ഐഎസ് ഏറ്റവും സജീവമായ സംസ്ഥാനം കേരളം! രാജ്യസഭയിൽ രേഖാമൂലം അറിയിച്ച് കേന്ദ്രം
ദില്ലി: കേരളത്തില്‍ സജീവ ഇസ്ലാമിക് സ്റ്റേറ്റ് സാന്നിദ്ധ്യം ഉറപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് ഐഎസ് ഏറ്റവും സജീവമായ സംസ്ഥാനങ്ങളുടെ പട്ടിക കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയതില്‍ ഒന്നാമതാണ് കേരളം. കേന്ദ്ര ആഭ്യന്തര സഹമന്ത്രിയാണ് ഇക്കാര്യം രേഖാമൂലം രാജ്യസഭയെ അറിയിച്ചത്. കേരളം അടക്കമുളള രാജ്യത്തെ പത്ത് സംസ്ഥാനങ്ങളിലാണ് ഇസ്ലാമിക് സ്റ്റേറ്റിന് സജീവ സാന്നിധ്യമുളളത്.
ദക്ഷിണേന്ത്യയില്‍ ഇതുവരെ 122 പേരെയാണ് ഇസ്ലാമിക് സ്റ്റേറ്റുമായുളള ബന്ധത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. ആഭ്യന്തര സഹമന്ത്രിയായ കിഷന്‍ റെഢിയാണ് ബിജെപി എംപിയായ വിനയ് സഹസ്രബുദ്ധ എഴുതി നല്‍കിയ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇസ്ലാമിക് സ്റ്റേറ്‌റിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചാണ് ചോദ്യം.

ദക്ഷിണേന്ത്യയില്‍ ഐഎസിന് സ്വാധീനം കൂടുതല്‍ ഉളള സംസ്ഥാനം ഏതാണ് എന്നും ഇവര്‍ക്ക് പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശത്ത് നിന്നും ഫണ്ട് ലഭിക്കുന്നുണ്ടോ എന്നതും ബിജെപി എംപിയുടെ ചോദ്യത്തിലുണ്ട്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശഫണ്ട് ലഭിക്കുന്നുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍ നല്‍കിയ മറുപടിയില്‍ പറയുന്നു.
കേരളം കൂടാതെ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര പ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര അടക്കമുളള സംസ്ഥാനങ്ങളിലും ഐസിസ് സാന്നിധ്യം ശക്തമാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. കേരളത്തിലെ സൈബര്‍ രംഗത്തെ ഇടപെടലുകള്‍ കേന്ദ്രസര്‍ക്കാര്‍ സൂക്ഷ്മമായി തന്നെ നിരീക്ഷിക്കുന്നുണ്ട്. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ പേരില്‍ രാജ്യത്താകെ ഇതുവരെ 17 കേസുകള്‍ ആണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്നും കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയെ രേഖാമൂലം അറിയിച്ചു.












Click it and Unblock the Notifications