ഇന്ത്യ സന്ദര്‍ശിക്കുന്ന ചൈനീസ് പൗരന്മാര്‍ക്ക് മുന്നറിയിപ്പ്: വിസ നിഷേധിക്കും! വീണ്ടും തര്‍ക്കം!
ബീജിങ്: ഇന്ത്യ സന്ദര്‍ശിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ചൈന. ഇന്ത്യ സന്ദര്‍ശിക്കുന്ന ചൈനീസ് പൗരന്മാര്‍ക്കാണ് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ഡോക്ലാം തര്‍ക്കത്തിന് ശേഷം ആദ്യമായാണ് ചൈന ഇത്തരത്തില്‍ മുന്നറിയിപ്പ് നല്‍കുന്നത്. ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപുകള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലേയ്ക്ക് ചൈനീസ് പൗരന്മാര്‍ക്ക് വിസ അനുവദിക്കാത്ത സാഹചര്യത്തിലാണ് ഇന്ത്യയിലുള്ള എംബസി മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുള്ളത്.
മൂന്ന് മാസം നീണ്ടുനിന്ന സിക്കിം സെക്ടറിലെ അതിര്‍ത്തി തര്‍ക്കം ഒത്തുതീര്‍പ്പില്‍ കലാശിച്ചതിന് ശേഷം ചൈന ഡോക്ലാമില്‍ നിലവിലുള്ള റോഡ് നിര്‍മാണം തുടരുന്നിരുന്നു. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ചൈനീസ് എംബസി മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. നേരത്തെയും ചൈന ഇന്ത്യയിലേയ്ക്ക് സഞ്ചരിക്കുന്ന ചൈനീസ് പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ജൂണ്‍ 16ന് ഇരു രാജ്യങ്ങളും തമ്മില്‍ ആരംഭിച്ച അതിര്‍ത്തി തര്‍ക്കം ആഗസ്റ്റ് 28ന് ഒത്തുതീര്‍പ്പിലെത്തിയിരുന്നുവെങ്കിലും ഇന്ത്യ മാത്രമാണ് ഡോക്ലാമില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ചത്.

മുന്നറിയിപ്പ് ചൈനീസ് പൗരന്മാര്‍ക്ക്
ചൈനീസ് എംബസിയുടെ വെബ്സൈറ്റിലാണ് ഇന്ത്യയിലേയ്ക്ക് സഞ്ചരിക്കുന്ന ചൈനീസ് പൗരന്മാര്‍ക്ക് യാത്രാ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ചൈനീസ് വിനോദ സഞ്ചാരികള്‍ക്ക് അനുമതി നിഷേധിക്കുന്ന സംഭവങ്ങള്‍ അന്വേഷിക്കുമെന്നും ചൈനീസ് എംബസി വെബ്സൈറ്റില്‍ വ്യക്തമാക്കുന്നു. വെബ്സൈറ്റിനെ ഉദ്ധരിച്ച് ചൈനീസ് മാധ്യമം ഗ്ലോബല്‍ ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആന്‍ഡമാനില്‍ പ്രശ്നം
ഇന്ത്യയില്‍ നിന്ന് അനുമതിയില്ലാതെ വിദേശികള്‍ക്ക് പ്രവേശനമില്ലാത്ത ആന്‍ഡമാന്‍ നിക്കോബാറിലെ ചില പ്രദേശങ്ങള്‍ ചില ചൈനീസ് പൗരന്മാര്‍ സന്ദര്‍ശിച്ചതോടെ ഇന്ത്യ ചൈനീസ് വിനോദസഞ്ചാരികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. ഈ സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് എംബസിയുടെ യാത്രാ മുന്നറിയിപ്പ്. ചില ചൈനീസ് പൗരന്മാരോട് ഇന്ത്യയില്‍ എത്തിയ ഉടന്‍ തന്നെ മടങ്ങിപ്പോകാനും ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചിരുന്നു.

ജൂലൈ ഏഴിന്
സിക്കിം അതിര്‍ത്തിയില്‍ ചൈനീസ് പീപ്പിള്‍സ് ആര്‍മിയുടെ റോഡ് നിര്‍മാണത്തെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മില്‍ തര്‍ക്കം ആരംഭിച്ചതോടെ 2017 ജൂലൈ ഏഴിനാണ് ചൈനീസ് എംബസി ആദ്യം ഇന്ത്യയിലേയ്ക്ക് സഞ്ചരിക്കുന്നതും ഇന്ത്യയില്‍ കഴിയുന്നതുമായ ചൈനീസ് പൗരന്മാര്‍ക്ക് യാത്രാ മുന്നറിയിപ്പ് നല്‍കിയത്. സുരക്ഷ കണക്കിലെടുത്ത് അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും നിര്‍ദേശിച്ചിരുന്നു. ഇന്ത്യയില്‍ പ്രാദേശികമായി നിലനില്‍ക്കുന്ന ആചാരങ്ങളും നിയമങ്ങളും പാലിക്കാനും എംബസി നിര്‍ദേശം നല്‍കിയിരുന്നു.

രണ്ടാമത്തെ മുന്നറിയിപ്പ്
സിക്കിം അതിര്‍ത്തി തര്‍ക്കം 73ാം ദിവസത്തിലെത്തിയ സാഹചര്യത്തില്‍ ആഗസ്റ്റ് 24 നാണ് ചൈനീസ് എംബസി രണ്ടാമത്തെ യാത്രാ മുന്നറിയിപ്പ് പുറപ്പെടുവിയ്ക്കുന്നത്. ജൂണ്‍ 16ന് ഡോക്ലാമില്‍ ചൈനീസ് സൈന്യം റോഡ് നിര്‍മിക്കാന്‍ ആരംഭിച്ചതോടെയാണ് ഇന്ത്യന്‍ സൈന്യവും ചൈനീസ് സൈന്യവും ട്രൈ ജംങ്ഷനായ ഡോക്ലാമില്‍ മുഖാമുഖം നില്‍പ്പുറപ്പിച്ചത്. ആഗസ്റ്റ് 28നാണ് അതിര്‍ത്തി തര്‍ക്കം പരിഹരിക്കപ്പെട്ടത്. ഇന്ത്യ സൈന്യത്തെ പിന്‍വലിച്ചെങ്കിലും പ്രദേശത്ത് ചൈനീസ് സൈനിക വിന്യാസം അതുപോലെ തുടരുകയും ചെയ്തു.