
രാഹുലും പവാറും ഒപ്പം; പ്രതിപക്ഷ ഐക്യം വിളിച്ചോതി നേതാക്കള്‍... യശ്വന്ത് സിന്‍ഹ പത്രിക നല്കി
ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പ്രതിപക്ഷത്തെ പ്രധാന നേതാക്കള്‍ക്കൊപ്പം എത്തിയാണ് അദ്ദേഹം പത്രിക സമര്‍പ്പിച്ചത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ്, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജി എന്നിവരെല്ലാം സിന്ഹക്കൊപ്പമുണ്ടായിരുന്നു. രാജ്യസഭാ സെക്രട്ടറി ജനറല്‍ പിസി മോഡിക്കാണ് യശ്വന്ത് സിന്‍ഹ പത്രിക സമര്‍പ്പിച്ചത്. രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ വരണാധികാരി പിസി മോഡിയാണ്.
എന്‍സി നേതാവ് ഫാറൂഖ് അബ്ദുല്ല, ആര്‍എല്‍ഡിയുടെ ജയന്ത് സിന്‍ഹ, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ഡിഎംകെയുടെ എ രാജ, സിപിഐയുടെ ഡി രാജ, തെലങ്കാന മന്ത്രി കെടി രാമറാവു, ആര്‍ജെഡിയുടെ മിസ ഭാരതി, ആര്‍എസ്പിയുടെ എന്‍കെ പ്രേമചന്ദ്രന്, മുസ്ലിം ലീഗിന്റെ ഇടി മുഹമ്മദ് ബഷീര്‍ തുടങ്ങി ഒട്ടേറെ നേതാക്കളും യശ്വന്ത് സിന്ഹക്കൊപ്പമെത്തി.
14 പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയോടെയാണ് സിന്‍ഹ മല്‍സരിക്കുന്നത്. തെലങ്കാന ഭരണകക്ഷിയായ ടിആര്‍എസും സിന്‍ഹക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ജയിക്കാന്‍ സാധ്യത വളരെ കുറവാണെങ്കിലും പ്രതിപക്ഷ നിരയില്‍ ഐക്യനിരയുണ്ടാകാന് യശ്വന്ത് സിന്‍ഹയുടെ സ്ഥാനാര്‍ഥിത്വം കാരണമായിട്ടുണ്ട്. അതേസമയം, ആം ആദ്മി പാര്‍ട്ടി, ജെഎംഎം എന്നിവര്‍ പ്രതിനിധികളെ അയച്ചില്ല. മായാവതിയുടെ ബിഎസ്പി, ഒഡീഷ ഭരണകക്ഷിയായ ബിജെഡി എന്നിവര്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായ ദ്രൗപതി മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ടാല്‍ ആദിവാസി വിഭാഗത്തില്‍ നിന്ന് രാജ്യത്തെ രാഷ്ട്രപതിയാകുന്ന ആദ്യ വ്യക്തിയാകും മുര്‍മു.
അമ്മയില്‍ ഇത്രയും ശത്രുക്കള്‍ എങ്ങനെ വന്നു? ഷമ്മി തിലകന്റെ മറുപടി, ജഗദീഷിന്റെ പഴയ ഓഡിയോ...
ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന യശ്വന്ത് സിന്‍ഹ അടല്‍ ബിഹാരി വാജ്പേയ് നേതൃത്വം നല്കിയ എന്‍ഡിഎ സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നിശിതമായി വിമര്‍ശിക്കുന്ന നേതാവ് കൂടിയാണ് സിന്‍ഹ. ഇദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ തൃണമൂലില്‍ നിന്ന് രാജിവച്ചു. ഏറ്റവും ഒടുവില്‍ സിന്‍ഹക്ക് പിന്തുണ പ്രഖ്യാപിച്ചത് ടിആര്‍എസ് ആണ്. നേരത്തെ കോണ്‍ഗ്രസുള്ള വേദിയില്‍ നിന്ന് വിട്ടുനിന്നിരുന്നു ടിആര്‍എസ്. എന്നാല്‍ ഈ അകല്‍ച്ച മാറ്റിവച്ചാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നത്. ഇതെല്ലാം ശുഭ സൂചനയാണെന്ന് പ്രതിപക്ഷ നേതാക്കള്‍ പറയുന്നു. ജൂലൈ 18നാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പ്. 21ന് ഫലം അറിയാം.