ബലാത്സംഗത്തിന് കാരണം മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോകള്‍ ലഭിക്കുന്നത്: ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി
അഹമ്മദാബാദ്: ബലാത്സംഗങ്ങള്‍ സംഭവിക്കുന്നതിന് പ്രധാന കാരണം മൊബൈല്‍ ഫോണുകളില്‍ അശ്ലീല വീഡിയോകള്‍ എളുപ്പത്തില്‍ ആക്‌സസ് ചെയ്യപ്പെടുന്നതിനാലാണെന്ന് ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി ഹര്‍ഷ് സംഘവി. ചെറിയ പെണ്‍കുട്ടികളെ ബലാത്സംഗത്തിന് ഇരയാക്കുന്നത് അയല്‍ക്കാരും ബന്ധുക്കളും തന്നെയണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതെല്ലാം കാരണമാണ് രാജ്യത്ത് ബലാത്സംഗം വര്‍ധിക്കുന്നത് എന്നും ഹര്‍ഷ് സംഘവി പറഞ്ഞു.
ഇക്കാര്യം ഒരു സര്‍വെയില്‍ പറയുന്നതായും ഹര്‍ഷ് സംഘവി അവകാശപ്പെട്ടു. ബലാത്സംഗ സംഭവങ്ങളില്‍ തങ്ങള്‍ എപ്പോഴും പോലീസിനെ കുറ്റപ്പെടുത്താറുണ്ടെന്നും എന്നാല്‍ ഇത്തരം സംഭവങ്ങള്‍ സമൂഹത്തിന് കളങ്കമാണ് എന്നും ഹര്‍ഷ് സംഘവി പറഞ്ഞു. ഇത്തരം സംഭവങ്ങളില്‍ പൊലീസിനെ മാത്രം കുറ്റം പറയാന്‍ കഴിയില്ല.

നമ്മുടെ രാജ്യത്ത് ഗുജറാത്താണ് ഏറ്റവും സുരക്ഷിതമായ സംസ്ഥാനമെന്നും ഹര്‍ഷ് സംഘവി അവകാശപ്പെട്ടു. ഒരു പിതാവ് തന്റെ ചെറിയ മകളെ ബലാത്സംഗം ചെയ്യുമ്പോള്‍, ഇതൊരു വലിയ സാമൂഹിക പ്രശ്‌നമല്ലേ? അച്ഛന്‍ മകളെ ബലാത്സംഗം ചെയ്താല്‍ അതിന്റെ കാരണം അയാളുടെ മൊബൈല്‍ ഫോണാണ് എന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഗുജറാത്തില്‍ 3,796 ബലാത്സംഗ കേസുകളും 61 കൂട്ടബലാത്സംഗ കേസുകളും രജിസ്റ്റര്‍ ചെയ്തതായി സംസ്ഥാന സര്‍ക്കാര്‍ മാര്‍ച്ചില്‍ നിയമസഭയെ അറിയിച്ചിരുന്നു. 2021 ഡിസംബര്‍ വരെ, ഈ എഫ്ഐആറുകളില്‍ പ്രതികളായി കാണിച്ചിരിക്കുന്ന 203 പേരെ ഇനിയും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ബജറ്റ് സമ്മേളനത്തിന്റെ ചോദ്യോത്തര വേളയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ പറഞ്ഞു.
സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത ബലാത്സംഗ, കൂട്ടബലാത്സംഗ കേസുകളെ കുറിച്ച് കോണ്‍ഗ്രസ് എം എല്‍ എമാര്‍ ഉന്നയിച്ച ഒരു കൂട്ടം ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന പട്ടേല്‍. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ (729) രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് അഹമ്മദാബാദിലാണ്. തൊട്ടുപിന്നാലെ സൂറത്ത് (508), വഡോദര (183), ഛോട്ടാഡെപൂര്‍ (175), കച്ച് (166) എന്നിങ്ങനെയാണ്.
അതുപോലെ, കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ അഹമ്മദാബാദില്‍ 16 കൂട്ടബലാത്സംഗ കേസുകളും രാജ്കോട്ടില്‍ ഏഴ്, സൂറത്തില്‍ അഞ്ച്, വഡോദരയിലും അമ്‌റേലിയിലും നാല് വീതവും കൂട്ടബലാത്സംഗക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2020ല്‍ ഗുജറാത്തില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ 8,028 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായി ഹര്‍ഷ് സംഘവി പറഞ്ഞിരുന്നു.












Click it and Unblock the Notifications