വീണ്ടും പ്രകാശ് രാജ്; ഇത്തവണ താജ് മഹല്‍; ഇങ്ങനെ പോയാല്‍ ഓര്‍മയാകും....
താജ്മഹല്‍ വിവാദത്തില്‍ പ്രതികരണവുമായി സംവിധായകനും നടനുമായ പ്രകാശ് രാജ് രംഗത്ത്. ഭാവിയില്‍ താജ് മഹല്‍ ഓര്‍മയാകില്ലെ എന്ന ചോദ്യവുമായാണ് പ്രകാശ് രാജ് രംഗത്തെത്തിയിരിക്കുന്നത്. താജ് മഹലിനെ ഇല്ലാതാക്കാന്‍ നിങ്ങള്‍ ശ്രമിക്കുന്നതിനിടെ നമ്മുടെ കുട്ടികളെ അത് വീണ്ടും കാണിച്ചു കൊടുത്തു കൂടെയെന്നും അദ്ദേഹം ചോദിക്കുന്നു.
ട്വിറ്ററിലാണ് പ്രകാശ് രാജിന്റെ പ്രതികരണം. ട്വിറ്ററില്‍ ഏറെ ട്രെന്റിങ് ആയ ജസ്റ്റ് ആസ്‌കിങ് ഹാഷ് ടാഗോടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. നേരത്തെ ഗൗരി ലങ്‌കേഷിന്റെ വധത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രകാശ് രാജ് ആഞ്ഞടിച്ചിരുന്നു.

ഉത്തര്‍പ്രദേശിന്റെ ടൂറിസം കേന്ദ്രങ്ങളെ കുറിച്ച് തയ്യാറാക്കിയ കൈപ്പുസ്തകത്തില്‍ നിന്ന് താജ്മഹലിന്റെ പേര് ഒഴിവാക്കിയിരുന്നു. ഇതോടെയാണ് താജ് മഹലിനെ ചൊല്ലി വിവാദം ആരംഭിച്ചത്. ബിജെപി സര്‍ക്കാര്‍ മനഃപൂര്‍വം ഒഴിവാക്കിയതെന്നായിരുന്നു പ്രധാന ആരോപണം.
ഇതിനു പിന്നാലെ താജ് മഹലിനെ കുറിച്ച് ബിജെപി നേതാക്കള്‍ നടത്തിയ മോശം പരാമര്‍ശത്തിലൂടെ വിവാദം കനക്കുകയായിരുന്നു. ബിജെപി നേതാവ് സംഗീത് സോം നടത്തിയ പരാമര്‍ശമായിരുന്നു ഏറെ വിവാദമായത്. രാജ്യ ദ്രോഹികളാണ് താജ് മഹല്‍ നിര്‍മ്മിച്ചതെന്നും താജ് മഹല്‍ ഇന്ത്യന്‍ ചരിത്രത്തിന്റെ ഭാഗമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.












Click it and Unblock the Notifications