചെയ്തു. ബാങ്കിലെത്തി സ്വർണം അടങ്ങിയ ബാഗ് തുറന്നപ്പോഴാണ് തനിക്ക് പറ്റിയ അബദ്ധം സുന്ദരി തിരിച്ചറിഞ്ഞത്.
വട പാവിന് പകരം സ്വർണത്തിന്റെ ബാഗാണ് കുട്ടികൾക്ക് നൽകിയതെന്ന് മനസിലാക്കിയ സുന്ദരി യാചകയേയും മക്കളേയും തിരഞ്ഞ് കോളനിയിൽ അലഞ്ഞു. എന്നാൽ അവരെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെ സുന്ദരി നേരെ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പരാതി സ്വീകരിച്ച പോലീസ് ഉടൻ തന്നെ അന്വേഷണം ആരംഭിച്ചു.
സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ യാചകയേയും കുട്ടികളേയും കണ്ടെത്തിയെങ്കിലും അവരുടെ മറുപടി കേട്ട് പോലീസും സുന്ദരിയും ഒരു പോലെ ഞെട്ടി. വട പാവ് ഉണങ്ങിയിരിക്കുന്നതിനാൽ അവ കഴിച്ചില്ലെന്നും ആ ബാഗ് ഓവുചാലിലേക്ക് വലിച്ചെറിഞ്ഞുവെന്നുമായിരുന്നു സ്ത്രീ പോലീസിനെ അറിയിച്ചത്.
ഇതോടെ പോലീസ് ആ ഭാഗത്തെ സി സി ടി വി പരിശോധിച്ചു. ഇതിൽ നിന്നും ഓവുചാലിലെറിഞ്ഞ സ്വർണം അടങ്ങിയ ബാഗ് എലികൾ 'അടിച്ചുമാറ്റിയതായി' പോലീസ് കണ്ടെത്തുകയായിരുന്നു. തുടർന്ന് ഏറെ നേരത്തേ പരിശ്രമത്തിനൊടുവിലാണ് എലികളിൽ നിന്നും ബാഗ് പോലീസ് കൈക്കലാക്കിയത്.












Click it and Unblock the Notifications