ആ കളി ഇവിടെ വേണ്ട ട്രംപ്; താരിഫ് ഭീഷണിക്ക് വഴങ്ങില്ല: ഒരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്ന് നരേന്ദ്ര മോദി
ഇന്ത്യയ്ക്കെതിരായ താരിഫ് യുദ്ധം കടുപ്പിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ശക്തമായ ഭാഷയില്‍ മറുപടി നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. വലിയ വില നല്‍കേണ്ടി വരുമെന്ന് അറിയാമെങ്കിലും ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കുന്നത്. ഇന്ത്യൻ കർഷകരുടെയും മത്സ്യബന്ധന തൊഴിലാളികളുടെയും താൽപ്പര്യങ്ങൾ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല. തനിക്ക് ഇതിന് വലിയ വ്യക്തിപരമായ വില നൽകേണ്ടി വരുമെന്ന് അറിയാമെങ്കിലും, കർഷകർക്ക് വേണ്ടി അത് ചെയ്യാൻ തയ്യാറാണെന്നും മോദി പറഞ്ഞു. ഡൽഹിയിൽ നടന്ന എം എസ് സ്വാമിനാഥൻ ശതാബ്ദി അന്താരാഷ്ട്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"കർഷകരുടെ താൽപ്പര്യങ്ങൾക്കാണ് നമ്മള്‍ മുൻഗണന കൊടുക്കുന്നത്. ഇന്ത്യയിലെ കർഷകർ, കന്നുകാലികളെ വളർത്തുന്നവർ, മത്സ്യബന്ധന തൊഴിലാളികൾ എന്നിവരുടെ താൽപ്പര്യങ്ങളിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല. ഇതിന് ഞാൻ വ്യക്തിപരമായി വലിയ വില നൽകേണ്ടി വരുമെന്ന് എനിക്കറിയാം, പക്ഷേ ഞാൻ തയ്യാറാണ്. രാജ്യത്തിന്റെ കർഷകർക്കും മത്സ്യബന്ധന തൊഴിലാളികൾക്കും വേണ്ടി ഇന്ത്യ തയ്യാറാണ്," ട്രംപിന്റെ താരിഫ് നടപടികൾ പ്രാബല്യത്തിൽ വന്നതിന് പിന്നാലെ മോദി പറഞ്ഞു.

ഗ്രീൻ വിപ്ലവത്തിന്റെ ശില്പിയായ എം.എസ്. സ്വാമിനാഥനെ ആദരിച്ച മോദി, "ഭക്ഷ്യസുരക്ഷയുടെ പാരമ്പര്യത്തിന് മേൽ, നമ്മുടെ കാർഷിക ശാസ്ത്രജ്ഞർക്ക് മുന്നിലുള്ള അടുത്ത ലക്ഷ്യം എല്ലാവർക്കും പോഷകസുരക്ഷ ഉറപ്പാക്കലാണ്," എന്നും കൂട്ടിച്ചേർത്തു.
ഇന്ത്യ റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി തുടരുന്ന പശ്ചാത്തലത്തിാണ് 'ശിക്ഷ' എന്ന നിലയിൽ ട്രംപ് ഇന്ത്യൻ കയറ്റുമതിക്ക് 25 ശതമാനം അധിക താരിഫ് പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ, ജൂലൈ 20-ന് അമേരിക്ക ഇന്ത്യൻ കയറ്റുമതിക്ക് 25 ശതമാനം താരിഫ് ഏർപ്പെടുത്തിയിരുന്നു. ഇതോടെ, ഇന്ത്യൻ കയറ്റുമതിക്ക് മൊത്തം 50 ശതമാനം താരിഫ് എന്ന നിലയിലെത്തി. ഇന്ത്യയുടെ കാർഷിക ഉൽപ്പന്നങ്ങൾ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന പ്രധാന മേഖലകളിൽ ഒന്നായതിനാല്‍ തന്നെ ട്രംപിന്റെ നീക്കം വലിയ തിരിച്ചടിയാകുക കർഷകർക്കായിരിക്കും.
അമേരിക്കയുടെ ഈ നടപടിയെ "അന്യായവും ന്യായീകരിക്കാനാവാത്തതും അസാധാരണവും" ആണെന്നാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വിമർശിക്കുകയും ചെയ്തു. "നമ്മുടെ ഇറക്കുമതി വിപണി ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ളതും 140 കോടി ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയുള്ളതുമാണ്. മറ്റ് പല രാജ്യങ്ങളും തങ്ങളുടെ ദേശീയ താൽപ്പര്യങ്ങൾക്കായി സമാന നടപടികൾ സ്വീകരിക്കുമ്പോൾ, ഇന്ത്യയ്ക്കെതിരെ താരിഫ് ഏർപ്പെടുത്തുന്നത് അന്യായമാണ്," മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും ഇന്ത്യ സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി.
ഇന്ത്യ-അമേരിക്ക വ്യാപാര കരാർ ചർച്ചകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ താരിഫ് വർധന എന്നതും ശ്രദ്ധേയം. ഇന്ത്യയുടെ കാർഷിക വിപണിയിലേക്ക് കൂടുതൽ പ്രവേശനം ആവശ്യപ്പെട്ട അമേരിക്കയുടെ നീക്കത്തെ, കർഷകരെ സംരക്ഷിക്കാൻ വേണ്ടി ഇന്ത്യ എതിർത്തിരുന്നു. പ്രധാനമന്ത്രി മോദിയുടെ പ്രസ്താവന, ഇന്ത്യൻ കർഷകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനുള്ള സർക്കാരിന്റെ പ്രതിബദ്ധത വ്യക്തമാക്കുന്നുണ്ടെങ്കിലും കയറ്റുമതി മേഖലയ്ക്ക് ഇത് വലിയ തിരിച്ചടിയായിരിക്കും.
ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ 26 നിരപരാധികൾ കൊല്ലപ്പെട്ടതിന് പിന്നാലെ ഇന്ത്യ നടത്തിയ 'ഓപ്പറേഷൻ സിന്ദൂർ' എന്ന പ്രത്യാക്രമണത്തിന് ശേഷം ഇന്ത്യ-അമേരിക്ക ബന്ധം വലിയ തോതി്‍ വഷളായിരുന്നു. ഇന്ത്യ-പാകിസ്ഥാൻ വെടിനിർത്തൽ താൻ മാധ്യസ്ഥ്യം വഹിച്ചാണ് നടന്നതെന്ന ട്രംപിന്റെ അവകാശവാദത്തെ മോദി സർക്കാർ നിഷേധിച്ചത് അമേരിക്കയെ പ്രോകിപ്പിച്ചു. "ഞങ്ങളുടെ നടപടി ഒരിക്കലും യുദ്ധോന്മുഖമല്ലായിരുന്നു. ഓപ്പറേഷൻ സിന്ദൂർ നിർത്താൻ ഒരു ലോകനേതാവും ഞങ്ങളോട് ആവശ്യപ്പെട്ടിട്ടില്ല," മോദി തന്നെ പാർലമെന്റിൽ നടന്ന ചർച്ചയിൽ പറഞ്ഞു.












Click it and Unblock the Notifications