കോൺഗ്രസുമായി ഇടഞ്ഞ് പ്രശാന്ത്?പുതിയ ട്വീറ്റിൽ ചർച്ച മുറുകുന്നു..എല്ലാത്തിനും കാരണം ഇതാണ്
2022 ൽ ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുൻപ് തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ കോൺഗ്രസിൽ ചേരും എന്ന് ചർച്ചകൾ ഉണ്ടായിരുന്നു. പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി ഉൾപ്പെടെയുള്ളവരുമായി പ്രശാന്ത് കൂടിക്കാഴ്ച നടത്തിയെന്നും പ്രശാന്തിനെ പാർട്ടിയിൽ എടുക്കുന്നതിനോട് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾക്ക് അനുകൂല നിലപാടായിരുന്നുമെന്നുമായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ എന്നാൽ കോൺഗ്രസുമായി പ്രശാന്തും ഇടഞ്ഞിരിക്കുകയാണെന്ന തരത്തിലുള്ള ചർച്ചകളാണ് ഇപ്പോൾ ചൂട് പിടിച്ചിരിക്കുന്നത്.പ്രശാന്തിന്റെ പുതിയ ട്വീറ്റാണ് അഭ്യൂഹങ്ങൾക്ക് കാരണമായിരിക്കുന്നത്.

ലഖിംപൂർ ഖേരി വിഷയുമായി ബന്ധപ്പെട്ട ട്വീറ്റാണ് അഭ്യൂഹങ്ങൾക്ക് കാരണമായത്. ലഖിംപൂർ ഖേരി സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഗ്രാന്റ് ഓൾഡ് പാർട്ടിയുടെ പുനഃരുജ്ജീവനം ആരെങ്കിലും പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ അവർ ഏറെ നിരാശപ്പെടേണ്ടി വരുമെന്നായിരുന്നു കോൺഗ്രസിന്റ പേരെടുത്ത് പറയാതെയുള്ള പ്രശാന്തിന്റെ ട്വീറ്റ്.

ലഖിംപൂർ ഖേരി സംഭവത്തെ അടിസ്ഥാനമാക്കിയുള്ള ഗ്രാന്റ് ഓൾഡ് പാർട്ടിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന്റെ പെട്ടെന്നുള്ള, പുനരുജ്ജീവനത്തിൽ ആരെങ്കിലും പ്രതീക്ഷ പുലർത്തുന്നുണ്ടെങ്കിൽ അവർ കടുത്ത നിരാശരാകേണ്ടി വരും. നിർഭാഗ്യവശാൽ, ജിഒപിയുടെ ആഴത്തിൽ വേരൂന്നിയ പ്രശ്‌നങ്ങൾക്കും ഘടനാപരമായ ബലഹീനതയ്ക്കും പെട്ടെന്നുള്ള പരിഹാരങ്ങളൊന്നുമില്ല, എന്നായിരുന്നു പ്രശാന്തിന്റെ ട്വീറ്റ്.

യുപിയിലെ ലഖിംപൂർ ഖേരിയിൽ കേന്ദ്രമന്ത്രിയുടെ വാഹന വ്യൂഹം പാഞ്ഞ് കയറി കർഷകർ കൊല്ലപ്പെട്ട സംഭവത്തിൽ ബിജെപിക്കെതിരെ വലിയ പ്രതിഷേധം തീർക്കാൻ കോൺഗ്രസിന് സാധിച്ചിരുന്നു. സംഘര്‍ഷത്തിന് പിന്നാലെ ലഖിംപുര്‍ ഖേഡിയിലേക്ക് യുപിയിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടികളേക്കാളും മുമ്പേ ആദ്യം എത്തിയ നേതാവ് പ്രിയങ്ക ഗാന്ധിയായിരുന്നു. ഇവരെ അറസ്റ്റ് ചെയ്ത നടപടി വലിയ വാർത്താ പ്രാധാന്യം സൃഷ്ടിച്ചിരുന്നു. മാത്രമല്ല രാഹുലിന്റെ നേതൃത്വത്തിൽ കോൺഗ്രസ് സംഘം കൊല്ലപ്പെട്ടവരുടെ വീട് സന്ദർശിച്ചതുമെല്ലാം ഏറെ വാർത്താ പ്രാധാന്യം സൃഷ്ടിച്ചിരുന്നു. ഇതോടെ സംഭവം കോൺഗ്രസിന് സംസ്ഥാനത്ത് ഒരു പിടിവള്ളിയാക്കി മാറ്റാൻ സാധിക്കുമെന്നുള്ള തരത്തിലായിരുന്നു ചർച്ചകൾ. എന്നാൽ ഇതിനെ തള്ളിക്കൊണ്ടാണ് ഇപ്പോൾ പ്രശാന്തിന്റെ പ്രതികരണം.

