ജെഡിയുവിനെ കോണ്‍ഗ്രസില്‍ ലയിപ്പിക്കാന്‍ നടന്ന ആളാണ്.. ഇപ്പോള്‍ എവിടെയാണ്? പ്രശാന്ത് കിഷോറിനെ പരിഹസിച്ച് നിതീഷ്
പാട്‌ന: തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിനെ കടന്നാക്രമിച്ച് ജെ ഡി യു നേതാവും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍. പ്രശാന്ത് കിഷോര്‍ ജെ ഡി യുവിനെ കോണ്‍ഗ്രസില്‍ ലയിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു എന്ന് നിതീഷ് കുമാര്‍ ആരോപിച്ചു. കഴിഞ്ഞ കുറച്ച് നാളുകളായി നിതീഷ് കുമാറും പ്രശാന്ത് കിഷോറും തമ്മിലുള്ള വാക്‌പോര് രൂക്ഷമാണ്.
അതിന്റെ ഏറ്റവും ഒടുവിലത്തെ പ്രതികരണമാണ് നിതീഷ് കുമാറിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. നാലോ അഞ്ചോ വര്‍ഷം മുമ്പ് പ്രശാന്ത് കിഷോര്‍ തന്നോട് കോണ്‍ഗ്രസില്‍ ലയിക്കണം എന്ന് പറഞ്ഞിരുന്നു എന്ന് നിതീഷ് കുമാര്‍ പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം ബി ജെ പിയിലേക്ക് പോയിരിക്കുകയാണ് എന്നും നിതീഷ് കുമാര്‍ പറഞ്ഞു.

ഇപ്പോള്‍ പ്രശാന്ത് കിഷോര്‍ ബി ജെ പിക്ക് വേണ്ടി അവര്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നു. പ്രശാന്ത് കിഷോറിന് അടുത്തിടെ ഒരു പോസ്റ്റ് വാഗ്ദാനം ചെയ്തിരുന്നോ എന്ന ചോദ്യത്തിന് അങ്ങനെയൊന്നുമില്ല. അദ്ദേഹം എന്ത് വേണമെങ്കിലും സംസാരിക്കട്ടെ എന്നായിരുന്ന നിതീഷ് കുമാറിന്റെ പ്രതികരണം. അദ്ദേഹത്തിന്റെ അഭിപ്രായത്തിന് ഞാന്‍ മറുപടി പറയുന്നില്ല.

അദ്ദേഹത്തിന് അവിടെ ( ബി ജെ പി) ഒരു സ്ഥാനം ലഭിക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നു എന്നും നിതീഷ് കുമാര്‍ പരിഹസിച്ചു. രണ്ട് ദിവസം മുന്‍പാണ് നിതീഷ് കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രശാന്ത് കുമാര്‍ രംഗത്തെത്തിയിരുന്നത്. ജെ ഡി യുവിനെ നയിക്കാനുള്ള നിതീഷ് കുമാറിന്റെ അഭ്യര്‍ത്ഥന താന്‍ നിരസിച്ചതായും പ്രശാന്ത് കിഷോര്‍ അവകാശപ്പെട്ടിരുന്നു.

3,500 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ജന്‍ സൂരജ് പദയാത്രയുടെ ഭാഗമായി പടിഞ്ഞാറന്‍ ചമ്പാരന്‍ ജില്ലയിലെ ജമുനിയ ഗ്രാമത്തില്‍ സംസാരിക്കവെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കുറച്ച് ദിവസം മുമ്പ് ഞാന്‍ നിതീഷ് കുമാറിനെ കണ്ടപ്പോള്‍, അദ്ദേഹം എന്നോട് വീണ്ടും ഇക്കാര്യം പറഞ്ഞു. 'ജെ ഡി യുവില്‍ ചേര്‍ന്ന് അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കൂ. നിങ്ങള്‍ എന്റെ രാഷ്ട്രീയ അവകാശിയാണ്,' എന്നായിരുന്നു നിതീഷ് കുമാര്‍ പറഞ്ഞത്.

എന്നാല്‍ നിതീഷ് കുമാര്‍ എന്നെ രാഷ്ട്രീയ പിന്തുടര്‍ച്ചാവകാശിയാക്കിയാലും മുഖ്യമന്ത്രിക്കസേര ഒഴിഞ്ഞ തന്നാലും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കില്ലെന്ന് ഞാന്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഞാന്‍ ജനങ്ങള്‍ക്ക് ഒരു വാക്ക് നല്‍കിയിട്ടുണ്ട്. അത് മാറ്റാന്‍ കഴിയില്ല, ജെഡിയു മുന്‍ ദേശീയ വൈസ് പ്രസിഡന്റ് കൂടിയായ പ്രശാന്ത് കിഷോര്‍ പറഞ്ഞു.

പ്രശാന്ത് കിഷോറിനെ 2018-ല്‍ ആണ് നിതീഷ് കുമാര്‍ ജെ ഡി യുവില്‍ ഉള്‍പ്പെടുത്തിയത്. പിന്നാലെ അദ്ദേഹത്തെ ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ത്തുകയും ചെയ്തിരുന്നു. എന്നാല്‍ പൗരത്വ ഭേദഗതി നിയമത്തെ (സിഎഎ) ചൊല്ലി നിതീഷ് കുമാറുമായുണ്ടായി ഭിന്നാഭിപ്രായത്തെ തുടര്‍ന്ന് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു.












Click it and Unblock the Notifications