കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് പ്രകാശ് ജാവദേക്കര്‍; പ്രക്ഷോഭം ശക്തമാക്കി കര്‍ഷകര്‍
ദില്ലി: വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. കര്‍ഷകരുമായി ചര്‍ച്ചകള്‍ നടത്തി ഭേദഗതിക്ക് തയാറാണ്. ഈ ബില്ല ചര്‍ച്ച ചെയ്യാനായി മാത്രം പാര്‍ലമെന്‍റിന്‍റെ പ്രത്യേക സമ്മേളനം പരിഗണനയിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മലയാളം ടിവി ചാനലായ മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിഷേധങ്ങളെ തുടര്‍ന്ന് നിയമം പിന്‍വലിച്ചാല്‍ മറ്റ് നിയമങ്ങള്‍ പിന്‍വലിക്കണെമെന്ന് ആവശ്യവുമായി വേറെയും ആളുകള്‍ വരാം. കേരളത്തില്‍ നിയമം നടപ്പാക്കില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കേന്ദ്രം പാസാക്കിയ നിയമം നടപ്പാക്കാതിരിക്കാന്‍ ഏതെങ്കിലും ഒരു സംസ്ഥാനത്തിന് കഴിയില്ല. ഇത്തരം പ്രസ്താവനകളെല്ലാം കയ്യടിക്ക് വേണ്ടിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. തീവ്ര ഇടതുപക്ഷവും ഖലിസ്ഥാനികളും സമരത്തില്‍നിന്ന് നേട്ടമുണ്ടാക്കുന്നുവെന്നും പ്രകാശ് ജാവദേക്കര്‍ ആരോപിച്ചു.

അതേസമയം, കര്‍ഷക പ്രകഷോഭം ഇന്ന് പതിനെട്ടാം ദിവസത്തിലേക്ക് കടന്നു. ജയ്പ്പൂര്‍ ദേശീയപതായിലൂടെയും ആഗ്ര എക്സ് പ്രസ് പാതയിലൂടെയും കര്‍ഷകരുടെ രണ്ടാംഘട്ട ദില്ലി ചലോ മാര്‍ച്ച് ഇന്ന് ആരംഭിക്കും. രാജസ്ഥാനിലെ സാഹ്ജൻപ്പൂരിൽ നിന്ന് 11 മണിക്കാണ് ജയ്പ്പൂര്‍ ദേശീയപാതയിലെ റാലി ആരംഭിക്കുക. ട്രാക്ടറുകളും കന്നുകാലികളുമായി രാജസ്ഥാനിലേയും ഹരിയാനയിലേയും ഉത്തര്‍പ്രദേശിലേയും കര്‍ഷകരാണ് രാജ്യതലസ്ഥാനത്തേക്ക് എത്തുന്നത്. നൂറുകണക്കിന് പശുക്കളും കാളകളും ഉൾപ്പെടെ നൂറുകണക്കിന് കന്നുകാലികളെയും തെളിച്ച് കർഷകർ മാർച്ച് ചെയ്യുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.
രാജസ്ഥാനിൽ നിന്ന് പുറപ്പെടുന്ന മാര്‍ച്ച് അതിര്‍ത്തിയിൽ തടയാനാണ് ഹരിയാന പൊലീസിന്‍റെ തീരുമാനം. എന്നാല്‍ മാര്‍ച്ച് തടയാന്‍ പൊലീസിന്‍റെ ഭാഗത്ത് നിന്നും ശ്രമമുണ്ടായാല്‍ കടത്തി വിടുന്നത് വരെ ഹൈവെ ഉപരോധിക്കുമെന്നാണ് കര്‍ഷകര്‍ വ്യക്തമാക്കുന്നത്. നിലവില്‍ സിംഗു, തിക്രി, ഗാസിപ്പൂര്‍ അതിര്‍ത്തികളിലുടെയാണ് കര്‍ഷകര്‍ സമരത്തിന് എത്തുന്നത്. ഇതിന് പുറമെ ജയ്പൂര്‍-ആഗ്ര പാതകളിൽ കൂടി കര്‍ഷകര്‍ എത്തുന്നതോടെ ദില്ലിയിലേക്കുള്ള എല്ലാ പ്രധാനപാതകളിലൂടെയുള്ള ഗതാഗതം തടസ്സപ്പെടും. നിയമം പിന്‍വലിക്കാന്‍ കഴിയില്ലെന്ന കേന്ദ്രം ആവര്‍ത്തിച്ച് വ്യക്തമാക്കിയതോടെയാണ് പ്രതിഷേധം ശക്തമാക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചത്.












Click it and Unblock the Notifications