നോട്ട് നിരോധനം; സാമ്പത്തിക മാന്ദ്യത്തിന് സാധ്യതയെന്ന് രാഷ്ട്രപതി
ദില്ലി: കറന്‍സി നിരോധനത്തിനെതിരെ ഇതുവരെ കാര്യമായി പ്രതികരിക്കാതിരുന്ന രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി ഇതാദ്യമായി കേന്ദ്രസര്‍ക്കാരിനെതിരെ പരോക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. നോട്ട് നിരോധനം താല്‍ക്കാലിക സാമ്പത്തിക മാന്ദ്യത്തിന് ഇടയാക്കിയേക്കുമെന്ന് രാഷ്ട്രപതി വിലയിരുത്തി.
കറന്‍സി നിരോധനം കള്ളപ്പണവും അഴിമതിയും ഇല്ലാതാക്കുന്നതാണെങ്കിലും രാജ്യത്തെ ജനങ്ങളെ കഷ്ടപ്പെടുത്തരുതെന്ന് രാഷ്ട്രപതി വ്യക്തമാക്കി. കറന്‍സി നിരോധനത്തെ ഇതുവരെ എതിര്‍ത്തു സംസാരിക്കാതിരുന്ന രാഷ്ട്രപതി കറന്‍സി നിരോധനം നിലവില്‍വന്ന് 50 ദിവസം കഴിഞ്ഞിട്ടും ജനങ്ങളുടെ ദുരിതം അവസാനിക്കാത്തതോടെയാണ് പ്രതികരണം നടത്തിയതെന്നാണ് സൂചന.

നവംബര്‍ എട്ടിനാണ് രാജ്യത്ത് 1000, 500 നോട്ടുകള്‍ അസാധുവാക്കിക്കൊണ്ട് പ്രഖ്യാപനമുണ്ടായത്. പഴയനോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 30 ആയിരുന്നു. ഇതിനുശേഷം ബാങ്കുകളിലെ നിയന്ത്രണം ഒഴിവാക്കുമെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞിരുന്നത്. എന്നാല്‍ നോട്ട് പിന്‍വലിക്കല്‍ മൂലം വലിയ ബുദ്ധിമുട്ടാണ് രാജ്യത്തെ ജനങ്ങള്‍ ഇപ്പോഴും അനുഭവിക്കുന്നത്.












Click it and Unblock the Notifications