പ്രജ്വലില്‍ കുടുങ്ങി ജെഡിഎസ്: നിലപാട് മാറ്റി കുമാരസ്വാമി, തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം
ബെംഗളൂരു: കർണാടക രാഷ്ട്രീയത്തെ പിടിച്ച് കുലുക്കിക്കൊണ്ട് ഹാസന്‍ എംപി പ്രജ്വല്‍ രേവണ്ണയ്ക്കെതിരായ അശ്ലീല വീഡിയോ ആരോപണം കത്തിക്കയറുകയാണ്. വിഷയത്തില്‍ പ്രത്യേക അന്വേഷണ സംഘം അന്വേഷണം ആരംഭിച്ചതിന് പിന്നാലെ പ്രജ്വല്‍ വിദേശത്തേക്ക് കടന്നതായുള്ള റിപ്പോർട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഹാസനിലെ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു പ്രജ്വലിനെതിരായ വീഡിയോകള്‍ പുറത്ത് വന്നത്.
ആരോപണത്തില്‍ പ്രജ്വലിനെ പിന്തുണയ്ക്കുന്ന നിലപാടാണ് പ്രമുഖ ജെഡിഎസ് നേതാക്കാളെല്ലാം തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ സ്വീകരിച്ചത്. കോണ്‍ഗ്രസ് പ്രജ്വലിനെതിരെ അടിസ്ഥാന രഹിതമായ ആരോപണമാണ് ഉന്നയിക്കുന്നതെന്നും വീഡിയോ വ്യാജമായി നിർമ്മിച്ചതാണെന്നും ജെ ഡി എസ് നേതാക്കള്‍ അവകാശപ്പെട്ടു.

പ്രജ്വലിനെതിരെ കൂടുതല്‍ ശക്തമായ തെളിവുകള്‍ പുറത്ത് വന്നതോടെ കുമാരസ്വാമി അടക്കമുള്ള നേതാക്കള്‍ നിലപാട് മാറ്റുന്നു എന്നതും ശ്രദ്ധേയമാണ്. കുമാരസ്വാമിയുടെ നിലപാട് മാറ്റം സംബന്ധിച്ച ഒരു വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.
'പ്രജ്വല്‍ എന്റേയും മകനാണ്. ദയവ് ചെയ്ത് എല്ലാവരും അവന് വോട്ട് ചെയ്യണം' എന്നായിരുന്നു തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ആരോപണം ഉയർന്ന വേളയില്‍ കുമാരസ്വാമി പ്രജ്വലിനെ അടുത്ത് നിർത്തിക്കൊണ്ട് പറഞ്ഞത്. എന്നാല്‍ കുറ്റക്കാരനാണെങ്കില്‍ പ്രജ്വലിനെതിരെ നടപടി സ്വീകരിക്കണമെന്നാണ് എച്ച് ഡി കുമാരസ്വാമി ഇപ്പോള്‍ ആവശ്യപ്പെടുന്നത്. അദ്ദേഹം വിദേശത്തേക്ക് പോയിട്ടുണ്ടെങ്കില്‍ പ്രത്യേക അന്വേഷണ സംഘം അവനെ തിരികെ കൊണ്ടുവരട്ടെ. എനിക്ക് ഇതുമായി ബന്ധമൊന്നും ഇല്ലെന്നും കുമാരസ്വാമി പറഞ്ഞു.
"ആരോപണങ്ങൾ അന്വേഷിക്കാൻ സംസ്ഥാന സർക്കാർ ഒരു എസ്ഐടി രൂപീകരിച്ചു. എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നീതിയുക്തമായ അന്വേഷണം നടക്കട്ടെ. കുറ്റകൃത്യം ചെയ്യുന്നവർ രാജ്യത്തെ നിയമപ്രകാരമുള്ള ശിക്ഷ അനുഭവിക്കണം. ആരോപണം നേരിടുന്ന വ്യക്തിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. കുടുംബത്തെ കുറ്റപ്പെടുത്തരുത്. എച്ച്ഡി രേവണ്ണയും അവന്റെ കുടുംബവും വേറെയാണ്. അവന്‍ എങ്ങോട്ട് പോകുന്നുവെന്നോ വരുന്നുവെന്നോ ഞാന്‍ നോക്കാറില്ല "അദ്ദേഹം പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഇത്തരമൊരു വീഡിയോ പുറത്ത് വന്നതിനേയും കുമരാസ്വാമി ചോദ്യം ചെയ്യുന്നു. വീഡിയോ പുറത്തിറക്കിയതിന് പിന്നിൽ ആരാണ്? ഇത്തരം കാര്യങ്ങൾ ചെയ്യുന്നതില്‍ അവർ വിദഗ്ധരാണെന്നും കുമാരസ്വാമി പറഞ്ഞു.
അതേസമയം, ലൈംഗികാതിക്രമം കാണിക്കുന്ന മൂവായിരത്തോളം വീഡിയോകള്‍ അടങ്ങിയ പെന്‍ഡ്രൈവ് തനിക്ക് ലഭിച്ചെന്ന വെളിപ്പെുത്തലുമായി ബി ജെ പി നേതാവ് ദേവരാജെ ഗൗഡ രംഗത്ത് വന്നു. 2023ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ഹോളനര്‍സിപുര സ്ഥാനാര്‍ത്ഥിയായിരുന്ന വ്യക്തിയാണ് ദേവരാജെ ഗൗഡ. ഇത് പ്രജ്വല്‍ രേവണ്ണയുടെ പെന്‍ഡ്രൈവാണ്, ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട് 2023 ഡിസംബറില്‍ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ബി വൈ വിജയേന്ദ്രക്ക് കത്ത് അയച്ചിരുന്നുവെന്നും ദേവരാജെ ഗൗഡ പറഞ്ഞു.












Click it and Unblock the Notifications