മൂന്നാം മുന്നണി കൊണ്ടു കാര്യമില്ലെന്ന് പ്രശാന്ത് കിഷോര്‍; ബിജെപിയെ ഒന്നും ചെയ്യാനാകില്ല
ന്യൂഡല്‍ഹി: ബിജെപിയെ പരാജയപ്പെടുത്താന്‍ മൂന്നാം മുന്നണിക്കോ നാലാം മുന്നണിക്കോ സാധിക്കില്ലെന്ന് രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ രണ്ടാം മുന്നണിക്ക് മാത്രമേ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു തുടങ്ങിയവര്‍ മൂന്നാം മുന്നണിക്ക് ശ്രമിക്കുന്ന സാഹചര്യത്തിലാണ് പ്രശാന്ത് കിഷോറിന്റെ പ്രതികരണം. ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് 2024ലെ തിരഞ്ഞെടുപ്പ് സംബന്ധിച്ച തന്റെ അഭിപ്രായം പ്രശാന്ത് കിഷോര്‍ പറഞ്ഞത്.
മൂന്നാം മുന്നണിക്ക് ഒരിക്കലും തിരഞ്ഞെടുപ്പില്‍ വിജയിക്കാനാകില്ല. ബിജെപിയെ ഒന്നാം മുന്നണിയായി കണക്കാക്കിയാല്‍, രണ്ടാമത്തെ മുന്നണിക്ക് മാത്രമേ അവരെ പരാജയപ്പെടുത്താന്‍ സാധിക്കൂ. രണ്ടാം മുന്നണിക്കും ശേഷം ഒരു മൂന്നാം മുന്നണിയോ നാലാം മുന്നണിയോ വന്നാല്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ പറ്റില്ലെന്നും പ്രശാന്ത് കിഷോര്‍ വ്യക്തമാക്കി. ഏതെങ്കിലും പാര്‍ട്ടിക്ക് ബിജെപിയെ പരാജയപ്പെടുത്തണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ അവര്‍ രണ്ടാം മുന്നണിയോടൊപ്പം ചേരണമെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.

രണ്ടാം മുന്നണിയായി താങ്കള്‍ കോണ്‍ഗ്രസിനെയാണോ കാണുന്നത് എന്ന ചോദ്യത്തിന് അല്ല എന്നായിരുന്നു പ്രശാന്ത് കിഷോറിന്റെ മറുപടി. കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പാര്‍ട്ടിയാണ്. കോണ്‍ഗ്രസ് രണ്ടാം മുന്നണിയല്ലെന്നും പ്രശാന്ത് കിഷോര്‍ വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് വിശദമായ പദ്ധതി തയ്യാറാക്കിയിരുന്നു എന്ന് പ്രശാന്ത് കിഷോര്‍ ആജ് തക്കിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. താന്‍ സമര്‍പ്പിച്ച പല കാര്യങ്ങളിലും കോണ്‍ഗ്രസ് നേതൃത്വം അനുകൂലിച്ചു. പക്ഷേ, പദ്ധതിയില്‍ പറഞ്ഞ കാര്യങ്ങള്‍ അവര്‍ തന്നെ ചെയ്യണം. അവിടെ നിരവധി വലിയ നേതാക്കളുണ്ട്. അവര്‍ക്ക് എന്നെ ആവശ്യമില്ല. അവര്‍ എന്നെ ക്ഷണിച്ചെങ്കിലും ഞാന്‍ പിന്മാറിയെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.
കോണ്‍ഗ്രസില്‍ എനിക്ക് പ്രത്യേക റോള്‍ ആവശ്യമില്ല. പക്ഷേ, ഞാന്‍ സഹായിക്കാന്‍ തയ്യറാണ്. എനിക്ക് ചില കാര്യങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വത്തോട് പറയണം എന്നുണ്ടായിരുന്നു. അത് പറഞ്ഞു. 2014ന് ശേഷം ആദ്യമായി കോണ്‍ഗ്രസ് വ്യവസ്ഥാപിതമായി ഭാവി പദ്ധതിയെ കുറിച്ച് ചര്‍ച്ച ചെയ്തുരിക്കുകയാണിപ്പോള്‍. എന്നാല്‍ തന്റെ നിര്‍ദേശങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച സമിതിയില്‍ എനിക്ക് ചില സംശയങ്ങളുണ്ട്. ഞാനും പഠനത്തിന്റെ ഭാഗമാകണം എന്ന് അവര്‍ ആഗ്രഹിക്കുന്നു. പദ്ധതി നടപ്പാക്കേണ്ടതിന്റെ ഉത്തരവാദിത്തം കൂടി ഏറ്റെടുക്കണമെന്ന് അവര്‍ പറഞ്ഞുവെന്നും പ്രശാന്ത് കിഷോര്‍ കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് വലിയ പാര്‍ട്ടിയാണ്. ബിജെപിയെ പരാജയപ്പെടുത്താന്‍ അവര്‍ക്ക് സാധിക്കില്ല എന്ന് പറയാനാകില്ല. പക്ഷേ, കോണ്‍ഗ്രസ് വലിയ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. 2024ല്‍ നരേന്ദ്ര മോദിക്ക് പകരം ആര് എന്ന ചോദ്യത്തിന് കൃത്യമായി ഉത്തരം ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടുത്തുവരികയാണ്. സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ അടിസ്ഥാനമാക്കി ലോക്‌സഭാ തിരഞ്ഞെടുപ്പിനെ വിലയിരുത്താന്‍ സാധിക്കില്ലെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.
പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷയാകണമെന്ന നിര്‍ദേശമാണ് പ്രശാന്ത് കിഷോര്‍ മുന്നോട്ട് വച്ചത് എന്ന വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ഇതിനോട് യോജിച്ചില്ല. രാഹുല്‍ ഗാന്ധി അധ്യക്ഷനാകണം എന്നാണ് ഇവരുടെ അഭിപ്രായം. 2024ലെ തിരഞ്ഞെടുപ്പ് വേളയില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും പാര്‍ട്ടി അധ്യക്ഷനും ഒരാളാകരുത് എന്നാണ് പ്രശാന്ത് കിഷോറിന്റെ നിര്‍ദേശം.
ഏപ്രില്‍ 16നാണ് കോണ്‍ഗ്രസ് നേതൃത്വത്തെ കണ്ട് പ്രശാന്ത് കിഷോര്‍ 2024ലേക്കുള്ള പദ്ധതി സമര്‍പ്പിച്ചത്. വിശദമായ പഠനത്തിന് സോണിയ ഗാന്ധി പ്രത്യേക സമിതിയെ നിയോഗിച്ചു. ഈ സമിതി പ്രശാന്ത് കിഷോറിന്റെ പല അഭിപ്രായങ്ങളോടും യോജിച്ചു. കിഷോര്‍ കോണ്‍ഗ്രസില്‍ ചേരണമെന്ന് അവര്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം തയ്യാറായില്ല.
കോണ്‍ഗ്രസില്‍ സമൂലമായ പരിഷ്‌കാരം വേണമെന്നാണ് പ്രശാന്ത് കിഷോറിന്റെ നിര്‍ദേശം. ഒരു വ്യക്തി സ്വതന്ത്രമായി പാര്‍ട്ടിയെ നയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. പ്രശാന്ത് കിഷോര്‍ സമര്‍പ്പിച്ചത് വിലയേറിയ നിര്‍ദേശങ്ങളാണ് എന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ദേശീയ നേതൃത്വമാണെന്നും ഡികെ ശിവകുമാര്‍ പറഞ്ഞു.












Click it and Unblock the Notifications