ദില്ലിയിൽ ഫൈവ് സ്റ്റാർ ഹോട്ടലിൽ ടൂറിസ്റ്റ് ഗൈഡ് കൂട്ടബലാത്സംഗത്തിനിരയായി: സംഭവം അതീവ സുരക്ഷാ മേഖലയിൽ
ദില്ലി: ദില്ലിയിലെ അതീവ സുരക്ഷാ മേഖലയിൽ ടൂറിസ്റ്റ് ഗൈഡ് കൂട്ടബലാത്സംഗത്തിനിരയായി. സെൻട്രൽ ദില്ലിയിലെ ഫൈവ് സ്റ്റാർ ഹോട്ടലിൽ വെച്ചാണ് ടൂറിസ്റ്റ് ഗൈഡ് പീഡനത്തിനിരയായത്. അതീവ സുരക്ഷാ മേഖലയായ കൊണാട്ട് പ്ലേസ് മാർക്കറ്റിൽ നിന്ന് 2 കിലോമീറ്റർ അകലെയാണ് സംഭവമെന്നാണ് പോലീസ് പറയുന്നത്. ലൈംഗിക അതിക്രമത്തിനിരയായ സ്ത്രീ ആറ് പേരുടെ പേരുകൾ പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ മുഖ്യ പ്രതി അറസ്റ്റിലായിട്ടുണ്ട്.
സെപ്തംബർ 18നാണ് സംഭവം. തൊട്ടടുത്ത ദിവസമാണ് ഇവർ പോലീസിനെ സമീപിച്ച് പരാതി നൽകുന്നത്. കുറ്റകൃത്യം നടന്ന ഹോട്ടലിലെത്തിയ പോലീസ് ബിസിനസുകാർക്കെതിരെ കേസെടുത്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ദില്ലി സ്വദേശിയായ മനോജ് ശർമ എന്നയാളെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

ടിക്കറ്റ് ബുക്കിംഗ് എക്സിക്യൂട്ടീവും ടൂറിസ്റ്റ് ഗൈഡുമായി ജോലി ചെയ്തിരുന്ന സ്ത്രീയാണ് അതിക്രമത്തിന് ഇരയായത്. ഇവർക്ക് പണത്തിന് ആവശ്യം വന്നതോടെ കുറഞ്ഞ നിരക്കിൽ വായ്പ നൽകാമെന്ന് വാഗ്ധാനം നൽകിയാണെന്ന് ഇവരെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയതെന്നാണ് പോലീസ് പറയുന്നത്.
ഇരയായ പെൺകുട്ടിയുടെ പരാതിയിൽ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 376ഡി, 323, 34 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. സംഭവത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ ആറ് പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും ദില്ലി പോലീസിന്റെ ഡെപ്യൂട്ടി കമ്മീഷണർ ഐഷ് സിംഗ്വാളിനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. രണ്ട് ബിസിനസുകാരുടെ പേരിലാണ് റൂം ബുക്ക് ചെയ്തിട്ടുള്ളത്.












Click it and Unblock the Notifications