ദക്ഷിണേന്ത്യയില്‍ മാത്രമല്ല ബംഗാളിലും ഒഡീഷയിലും ബിജെപി അടിച്ച് കയറും: പ്രവചനവുമായി പ്രശാന്ത് കിഷോർ
ഡല്‍ഹി: ലോക്സഭ തിരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയിലും ബംഗാളും ഓഡീഷയും അടങ്ങുന്ന കിഴക്കൻ സംസ്ഥാനങ്ങളിലും ബിജെപി കാര്യമായ മുന്നേറ്റം നടത്തുമെന്ന പ്രവചനവുമായി രാഷ്ട്രീയ തന്ത്രജ്ഞനായ പ്രശാന്ത് കിഷോർ. ഈ മേഖലയിലെ സംസ്ഥാനങ്ങളില്‍ നിന്നും ബി ജെ പി കഴിഞ്ഞ വർഷത്തേക്കാള്‍ സീറ്റ് നേടുമെന്ന് പറയുന്ന അദ്ദേഹം തമിഴ്‌നാട്ടിൽ വോട്ട് വിഹിതത്തിൽ വൻ വർദ്ധനവ് സൃഷ്ടിക്കുമെന്നും അവകാശപ്പെടുന്നു.
"ഒരു വർഷം മുമ്പ് തന്നെ ഞാന്‍ ഇക്കാര്യം പറഞ്ഞിരുന്നു. വോട്ട് വിഹിതത്തിൻ്റെ കാര്യത്തിൽ ആദ്യമായി തമിഴ്‌നാട്ടിൽ ബി ജെ പി ഇരട്ട അക്കത്തിലേക്ക് കടന്നേക്കും. തെലങ്കാനയിലേക്ക് വരികയാണെങ്കില്‍ ബി ജെ പി ഒന്നാമത്തേതോ രണ്ടാമത്തേതോ വലിയ കക്ഷിയായി മാറിയേക്കും. ഒഡീഷയിൽ ഒന്നാമനാകുക ബി ജെ പിയായിരിക്കും എന്നത് നിങ്ങളെ തികച്ചും ആശ്ചര്യപ്പെടുത്തിയേക്കും." വാർത്താ ഏജൻസിയായ പിടിഐയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ പ്രശാന്ത് കിഷോർ പറയുന്നു.

പശ്ചിമ ബംഗാളിൽ ബി ജെ പി ഒന്നാം സ്ഥാനത്തെ് എത്താന്‍ പോകുന്നുവെന്നാണ് എന്റെ മനസ്സ് പറയുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും 540 സീറ്റുകളുള്ള ലോക്‌സഭയിൽ ബി ജെ പി 370 സീറ്റുകൾ മറികടക്കാൻ സാധ്യതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2014-ലെയും 2019-ലെയും ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ തെലങ്കാന, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കേരളം, ഒഡീഷ, പശ്ചിമ ബംഗാൾ, ബിഹാർ എന്നിവിടങ്ങളില്‍ നിന്നായി 50 സീറ്റുകള്‍ തികയ്ക്കാന്‍ ബി ജെ പിക്ക് സാധിച്ചിരുന്നില്ല. അതേസമയം 2014ൽ 29 സീറ്റുകള്‍ നേടിയ 2019ൽ 47 സീറ്റുകളുമായി മികച്ച മുന്നേറ്റം നടത്തി.
ആന്ധ്രാപ്രദേശില്‍ വൈഎസ്ആർസി പാർട്ടി മേധാവിയും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ജഗൻ മോഹൻ റെഡ്ഡിക്ക് തിരിച്ചുവരവ് ബുദ്ധിമുട്ടാകുമെന്നും രാഷ്ട്രീയ തന്ത്രജ്ഞൻ പ്രവചിച്ചു. അരുണാചൽ പ്രദേശ്, ഒഡീഷ, സിക്കിം എന്നിവയുൾപ്പെടെ നാല് സംസ്ഥാനങ്ങളിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് അദ്ദേഹത്തിന്റെ പ്രവചനം.
"ആന്ധ്രപ്രദേശിൽ, ജഗൻ മോഹൻ റെഡ്ഡിക്ക് തിരിച്ചുവരവ് ബുദ്ധിമുട്ടേറിയ കാര്യമാണ്. അതിന് നിരവധി കാരണങ്ങളുണ്ട്. അതിലൊന്നാണ് ജഗൻ മോഹൻ റെഡ്ഡിയെപ്പോലുള്ള നേതാക്കൾ ഒരു നേതാവെന്നതിനേക്കാൾ ദാതാവായി മാറിയെന്നതാണ്. ഇവ രണ്ടും തമ്മിൽ വലിയ വ്യത്യാസമുണ്ട്. അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ട നേതാവായിരിക്കുകയും സ്വയം ഒരു ദാതാവായി സ്വയം ചിന്തിക്കാൻ തുടങ്ങുകയും ചെയ്യുന്നു," പ്രശാന്ത് കിഷോർ പറഞ്ഞു. 2019 ൽ ജഗൻ മോഹൻ റെഡ്ഡിക്ക് വേണ്ടി പ്രവർത്തിച്ച വ്യക്തിയായിരുന്നു കിഷോർ.
ഹിന്ദി ഹൃദയഭൂമിയായ സംസ്ഥാനങ്ങളിലും പടിഞ്ഞാറൻ ഇന്ത്യയിലും ബി ജെ പിയുടെ സീറ്റുകള്‍ കുറയും. ഈ പ്രദേശങ്ങളിൽ നൂറോളം സീറ്റുകളെങ്കിലും ബി ജെ പിക്ക് നഷ്ടപ്പെടുമെന്ന് പ്രതിപക്ഷത്തിന്, പ്രത്യേകിച്ച് കോൺഗ്രസിന് ഉറപ്പാക്കാനായാൽ മാത്രമേ ശക്തമായ തിരഞ്ഞെടുപ്പ് ഉണ്ടാകുകയുള്ളു. എന്നാൽ അത് നടക്കില്ലെന്നും പ്രശാന്ത് കിഷോർ പറഞ്ഞു. ഇന്ത്യാ സഖ്യത്തിന് വലിയ പ്രതീക്ഷ വേണ്ടെന്നും തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പറയുന്നു.












Click it and Unblock the Notifications