
മമതയുടെ അപ്രതീക്ഷിത നീക്കം; കോണ്‍ഗ്രസിന് അനിഷ്ടം, എതിര്‍ത്ത് സിപിഎം... ബുധനാഴ്ച യോഗം
ന്യൂഡല്‍ഹി: ദേശീയ രാഷ്ട്രീയത്തില്‍ പ്രതിപക്ഷ കക്ഷികള്‍ ചേരിതിരിയുന്നു. രാഷ്ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി. കോണ്‍ഗ്രസും സിപിഎമ്മും ഉള്‍പ്പെടെയുളള കക്ഷികള്‍ പ്രതിപക്ഷ ഐക്യ യോഗം വിളിക്കാനിരിക്കെയാണ് മമതയുടെ അപ്രതീക്ഷിത ഇടപെടല്‍.
മമത ബാനര്‍ജി ഇങ്ങനെ ഒു നീക്കം നടത്തുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് കോണ്‍ഗ്രസ്, സിപിഎം നേതാക്കള്‍ പറയുന്നു. എന്നാല്‍ കോണ്‍ഗ്രസിന് കീഴില്‍ നില്ക്കാന് താല്‍പ്പര്യമില്ലെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കുകയാണ് മമത ബാനര്‍ജി. രാജ്യത്തെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളെയും മമത വിളിച്ചിട്ടുണ്ട്. ഇതില്‍ കോണ്‍ഗ്രസും സിപിഎമ്മും പങ്കെടുക്കില്ലെന്നാണ് സൂചന. വിശദാംശങ്ങള്‍ ഇങ്ങനെ.....

വരുന്ന ബുധനാഴ്ചയാണ് ന്യൂഡല്‍ഹിയില്‍ മമത വിളിച്ച യോഗം. രാജ്യത്തെ 19 പ്രതിപക്ഷ പാര്‍ട്ടികള്‍ക്കാണ് യോഗത്തിലേക്ക് ക്ഷണം. ബിജെപി ഇതര മുഖ്യമന്ത്രിമാരെ യോഗത്തിലേക്ക് വിളിച്ചിട്ടുണ്ട്. പിണറായി വിജയന്, എംകെ സ്റ്റാലിന്, കെ ചന്ദ്രശേഖര റാവു എന്നിവരെല്ലാം ഇതില്‍പ്പെടും. രാഷ്ട്രപതി തിരഞ്ഞെടുപ്പ് സംബന്ധിച്ച ചര്‍ച്ചകള്‍ക്കാണ് യോഗം വിളിച്ചിരിക്കുന്നത്.

പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസിനെയും വിളിക്കാനും തീരുമാനിച്ചിരുന്നു. അതിനിടയിലാണ് മമത യോഗം വിളിച്ചിരിക്കുന്നത്. പ്രതിപക്ഷ ചേരിയിലെ വല്യേട്ടനാകാന്‍ കോണ്‍ഗ്രസിനെ അനുവദിക്കില്ലെന്നാണ് മമതയുടെ നിലപാട്. ഇത് ഭിന്നത രൂക്ഷമാകാന്‍ കാരണമാകും.

പ്രതിപക്ഷ ഐക്യനിരയുണ്ടാക്കാന്‍ കോണ്‍ഗ്രസ് നടത്തുന്ന ശ്രമങ്ങള്‍ സംബന്ധിച്ച് അവര്‍ ഇറക്കിയ പ്രസ്താവനയില്‍ വിശദീകരിച്ചിരുന്നു. ശരദ് പവാര്‍, മമത ബാനര്‍ജി എന്നിവരുമായി ചര്‍ച്ച നടത്താന്‍ സോണിയ ഗാന്ധി തീരുമാനിച്ചിട്ടുണ്ട്. കൂടാതെ മറ്റു പ്രതിപക്ഷ നേതാക്കളെയും കാണും. കൊവിഡ് ബാധിച്ച സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ക്രോഡീകരിക്കുന്നതിന് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് പ്രസ്താവനയില്‍ പറഞ്ഞു.

