
പ്രമോദ് സാവന്ത് ഗോവൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു
പനാജി : ഗോവൻ മുഖ്യമന്ത്രിയായി പ്രമോദ് സാവന്ത് സത്യപ്രതിജ്ഞ ചെയ്ത് ചുതലയേറ്റു. തുടർച്ചയായ രണ്ടാം തവണയാണ് സാവന്ത് മുഖ്യമന്ത്രി പദത്തിലെത്തുന്നത്. ഡോ.ശ്യാമ പ്രസാദ് മുഖർജി സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബിജെപി അധ്യക്ഷൻ ജെപി നദ്ദ, ഹരിയാന മുഖ്യമന്ത്രി എംഎൽ ഖട്ടർ, കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വിശ്വജീത് റാണെ, മൗവിൻ ഗോഡിഞ്ഞോ, രവി നായിക്, നിലേഷ് കബ്രാൾ, സുഭാഷ് ശിരോദ്കർ, രോഹൻ ഖൗണ്ടേ, അറ്റനാസിയോ മോൺസെറേറ്റ്, ഗോവിന്ദ് ഗൗഡെ എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ പി.എസ്. ശ്രീധരൻ പിള്ള മാർച്ച് 29 മുതൽ പുതിയ നിയമസഭയുടെ ദ്വിദിന സമ്മേളനം വിളിച്ചിട്ടുണ്ട്. ഈ സമയം സാവന്തിന് വിശ്വാസവോട്ട് തേടേണ്ടിവരും.

ഗോവയിൽ 40 അംഗ സഭയിൽ 20 സീറ്റുകളാണ് ബിജെപി നേടിയത്. കേവല ഭൂരിപക്ഷത്തിന് ഒരു സീറ്റിന്റെ കുറവുണ്ടെങ്കിലും മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടിയുടെ (എം.ജി.പി) രണ്ട് എം.എൽ.എമാരും മൂന്ന് സ്വതന്ത്ര എം.എൽ.എമാരും ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഗോവയിൽ ബിജെപിയുടെ മുഖമായിരുന്ന മനോഹർ പരീഖറുടെ മരണശേഷം ബിജെപി നേരിട്ട ആദ്യത്തെ തെരഞ്ഞെടുപ്പായിരുന്നു ഇത്. ഫെബ്രുവരി 14നായിരുന്നു ഗോവയിൽ തെരഞ്ഞെടുപ്പ് നടന്നത്. ഒറ്റഘട്ടമായിരുന്നു തെരഞ്ഞെടുപ്പ്. 301 സ്ഥാനാർത്ഥികൾ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ 11 ലക്ഷത്തോളം പേർ സമ്മതിദായക അവകാശം രേഖപ്പെടുത്തിയിട്ടുണ്ട്.

ഗോവയിൽ ഇഞ്ചോടിച്ച് പോരാട്ടം നടക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നടന്നത്. ആംആദ്മി പാർട്ടിയും തൃണമൂൽ കോൺഗ്രസും ഗോവയിൽ മത്സരരംഗത്ത് ഉണ്ടായിരുന്നു. മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി, ഗോവ ഫോർവേഡ് പാർട്ടി തുടങ്ങിയ പ്രാദേശിക പാർട്ടികളും തെരഞ്ഞെടുപ്പിൽ ശക്തമായി തന്നെ രംഗത്ത് ഇറങ്ങിയിരുന്നു. ഗോവയിലെ പ്രാദേശിക പാർട്ടിയായ എംജിപിയുമായി തൃണമൂൽ കോൺഗ്രസ് സഖ്യത്തിലേർപ്പെട്ടിരുന്നു.

തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ജിഎഫ്പിയുമായി കോൺഗ്രസ് സഖ്യം ഉറപ്പിച്ചിരുന്നു. ഗോവയിൽ ശിവസേനയും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയും ഒന്നിച്ചാണ് മത്സരിച്ചത്. എന്നാൽ അരവിന്ദ് കെജ്രിവാൾ നയിക്കുന്ന എഎപിയും ബിജെപിയും ഒറ്റയ്ക്ക് തന്നെ പോരാടുകയായിരുന്നു. ആംആദ്മി പാർട്ടിക്ക് രണ്ട് എംഎൽഎമാരെ നിയമസഭയിലേക്ക് അയക്കാൻ ഇത്തവണ സാധിച്ചിട്ടുണ്ട്.

2017ലുണ്ടായ തെരഞ്ഞെടുപ്പിൽ 17 സീറ്റുകൾ നേടി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു. എന്നാൽ മുഖ്യമന്ത്രി ആരാകണമെന്ന ആഭ്യന്തര തർക്കവും മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങിന്റെ നേതൃത്വത്തിലുള്ള കെടുകാര്യസ്ഥതയും കോൺഗ്രസിന് സർക്കാർ രൂപീകരിക്കാനുള്ള അവസരം നഷ്ടപ്പെടുത്തി. 13 സീറ്റുകൾ നേടിയ ബിജെപി എംജിപി, ജിഎഫ്പി, സ്വതന്ത്രർ എന്നിവരുമായി വേഗത്തിൽ സഖ്യമുണ്ടാക്കി പരീക്കറിന്റെ നേതൃത്വത്തിൽ സർക്കാർ രൂപീകരിക്കുകയായിരുന്നു.
'പാശ്ചാത്യ രാജ്യങ്ങൾ കുറച്ചുകൂടി ധൈര്യം കാണിക്കണം, റഷ്യ വിഭജനത്തിന് ശ്രമിക്കുന്നു' ; സെലൻസ്കി
കോണ്ഗ്രസ് കരുത്താര്ജിക്കണം, ജനാധിപത്യത്തിന് വേണം നിങ്ങളെ, പറയുന്നത് ബിജെപിയുടെ മന്ത്രി