കാനഡ–ഇന്ത്യ സ്വതന്ത്രവ്യാപാരകരാർ ചർച്ചകൾ നിർത്തിവെച്ചു
ഡൽഹി: ഇന്ത്യയും കാനഡയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചർച്ചകൾ നിർത്തിവെച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ പ്രശ്നങ്ങൾ പരിഹരിച്ചതിന് ശേഷം ചർച്ചകൾ പുനരാരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കരാറിനായുള്ള ചർച്ചകൾ താൽക്കാലികമായി നിർത്തിയതായി ഈ മാസം ആദ്യം കാനഡ അറിയിച്ചിരുന്നു.
'കാനഡയിലുണ്ടായ ചില രാഷ്ട്രീയ സംഭവവികാസങ്ങളിൽ ഇന്ത്യ എതിർപ്പ് ഉന്നയിച്ചിട്ടുണ്ട്. അതിനാൽ ഈ രാഷ്ട്രീയ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നതുവരെ ഞങ്ങൾ ചർച്ചകൾ താൽക്കാലികമായി ചർച്ചകൾ നിർത്തിവെച്ചിരിക്കുന്നു', അധികൃതർ പറഞ്ഞു. ഈ രാഷ്ട്രീയ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്ന നിമിഷം തന്നെ ചർച്ചകൾ പുനരാരംഭിക്കുമെന്നും ഇപ്പോഴത്തേത് താത്കാലിക തീരുമാനം മാത്രമാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

വിഘടനവാദം പ്രോത്സാഹിപ്പിക്കുകയും നയതന്ത്രജ്ഞർക്കെതിരെ അക്രമം അഴിച്ചുവിടുകയും അവിടെയുള്ള ഇന്ത്യൻ സമൂഹത്തെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന കാനഡയിലെ തീവ്രവാദ ഘടകങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ അറിയിച്ചിരുന്നു.
അതേസമയം വ്യാപാര ഉടമ്പടി സംബന്ധിച്ച് രാജ്യങ്ങൾ തമ്മിൽ ഇതുവരെ ആറോളം ചർച്ചകൾ നടന്നിട്ടുണ്ട്.കഴിഞ്ഞ വർഷം മാർച്ചിൽ, ഇരു രാജ്യങ്ങളും ഇടക്കാല കരാറിനായുള്ള ചർച്ചകൾ പുനരാരംഭിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര സാധനങ്ങളുടെ കസ്റ്റംസ് തീരുവ കുറക്കാനും വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനും നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനുമുള്ള മാനദണ്ഡങ്ങൾ ഉദാരമാക്കാനും ചർച്ചയിൽ ധാരണയായിരുന്നു.സ്വതന്ത്ര വ്യാപാര കരാർ നടപ്പിലായാൽ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി കൂടുകയും അതോടൊപ്പം തന്നെ ഇന്ത്യയ്ക്ക് ആവശ്യമായ സാധനങ്ങൾ പ്രശ്നങ്ങൾ കൂടാതെ ലഭിക്കുകയും ചെയ്യും.












Click it and Unblock the Notifications