ഭരണഘടനയെ സംരക്ഷിക്കുന്ന പ്രസിഡന്റാണ് രാജ്യത്തിന് വേണ്ടതെന്നാണ് കോണ്‍ഗ്രസിന്റെ അഭിപ്രായമെന്ന് പ്രസ്താവനയില്‍ വിശദീകരിക്കുന്നു. പൗരന്മാരെയും നമ്മുടെ സ്ഥാപനങ്ങളെയും സംരക്ഷിക്കണം. ഭരണകക്ഷിയില്‍ നിന്ന് വെല്ലുവിളി നേരിടുന്ന എല്ലാ സ്ഥാപനങ്ങളും പൗരന്മാരും സംരക്ഷിക്കപ്പെടണം. എന്നാല്‍ കോണ്‍ഗ്രസ് രാഷ്ട്രപതി സ്ഥാനത്തേക്ക് ഒരു പേര് നിര്‍ദേശിക്കില്ലെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
പൂവിതള്‍ പോലെ സുന്ദരം; മിയ ജോര്‍ജിന്റെ പുതിയ ചിത്രങ്ങള്‍ കാണാം

എന്‍സിപി, ഡിഎംകെ, ശിവസേന, ജെഎംഎം, ഇടതുപാര്‍ട്ടികള്‍ എന്നിവരുള്‍പ്പെടുന്ന യോഗം വിളിക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. ഈ പാര്‍ട്ടികള്‍ക്ക് തന്നെയാണ് മമതയുടെയും ക്ഷണം. ഇതിന് പുറമെ, എഎപി കണ്വീനന് അരവിന്ദ് കെജ്രിവാള്, ഭഗവത് മന് , ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്, കേരള മുഖ്യമന്ത്രി പിണറായി വിജയന്, തെലങ്കാനയിലെ കെസിആര്‍, ജെഎംഎം നേതാവ് ഹേമന്ദ് സോറന്, തമിഴ്നാടിലെ സ്റ്റാലിന്, ശിവസേനയുടെ ഉദ്ധവ് താക്കറെ എന്നിവരെയും മമത ക്ഷണിച്ചിട്ടുണ്ട്.

അഖിലേഷ് യാദവ്, ഡി രാജ, ശരദ് പവാര്‍, ലാലു പ്രസാദ്, ജയന്ത് ചൗധരി, എച്ച്ഡി ദേവഗൗഡ, എച്ച്ഡി കുമാരസ്വാമി, ഫാറൂഖ് അബ്ദുല്ല, മെഹ്ബൂബ മുഫ്തി, സുഖ്ബീര്‍ സിങ് ബാദല്‍, പവന് ചാംലിങ്, കെഎം ഖാദര്‍ മൊയ്തീന് എന്നിവരെയും ബുധനാഴ്ച നടക്കാനിരിക്കുന്ന യോഗത്തിലേക്ക് മമത ക്ഷണിച്ചിട്ടുണ്ട്.

അതേസമയം, മമത വിളിച്ച യോഗത്തില്‍ സിപിഎം നേതാക്കള്‍ പങ്കെടുക്കില്ല എന്നാണ് സൂചന. ഏകപക്ഷീയമായി മമത വിളിച്ച യോഗത്തോട് സഹകരിക്കാനാകില്ലെന്നാണ് പാര്‍ട്ടി നേതൃത്വം പറയുന്നത്. കോണ്‍ഗ്രസും യോഗത്തില്‍ സംബന്ധിക്കാന്‍ സാധ്യത കുറവാണ്. മമതയുടെ നീക്കം പ്രതിപക്ഷ ചേരിയില്‍ ഭിന്നതയുണ്ടാക്കി ബിജെപിയെ സഹായിക്കലാണ് എന്നും കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തി.