കര്‍ണാടകത്തില്‍ നേടാനുറച്ച് സിദ്ധരാമയ്യ, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പള വര്‍ധനവും അധിക ലീവും
ബെംഗളൂരു: തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് വോട്ടര്‍മാരെ പ്രീണിപ്പിക്കുന്ന പതിവില്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് ഒട്ടും പുറകിലല്ലെന്ന് തെളിയിക്കുകയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പള വര്‍ധനവും അവധിയും പ്രഖ്യാപിക്കാനൊരങ്ങുകയാണ് സര്‍ക്കാര്‍ എന്നാണ് വിവരം.
ഇത്തവണത്തെ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിനും ബിജെപിക്കും നിലനില്‍പ്പിന്‍റേയും അഭിമാനത്തിന്‍റേയും കൂടി പോരാട്ടമായതോടെ വോട്ടര്‍മാര്‍ക്ക് വാരികോരി നല്‍കിയാലും ഒരുവിധത്തിലും അദ്ഭുതപ്പെടേണ്ടതില്ലെന്ന അഭിപ്രായത്തിലാണ് രാഷ്ട്രീയ നിരീക്ഷകര്‍.

ആദ്യം വര്‍ധനവ് ശമ്പളത്തില്‍
തെരഞ്ഞെടുപ്പിന് മുന്‍പ് ഭരിക്കുന്ന കക്ഷിയുടെ സമ്മാനം വോട്ടര്‍മാരേ തേടിയെത്താറുള്ളത് പതിവാണ്. ഇത്തവണ കര്‍ണാടകയിലെ സിദ്ധരാമയ്യ സര്‍ക്കാര്‍ 6.2 ലക്ഷം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 24 മുതല്‍ 30 ശതമാനം വരെ ശമ്പള വര്‍ധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര ജീവനക്കാര്‍ക്ക് ലഭിക്കുന്ന തരത്തില്‍ വര്‍ധനവ് വേണം എന്ന സര്‍ക്കാര്‍ ജീവനക്കാരുടെ ഏറെ നാളത്തെ ആവശ്യമാണ് ഇതോടെ നിറവേറുക.

ആവശ്യത്തിന് അവധിയും
ശമ്പളത്തിന് പുറമേ മാസത്തില്‍ ഒരു ശനിയാഴ്ച അവധിയും നല്‍കും. മാസത്തിലെ നാലാമത്തെ ശനിയാഴ്ചയാകും അവധി നല്‍കുക. കേന്ദ്ര ജവനക്കാര്‍ക്ക് നിലവില്‍ രണ്ടാം ശനിയാഴ്ചകളില്‍ അവധി ലഭിക്കുന്നുണ്ട്. നിലവില്‍ പൊതുമേഖലാ ബാങ്കുകളിലും മാസത്തിലെ രണ്ടും നാലും ശനിയാഴ്ച അവധിയാണ്.

പക്ഷേ ജോലി സമയം കൂട്ടും
മാസത്തിലെ ഒരു ശനിയാഴ്ച അവധി നല്‍കുമെങ്കിലും ജോലി ചെയ്യുന്ന ശനിയാഴ്ചകളില്‍ അധിക സമയം ജോലി ചെയ്യേണ്ടി വരും.

ശ്രീനിവാസ മൂര്‍ത്തി റിപ്പോര്‍ട്ട് ഉടന്‍
ശമ്പള-പെന്‍ഷന്‍ വര്‍ധനവിനെ കുറിച്ച് പഠിക്കാന്‍ കഴിഞ്ഞ ബജറ്റില്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ പുതിയ കമ്മിറ്റിയെ നിയമിച്ചിരുന്നു. വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ എആര്‍ ശ്രീനിവാസ റാവു അധ്യക്ഷനായ കമ്മിറ്റി ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ജനവരി 31 ന് സമര്‍പ്പിക്കും.

കുറയ്ക്കാന്‍ പറ്റില്ലല്ലോ
ഡി വി സദാനന്ദ ഗൗഡ സര്‍ക്കാരിന്‍റെ കാലത്ത് 22 ശതമാനം ശമ്പള വര്‍ധനവ് നടപ്പാക്കിയിരുന്നു. അതുകൊണ്ട് തന്നെ കാര്യപ്പെട്ട വര്‍ധനവാകും സര്‍ക്കാര്‍ പ്രഖ്യാപിക്കുകയെന്ന പ്രതീക്ഷയില്‍ തന്നെയാണ് ജീവനക്കാര്‍. 30 മുതല്‍ 35 വരെ ശമ്പള വര്‍ധനവാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് സര്‍ക്കാര്‍ ജീവക്കാര്‍ വ്യക്തമാക്കുന്നു.

സര്‍വ്വേ ഫലങ്ങള്‍ കോണ്‍ഗ്രസിന്
മോദി പ്രഭാവം കര്‍ണാടകയില്‍ വിലപ്പോവില്ലെന്നും 49 ശതമാനം വോട്ട് നേടി കോണ്‍ഗ്രസ് തന്നെ കര്‍ണാടകയില്‍ വിജയിക്കുമെന്നും കഴിഞ്ഞ ദിവസം സര്‍വ്വേ ഫലങ്ങള്‍ പുറത്തുവന്നിരുന്നു.കൂടാതെ 27 ശതമാനം മാത്രമേ ബിജെപിക്ക് വോട്ട് നല്‍കൂവെന്നും സര്‍വ്വേയിലുണ്ട്. ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടായിട്ടും കോണ്‍ഗ്രസിന് അനുകൂലമായി സര്‍വ്വേ ഫലങ്ങള്‍ വരുന്നത് കോണ്‍ഗ്രസ്സിന്‍റെ ആത്മവിശ്വാസം ഉയര്‍ത്തുന്നുണ്ട്.












Click it and Unblock the Notifications