അതേസമയം പ്രശാന്തിന് മറുപടിയുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. വിദഗ്ദരും തന്ത്രജ്ഞരും തമ്മിൽ വലിയ വ്യത്യാസം ഉണ്ടെന്നായിരുന്നു കോൺഗ്രസ് വക്താവ് പവൻ ഖേര ഇതിനോട് പ്രതികരിച്ചത്. ലഖിംപൂർ ഖേരിയെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നതിനായി ആരെങ്കിലും കണക്കാക്കുന്നുണ്ടെങ്കിൽ അത് വലിയ തെറ്റാണെന്നും പ്രശാന്തിന്റെ അഭിപ്രായങ്ങൾക്ക് മറുപടി പറയാൻ ഇല്ലെന്നും രൺദീപ് സിംഗ് സുർജേവാല പ്രതികരിച്ചു.

അതേസമയം പ്രശാന്തിന്റെ ചില ഇടപെടലുകളിലുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ അതൃപ്തിയും തുടർ ചർച്ചകളുമാണ് പ്രശാന്ത്-കോൺഗ്രസ് ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയിരിക്കുന്നതെന്നാണ് സൂചന. ഗോവയിൽ തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിക്ക് വേണ്ടിയുള്ള പ്രശാന്തിന്റെ ഇടപെടലാണത്രേ കോൺഗ്രസിനെ ചൊടിപ്പിച്ചത്.
Recommended Video

കോൺഗ്രസിലെ മുതിർന്ന നേതാവും മുൻ ഗോവ മുഖ്യമന്ത്രിയുമായ ലൂസിയോ ഫെരാനോ കഴിഞ്ഞ ദിവസം കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് തൃണമൂലിൽ ചേർന്നിരുന്നു. ഗോവയിൽ സ്വാധീനം ഉറപ്പാക്കാനൊരുങ്ങുന്ന തൃണമൂലിനെ സംബന്ധിച്ച് വലിയ നേട്ടമായിട്ടായിരുന്നു ഇതിനെ വിലയിരുത്തപ്പെട്ടത്. കോൺഗ്രസിനെ സംബന്ധിച്ച് വലിയ തിരിച്ചടിയും. അതേസമയം തന്റെ തൃണമൂൽ പ്രവേശത്തിന് പിന്നിൽ പ്രശാന്ത് കിഷോർ ആണെന്നായിരുന്നു ഫെരാനോ പിന്നീട് വെളിപ്പെടുത്തിയത്. നിരവധി തവണ തന്നെ അദ്ദേഹം വന്ന് കണ്ടിരുന്നുവെന്നും നിരന്തര ചർച്ചകൾക്കൊടുവിലാണ് ടിഎംസിയിൽ ചേർന്നതെന്നുമായിരുന്നു ഫെരാനോ പറഞ്ഞത്. ഇതാണ് കോൺഗ്രസ് നേതൃത്വത്തിന്റെ അതൃപ്തിക്ക് കാരണമായത്.












Click it and Unblock the Notifications