വിധി ദിനത്തിൽ മനോഹർ പരീഖറിന്‍റെ പാത പിന്തുടർന്ന് ഗോവ മുഖ്യമന്ത്രി
പനാജി: വോട്ടെണ്ണൽ ദിനത്തിൽ ഗോവൻ മുൻ മുഖ്യമന്ത്രി മനോഹർ പരീഖറിന്‍റെ പാത പിന്തുടർന്ന് പ്രമോദ് സാവന്ത്. സ്വന്തം മണ്ഡലത്തിലെത്തി ശ്രീദത്ത മന്ദിർ സന്ദർശിച്ചുകൊണ്ടാണ് നിലവിലെ മുഖ്യമന്ത്രിയായ പ്രമോദ് സാവന്ത് വോട്ടെണ്ണൽ ദിവസം ആരംഭിച്ചത്. എക്‌സിറ്റ് പോളുകൾ തൂക്കുമന്ത്രിസഭയാണ് ഗോവയിൽ പ്രവചിച്ചിട്ടുള്ളതെങ്കിലും ബിജെപിയും കോൺഗ്രസും ഗോവയിൽ വലിയ പ്രതീക്ഷ വക്കുന്ന സംസ്ഥാനമാണ് ഗോവ. സംസ്ഥാനത്ത് ബിജെപി സർക്കാരാകും വീണ്ടും ഭരണത്തിലേറുകയെന്ന് പ്രതീക്ഷയും പ്രമോദ് സാവന്ത് പ്രകടിപ്പിച്ചു.
സംസ്ഥാനത്ത് ബിജെപി 40 സീറ്റുകളിലും സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്. ബിജെപിയും കോൺഗ്രസും ശക്തമായ പോരാട്ടം നടക്കുമെന്നാണ് എക്‌സിറ്റ് പോളുകളുടെ പ്രവചനം. കോൺഗ്രസ് സ്ഥാനാർഥികളെ ഇതിനകം റിസോർട്ടിലേക്ക് മാറ്റിയിട്ടുണ്ട്. ബിജെപിയെ ഭരണത്തിൽ നിന്ന് മാറ്റിനിർത്താൻ ആംആദ്‌മിയുമായും തൃണമൂൽ കോൺഗ്രസുമായും ചർച്ചകൾ നടക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന പുതിയ വിവരം. ഗോവ ഫോർവേഡ് പാർട്ടി, കോൺഗ്രസുമായി സഖ്യത്തിലാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് മഹാരാഷ്‌ട്രവാദി ഗോമൻതക് പാർട്ടിയുമായി സഖ്യമായിരുന്നു.
2017ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ 17 സീറ്റുകൾ നേടി കോൺഗ്രസ് ഒറ്റക്കക്ഷിയായിരുന്നു. എന്നാൽ സംസ്ഥാനത്ത് ബിജെപി പ്രാദേശിക പാർട്ടികളുടെയും സ്വതന്ത്രരുടെയും പിന്തുണയോടെ സംസ്ഥാനത്ത് ഭരണത്തിൽ കയറുകയായിരുന്നു. കോൺഗ്രസിന്‍റെ ചർച്ചകൾ നീണ്ടുപോയതാണ് 2017ൽ കോൺഗ്രസിന് തിരിച്ചടിയായത്. അതിനിടെ 13 സീറ്റുകൾ നേടിയ ബിജെപി സർക്കാർ രൂപികരിച്ചു. തുടർന്ന് 15 കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നു.

ഗോവയിലെ ബിജെപി മുഖമായിരുന്ന മനോഹർ പരീഖർ ഇല്ലാതെയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ബിജെപി ടിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് പരീഖറിന്‍റെ മകൻ ഉദ്‌പൽ പരീഖർ സ്വതന്ത്ര സ്ഥാനാർഥിയായി പനാജിയിൽ നിന്ന് ജനവിധി തേടിയിരുന്നു.
ഗോവയിൽ 40 മണ്ഡലങ്ങളിലേക്കും ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടന്നത്. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നേരിട്ടെത്തിയായിരുന്നു ഗോവയിൽ തൃണമൂലിന്‍റെ നീക്കങ്ങൾ ശക്തമാക്കിയത്. പരമാവധി സീറ്റുകൾ ഉറപ്പിക്കാനാണ് ആം ആദ്മി പാർട്ടി രംഗത്തുള്ളത്. കഴിഞ്ഞ ദിവസം പ്രമോദ് സാവന്ത്, പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും സന്ദർശിച്ചിരുന്നു. ഗോവയുടെ ചുമതലയുളള മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായും മുതിർന്ന നേതാക്കൾ ചർച്ച നടത്തി.
Recommended Video
ഗോവയിൽ 16 സീറ്റുകൾ നേടി കോൺഗ്രസ് ഒറ്റകക്ഷിയാകുമെന്നും ബിജെപിക്ക് 14 സീറ്റുകൾ ലഭിക്കുകയെന്നുമായിരുന്നു ടൈംസ് നൗ എക്‌സിറ്റ് പോൾ ഫലം. ആംആദ്‌മി പാർട്ടിക്ക് നാല് സീറ്റും ടൈംസ് നൗ പ്രവചിച്ചു












Click it and Unblock the Notifications