പ്രകാശ് രാജ് കുടുങ്ങുമോ? കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു, ഇതാണ് കേസ്, നടന്റെ പ്രതികരണം
ചലച്ചിത്ര താരം പ്രകാശ് രാജിനെതിരെ ബെംഗളൂരു കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. വിവിധ സംസ്ഥാനങ്ങളിലായി നാല് വോട്ടർ ഐഡന്റിറ്റി കാർഡുകൾ കൈവശം വെച്ചുവെന്ന പരാതിയിലാണ് നടപടി. വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്തിയെന്ന അതീവ ഗുരുതരമായ ആരോപണമാണ് താരത്തിനെതിരെ ഇപ്പോൾ ഉയർന്നുവന്നിരിക്കുന്നത്.
കർണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ നാല് സംസ്ഥാനങ്ങളിലാണ് പ്രകാശ് രാജിന് വോട്ടർ ഐഡി കാർഡുകൾ ഉള്ളതെന്ന് ദിലീപ് കുമാര്‍ എന്ന വ്യക്തി കോടതിയിൽ സമർപ്പിച്ച പരാതിയിൽ വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പ് ചട്ടങ്ങൾ അനുസരിച്ച് ഒരു വ്യക്തിക്ക് ഒരു സമയത്ത് ഒരു സംസ്ഥാനത്തെ ഒരു മണ്ഡലത്തിൽ മാത്രമേ വോട്ടർ പട്ടികയിൽ പേര് ചേർക്കാനും തിരിച്ചറിയൽ കാർഡ് സ്വന്തമാക്കാനും നിയമപരമായ അനുവാദമുള്ളൂ. ഇതിന്റെ ലംഘനമാണ് താരം നടത്തിയതെന്നാണ് കോടതിയിലെ ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നത്.

ബെംഗളൂരുവിലെ 48-ാമത് അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രകാശ് രാജിന് എതിരെ സ്വകാര്യ ഹർജി സമർപ്പിക്കപ്പെട്ടത്. ഒന്നിലധികം സംസ്ഥാനങ്ങളിൽ ഒരേസമയം സജീവ വോട്ടർ കാർഡുകൾ സൂക്ഷിക്കുന്നത് ശിക്ഷാർഹമായ കുറ്റമാണെന്നും അതിനാൽ താരത്തിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഹർജിയിൽ പരാതിക്കാരൻ ആവശ്യപ്പെട്ടിരുന്നു.
ഹർജി ഫയലിൽ സ്വീകരിച്ച കോടതി നേരിട്ട് ഹാജരായി തന്റെ ഭാഗത്തുള്ള വിശദീകരണം നൽകാൻ ആവശ്യപ്പെട്ട് നേരത്തെ പ്രകാശ് രാജിന് സമൻസ് അയച്ചിരുന്നു. എന്നാൽ ഹാജരാകാനോ ന്യായങ്ങൾ സമർപ്പിക്കാനോ താരം തയ്യാറാകാതിരുന്നതാണ് തുടർ നടപടികൾ വേഗത്തിലാക്കാൻ കോടതിയെ പ്രേരിപ്പിച്ചത്.
തുടർച്ചയായി കോടതി സമൻസ് അവഗണിക്കുകയും നിയമപരമായ പ്രതികരണങ്ങളോട് വേണ്ടവിധത്തിൽ സഹകരിക്കാതിരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് മജിസ്‌ട്രേറ്റ് കോടതി ഒടുവിൽ പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. അതേസമയം, പരാതിയെ പരിഹസിച്ചാണ് പ്രകാശ് രാജ് പ്രതികരിച്ചത്. തനിക്കെതിരെ വ്യാജ വാര്‍ത്തകള്‍ നല്‍കുന്ന തിരക്കിലാണ് ചിലര്‍. അവര്‍ എപ്പോഴും തിരക്കിലായിരിക്കുന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്നും പ്രകാശ് രാജ് പറഞ്ഞു.
കേന്ദ്ര ഭരണകൂടത്തിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും നയങ്ങളെ പ്രകാശ് രാജ് പരസ്യമായി വിമർശിക്കാറുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള അദ്ദേഹത്തിന്റെ പ്രതികരണങ്ങൾ പലപ്പോഴും രാജ്യവ്യാപകമായ വലിയ ചർച്ചകൾക്കു കാരണമാകുകയും ചെയ്തിരുന്നു. സംഘപരിവാറിനെതിരെ കടുത്ത ഭാഷയിലാണ് പ്രകാശ് രാജ് പ്രതികരിക്കാറുള്ളത്. ബെംഗളൂരുവിൽ നടന്ന നീറ്റ് പരീക്ഷാ ചോർച്ചയുമായി സിജെപിയുടെ പ്രതിഷേധ പരിപാടികളിലും അദ്ദേഹം പങ്കെടുത്തിരുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ നടന്ന ആ സമരത്തിന് അദ്ദേഹം സജീവമായി പിന്തുണ പ്രഖ്യാപിച്ചതും പ്രാദേശികമായി വലിയ വാർത്തയായിരുന്നു.
കോടതിയുടെ ജാമ്യമില്ലാ വാറണ്ട് നിലനിൽക്കുന്ന നിലവിലെ പ്രത്യേക സാഹചര്യത്തിൽ പ്രകാശ് രാജ് ഉടൻ തന്നെ കോടതി മുൻപാകെ നേരിട്ട് ഹാജരാകുമോ അതോ അറസ്റ്റ് നടപടികൾ തടയാനായി ഹൈക്കോടതി ഉൾപ്പെടെയുള്ള ഉയർന്ന കോടതികളെ സമീപിച്ച് സ്റ്റേ ഓർഡർ വാങ്ങാൻ ശ്രമിക്കുമോ എന്നാണ് സിനിമാ ലോകവും നിയമ വൃത്തങ്ങളും ഉറ്റുനോക്കുന്നത്.















Click it and Unblock the Notifications