
തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ കോൺഗ്രസിൽ ചേർന്നു; ബിജെപിയെ നേരിടാൻ കിടിലൻ നീക്കവുമായി കോൺഗ്രസ്
ബംഗളൂരു; കർണാടകയിൽ 2023 ൽ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് കോൺഗ്രസിനെ സംബന്ധിച്ച് അഭിമാന പോരാട്ടമാണ്. കോൺഗ്രസ്-ജെ ഡി എസ് സഖ്യസർക്കാരിനെ താഴെയിറക്കി അധികാരം പിടിച്ച ബി ജെ പിയെ എന്ത് വിധേനയും താഴെയിറക്കുമെന്നാണ് കോൺഗ്രസ് ക്യാമ്പുകൾ അവകാശപ്പെടുന്നത്. അതിനിടെ അടുത്ത പോരാട്ടത്തിന് തന്ത്രം മെനയാൻ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനനെ തന്നെ പാർട്ടിയിൽ എത്തിച്ചിരിക്കുകയാണ് നേതൃത്വം. 2014 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പ്രശാന്ത് കിഷോറിനൊപ്പം നേതൃസ്ഥാനത്തുണ്ടായിരുന്ന സുനിൽ കനുഗോലുവാണ് കോൺഗ്രസിൽ ചേർന്നത്.

നേരത്തേ സുനിൽ കോൺഗ്രസിന് വേണ്ടി തന്ത്രങ്ങൾ ഒരുക്കുമെന്നായിരുന്നു റിപ്പോർട്ട്.എന്നാൽ കോൺഗ്രസിൽ അംഗത്വം എടുത്തിരിക്കുകയാണ് അദ്ദേഹം. സുനിൽ ഔദ്യോഗികമായി തന്നെ കോൺഗ്രസിൽ ചേർന്നുവെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. പാർട്ടി അംഗമായതോടെ കർണാടകത്തിൽ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലും സുനിൽ കോൺഗ്രസിന് വേണ്ടി പ്രവർത്തിക്കുമെന്നും നേതാക്കൾ പറഞ്ഞു.

2014 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി 2014 ലാണ് സുനിൽ ഇന്ത്യയിൽ എത്തുന്നത്. അന്ന് തിരഞ്ഞെടുപ്പ് തന്ത്രഞ്ജനായ പ്രശാന്ത് കിഷോറിനൊപ്പം സഹകരിച്ച് പ്രവർത്തിച്ചു. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ശിരോമണി അകാലിദളിനുവേണ്ടി തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനഞ്ഞത് സുനില്‍ കനുഗോലു ആയിരുന്നു. 2016ൽ ഡി എം കെയുടെ രാഷ്ട്രീയ പ്രചാരണത്തിന് നേതൃത്വം നൽകിയ സുനിൽ പാർട്ടി അധ്യക്ഷൻ കെ കരുണാനിധിയുടെ പിൻഗാമിയെന്ന നിലയിൽ എം കെ സ്റ്റാലിന്റെ പ്രതിച്ഛായ കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചിരുന്നു.

നേരത്ത ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് തിരഞ്ഞെടുപ്പ് തന്ത്രഞ്ജൻ പ്രശാന്ത് കിഷോർ കോൺഗ്രസ് വേണ്ടി തന്ത്രങ്ങൾ മെനയുമെന്നും പാർട്ടിയിൽ അംഗത്വമെടുക്കുമെന്നുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എ ഐ സി സി അംഗമായി പ്രശാന്ത് എത്തുമെന്നും പാർട്ടിയെ അടിമുടി പൊളിച്ചെഴുതുമെന്നൊക്കെയായിരുന്നു റിപ്പോർട്ടുകൾ. കോൺഗ്രസ് നേതൃത്വവും പ്രശാന്തും നിരവധി തവണ ഇത് സംബന്ധിച്ച ചർച്ചകളും നടത്തിയിരുന്നു. എന്നാൽ പിന്നീട് ഗോവ നിയമസഭ തിരഞ്ഞെടുപ്പിൽ തൃണമൂൽ നേതാവ് മമത ബാനർജിയെ പിന്തുണയ്ക്കാനുള്ള പ്രശാന്തിന്റെ തിരുമാനവും കോൺഗ്രസിനെ കടന്നാക്രമിച്ചുള്ള പ്രചരണവും നേതൃത്വത്തെ ചൊടിപ്പിച്ചു. ഇതോടെ കോൺഗ്രസ് പ്രശാന്തിന് മുന്നിൽ വാതിലടയ്ക്കുകയായിരുന്നു.

അതേസമയം ഇപ്പോൾ സുനിലിന്റെ അപ്രതീക്ഷിത പാർട്ടി പ്രവേശനത്തിൽ അമ്പരപ്പിലാണ് പല കോൺഗ്രസ് നേതാക്കളും. നേരത്തേ സുനിൽ കോൺഗ്രസിന് വേണ്ടി പ്രവർത്തിച്ചേക്കുമെന്നുള്ള ചർച്ചകൾ ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹം പാർട്ടിയിൽ അംഗത്വം എടുക്കുമെന്ന പ്രതീക്ഷ സംസ്ഥാന കോൺഗ്രസ് നേതാക്കൾക്ക് ഉണ്ടായിരുന്നില്ല. നേതാക്കളെ ഒറ്റക്കെട്ടായി കൊണ്ടുപോകാനും തിരഞ്ഞെടുപ്പ് വിജയത്തിനായി പദ്ധതികൾ ആവിഷ്കരിക്കാനും സുനിലിന് സാധിക്കുമെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

അദ്ദേഹം പഞ്ചാബിൽ അകാലിദളിന്റെ തിരഞ്ഞെടുപ്പിന് വേണ്ടി ചുക്കാൻ പിടിച്ചു, തമിഴ്നാട്ടിൽ എ ഐ എ ഡി എം കെയുടെ വിജയത്തിന് സഹായിച്ചു യുപിയിലും രാജസ്ഥാനിലും ബിജെപിക്ക് വേണ്ടി തന്ത്രം മെനഞ്ഞു, കർണാടകത്തിൽ കോൺഗ്രസിനെ അധികാരത്തിലെത്തിക്കാനും സുനിലിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും നേതാക്കൾ പ്രതികരിച്ചു. അതേസമയം സുനിലിനെ കോൺഗ്രസിൽ എത്തിച്ചതിന് പിന്നിലുള്ള പ്രധാന കാരണമായി വിലയിരുത്തുന്നത് അദ്ദേഹവും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും തമ്മിലുള്ള ബന്ധമാണ്. ബി ജെ പിയുമായി അടുത്ത് പ്രവർത്തിച്ച വ്യക്തിയെന്ന നിലയിൽ അദ്ദേഹത്തിന്റെ തിരുമാനങ്ങൾ തങ്ങൾക്ക് ഗുണകരമാകുമെന്നും നേതൃത്വം കരുതുന്നുണ്ട്.
'അനുശ്രീ മുത്താണ്'......പേൾ അഴകിൽ നടിയുടെ എലഗന്റ് ഫോട്ടോസ്.. വൈറൽ