പതിനാറുകാരിക്ക് പീഡനം; സ്‌കൂള്‍ അധ്യാപകന്റെ കമ്പ്യൂട്ടര്‍ കണ്ടെടുത്തു
2015 മുതല്‍ പെണ്‍കുട്ടിയെ അധ്യാപകന്‍ പിന്തുടര്‍ന്ന് ശല്യം ചെയ്യുന്നുണ്ടെന്ന് പോലീസിന് പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ വ്യക്തമാക്കി.
മുംബൈ: പതിനാറുകാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിയെ മാനസികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ അധ്യാപകനെ അറസ്റ്റ് ചെയ്തതിന്റെ പിന്നാലെ അധ്യാപകന്‍ സ്‌കൂളില്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടര്‍ പോലീസ് കണ്ടെടുത്തു. പ്രണയാഭ്യര്‍ഥനയുമായി പിറകെ കൂടിയ അധ്യാപകന്‍ പെണ്‍കുട്ടിയെ ക്രൂരമായ മാനസിക പീഡനത്തിനാണ് വിധേയയാക്കിയതെന്ന് പോലീസ് പറയുന്നു.
2015 മുതല്‍ പെണ്‍കുട്ടിയെ അധ്യാപകന്‍ പിന്തുടര്‍ന്ന് ശല്യം ചെയ്യുന്നുണ്ടെന്ന് പോലീസിന് പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ വ്യക്തമാക്കി. കഴിഞ്ഞ ഏഴുവര്‍ഷമായി ഘട്‌കോപര്‍ എന്ന സ്ഥലത്തെ സ്‌കൂളിലെ അധ്യാപകനായ പ്രയാഗ് ഷായ്‌ക്കെതിരെയാണ് പെണ്‍കുട്ടിയുടെ അമ്മ പരാതി നല്‍കിയിരുന്നത്.

സ്‌കൂള്‍ പരീക്ഷയ്ക്ക് തൊട്ടു മുന്‍പ് പെണ്‍കുട്ടിയെ അധ്യാപകന്‍ ഭീഷണിപ്പെടുത്തിയിരുന്നതായി പോലീസ് പറഞ്ഞു. ഇതേ തുടര്‍ന്ന് മൂന്ന് പരീക്ഷകള്‍ പെണ്‍കുട്ടിക്ക് എഴുതാന്‍ കഴിഞ്ഞില്ല. പത്താംക്ലാസില്‍ പെണ്‍കുട്ടിയുടെ ക്ലാസ് ടീച്ചറായി പ്രയാഗ് സ്വയം ഉത്തരവാദിത്വം ഏറ്റെടുക്കുകയായിരുന്നു. ഇതേ സ്‌കൂളില്‍ പഠിക്കുകയായിരുന്ന പെണ്‍കുട്ടിയുടെ സഹോദരിയെയും അധ്യാപകന്‍ ശല്യം ചെയ്തു.
അഭിഭാഷകന്റെ മകളായിട്ടും പെണ്‍കുട്ടി അധ്യാപകനെ ഭയന്ന് സംഭവം വീട്ടില്‍ പറഞ്ഞിരുന്നില്ല. ഒരു സുഹൃത്തില്‍ നിന്നും വിവരമറിഞ്ഞ പെണ്‍കുട്ടിയുടെ അമ്മയാണ് സ്‌കൂള്‍ അധികൃതര്‍ക്കും പിന്നീട് മുംബൈ പോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയത്. പോലീസ് അന്വേഷണത്തില്‍ അധ്യാപകന്‍ പെണ്‍കുട്ടിക്ക് മന:പൂര്‍വം മാര്‍ക്ക് കുറച്ചതായി കണ്ടെത്തി. മൊബൈല്‍ ഫോണില്‍ ഭീഷണി സന്ദേശങ്ങളും കണ്ടെടുത്തതോടെ അധ്യാപകനെ അറസ്റ്റ് ചെയ്യുകയായിരുന്നു.












Click it and Unblock the Notifications