മദ്യലഹരിയില്‍ കാറോടിച്ച യുവതി അഞ്ച് തൊഴിലാളികളെ ഇടിച്ചിട്ടു; രണ്ട് മരണം
ദില്ലി: മദ്യപിച്ച് ലക്കുകെട്ട് കാറോടിച്ച യുവതി റോഡരികില്‍ ജോലി ചെയ്യുകയായിരുന്ന അഞ്ച് തൊഴിലാളികളെ ഇടിച്ചിട്ടു. ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് സംഭവ സ്ഥലത്തുവെച്ചുതന്നെ രണ്ടുപേര്‍ മരിച്ചു. ഹരിയാണയിലെ കര്‍ണാല്‍ പ്രദേശത്താണ് ഞെട്ടിക്കുന്ന അപകടമുണ്ടായത്. സംഭവത്തില്‍ ദില്ലി രോഹിണി സ്വദേശിനിയായ പ്രീതി ഭരദ്വാജിനെ(36) പോലീസ് കസ്റ്റഡിയിലെടുത്തു.
കര്‍ണാലിലെ രാജ്കുമാര്‍, ബന്‍സി എന്നിവരാണ് സംഭവസ്ഥലത്തുവെച്ച് മരിച്ചത്. ദില്ലിയില്‍ നിന്നും കൈതാലിലേക്കുള്ള യാത്രയിലായിരുന്നു യുവതി. ഇവര്‍ തനിച്ചായിരുന്നു വാഹനത്തിലുണ്ടായിരുന്നതെന്ന് ദൃക്‌സാക്ഷി പറഞ്ഞു. ഇവര്‍ ഓടിച്ചിരുന്ന സ്വിഫ്റ്റ് കാര്‍ ഫ് ളൈ ഓവര്‍ ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലാളികള്‍ക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

അപകടത്തിനുശേഷവും യുവതി കാര്‍ നിര്‍ത്താന്‍ തയ്യാറായില്ല. പ്രദേശവാസികള്‍ പിന്തുടര്‍ന്ന് ഇവരെ പിടികൂടുകയായിരുന്നു. ജനങ്ങളോട് ഇവര്‍ മോശമായി പെരുമാറിയതായും പോലീസ് പറയുന്നു. ഇതേ തുടര്‍ന്നാണ് ഇവര്‍ മദ്യപിച്ചതായി സംശയമുണ്ടായത്. പോലീസ് സ്ഥലത്തെത്തി യുവതിയെ കസ്റ്റഡിയിലെടുത്തശേഷം വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി.
രോഷാകുലരായ ജനങ്ങള്‍ കാര്‍ അടിച്ചു തകര്‍ത്തു. സ്ത്രീക്കെതിരെ എഫ്‌ഐആര്‍ ചുമത്തിയിട്ടുണ്ട്. ദില്ലിയിലുണ്ടായിരുന്ന ഇവരുടെ കുടുംബാംഗങ്ങളെ പോലീസ് വിളിച്ചുവരുത്തുകയും ചെയ്തു.












Click it and Unblock the Notifications