വെങ്കയ്യ നായിഡു രാഷ്ട്രപതിയാകുമോ? അമിത് ഷായുമായി ചര്‍ച്ച... യാത്ര ചുരുക്കി ഡല്‍ഹിയിലെത്തി
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു രാഷ്ട്രപതിയാകുമോ. എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി വെങ്കയ്യ നായിഡു എത്തുമെന്ന് അഭ്യൂഹം. നായിഡുവുമായി ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ച നടത്തി. കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിങ്, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ എന്നിവരാണ് ഇന്ന് ചര്‍ച്ച നടത്തിയത്. ഭരണപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ ഇന്ന് വൈകീട്ട് ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗം ചേരാനിരിക്കെയാണ് മുതിര്‍ന്ന നേതാക്കള്‍ വെങ്കയ്യ നായിഡുവിനെ കണ്ടത്.

നേരത്തെ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് വായിഡു ഹൈദരാബാദിലേക്ക് പോയതായിരുന്നു. തിങ്കളാഴ്ച പുറപ്പെട്ട അദ്ദേഹം സന്ദര്‍ശനം മതിയാക്കി ഇന്ന് ഡല്‍ഹിയില്‍ തിരിച്ചെത്തി. ഇതെല്ലാം ചേര്‍ത്തുവായിച്ചാണ് വെങ്കയ്യ നായിഡു എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാകുമെന്ന അഭ്യൂഹം പരക്കുന്നത്. രാഷ്ട്രപതി സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ ബിജെപി കേന്ദ്ര നേതൃത്വം ജെപി നദ്ദയെയും രാജ്‌നാഥ് സിങിനെയും ചുമതലപ്പെടുത്തിയിരിക്കുകയാണ്. ഇവര്‍ ഇന്ന് നായിഡുവിനെ കാണുകയും ചെയ്തു. പ്രതിപക്ഷ പാര്‍ട്ടികളെ കാണാനും രാജ്‌നാഥും ജെപി നദ്ദയും തീരുമാനിച്ചിട്ടുണ്ട്.
പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹയെ ആണ് തിരഞ്ഞെടുത്തിരിക്കുന്നത്. 17 പാര്‍ട്ടികള്‍ ചേര്‍ന്നാണ് ഈ തീരുമാനം കൈകൊണ്ടത്. അദ്ദേഹം വായ്‌പേയി സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയായിരുന്നു. ഐഎഎസ് ഓഫീസറായി ഔദ്യോഗിക ജീവിതം തുടങ്ങിയ യശ്വന്ത് സിന്‍ഹ പിന്നീട് കേന്ദ്രമന്ത്രിയായി. ശേഷം ബിജെപി വിടുകയും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തു. മോദിയുടെ കടുത്ത വിര്‍മശനകാണ്. രാഷ്ട്രപതി സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ തൃണമൂലില്‍ നിന്ന് ഇന്ന് രാജിവച്ചു. കോണ്‍ഗ്രസിന്റെയും ഇടതുപാര്‍ട്ടികളുടെയും ആവശ്യപ്രകാരമാണ് രാജിവച്ചത് എന്നാണ് വാര്‍ത്ത.
തിരഞ്ഞെടുക്കപ്പെട്ട എംപിമാരും എംഎല്‍എമാരുമാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുക. നാമനിര്‍ദേശം ചെയ്യപ്പെട്ടവര്‍ക്ക് വോട്ടുണ്ടാകില്ല. ഇലക്ട്രല്‍ കോളജില്‍ കൂടുതല്‍ വോട്ട് ലഭിക്കുന്ന സ്ഥാനാര്‍ഥിയാണ് ജയിക്കുക. നിലവിലെ കണക്കുകള്‍ എന്‍ഡിഎയ്ക്ക് അനുകൂലമാണ്. 48 ശതമാനം വോട്ട് ഇവര്‍ക്കുണ്ട്. എന്നാല്‍ പ്രതിപക്ഷം ഒറ്റക്കെട്ടായാണ് രാഷ്ട്രപതി സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ചില പ്രതിപക്ഷ പാര്‍ട്ടികളുമായും ബിജെപി നേതൃത്വം ചര്‍ച്ച നടത്തുമെന്നാണ് വിവരം. ഒഡീഷയിലെ ബിജെഡി, ആന്ധ്രയിലെ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി എന്നിവരുടെ പിന്തുണയാണ് ബിജെപി തേടുക. ആന്ധ്ര സ്വദേശിയായ വെങ്കയ്യ നായിഡു സ്ഥാനാര്‍ഥിയായാല്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് പിന്തുണയ്ക്കുമെന്നാണ് സൂചന.












Click it and Unblock the Notifications