ടെസ്‌ല, സ്റ്റാര്‍ലിങ്ക്... ഇലോണ്‍ മസ്‌ക്കുമായി സംസാരിച്ചതായി മോദി; ഇന്ത്യയ്ക്ക് ഗുണം ചെയ്യുമോ?
ന്യൂഡല്‍ഹി: അമേരിക്കന്‍ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്ലയുടെ ഇന്ത്യയിലേക്കുള്ള വരവിനെ വാഹന പ്രേമികള്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യാപാര യുദ്ധം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇക്കാര്യത്തില്‍ അനിശ്ചിതാവസ്ഥ ഉണ്ടായിരുന്നു. ഇറക്കുമതി തീരുവ സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ ശതകോടീശ്വരനും ടെസ്‌ല മേധാവിയുമായ ഇലോണ്‍ മസ്‌കുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.
വിവിധ വിഷയങ്ങളെക്കുറിച്ച് സ്പേസ് എക്സ് മേധാവി ഇലോണ്‍ മസ്‌കുമായി സംസാരിച്ചെന്ന് സമൂഹ മാധ്യമമായ എക്സിലൂടെയാണ് നരേന്ദ്ര മോദി അറിയിച്ചത്. സാങ്കേതികവിദ്യ, നൂതനമായ സംരംഭങ്ങള്‍ എന്നീ മേഖലകളിലെ സഹകരണത്തിനുള്ള സാധ്യതകളെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു. കഴിഞ്ഞ ഫെബ്രുവരിയില്‍ മോദിയുടെ അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ വാഷിങ്ടണ്‍ ഡിസിയില്‍ നടന്ന കൂടിക്കാഴ്ചയുടെ തുടര്‍ച്ചയായിരുന്നു ഇപ്പോഴത്തെ സംഭാഷണം. ടെലിഫോണിലൂടെയാണ് ഇരുവരും സംസാരിച്ചത്.

യുഎസുമായുള്ള പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകുന്നതിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി മോദി അറിയിച്ചു. നരേന്ദ്ര മോദി എക്സില്‍ പങ്കുവെച്ച കുറിപ്പ് ഇങ്ങനെയാണ് -
'ഇലോണ്‍ മസ്‌കുമായി വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു. ഈ വര്‍ഷം ആദ്യം വാഷിങ്ടണ്‍ ഡിസിയില്‍ ചര്‍ച്ച ചെയ്ത വിഷയങ്ങളും ഇതിലുള്‍പ്പെടും. സാങ്കേതിക വിദ്യ, ഇന്നോവേഷന്‍ എന്നീ മേഖലകളിലെ സഹകരണത്തിനുള്ള സാധ്യതകളെക്കുറിച്ച് ഞങ്ങള്‍ ചര്‍ച്ച ചെയ്തു. ഈ മേഖലകളില്‍ യുഎസുമായുള്ള പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകുന്നതിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്'.
കൃത്രിമ ഉപഗ്രഹങ്ങളുടെ സഹായത്തോടെ രാജ്യത്ത് അതിവേഗ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഇന്ത്യയിലെ പ്രമുഖ ടെലികോം കമ്പനികള്‍, ഇലോണ്‍ മസ്‌കിന്റെ സാറ്റ്‌ലൈറ്റ് ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്കുമായി സഹകരിക്കുമെന്ന വാര്‍ത്തകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികളായ ഭാരതി എയര്‍ടെലും റിലയന്‍സ് ജിയോയുമാണ് കരാറിലെത്തിയത്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് മസ്‌കുമായുള്ള മോദിയുടെ സംഭാഷണത്തിന് പ്രസക്തിയേറുന്നത്.
യുഎസ് സര്‍ക്കാരിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എഫിഷ്യന്‍സി അഥവാ ഡോജിന്റെ തലവനാണ് മസ്‌ക്. ട്രംപിന്റെ ഉപദേശകന്‍ കൂടിയായ മസ്‌കിന് അമേരിക്കന്‍ ഭരണകൂടത്തില്‍ വ്യക്തമായ സ്വാധീനമുണ്ട്. വ്യാപാര യുദ്ധത്തില്‍ ഇന്ത്യയോടുള്ള മൃദുസമീപനത്തിന് മസ്‌കിന്റെ ഇടപെടല്‍ നിര്‍ണായകമാകും.
ജനുവരിയില്‍ ഡൊണാള്‍ഡ് ട്രംപ് രണ്ടാം തവണ പ്രസിഡന്റായി സ്ഥാനമേറ്റതിന് ശേഷം നടത്തിയ ആദ്യ യുഎസ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി മോദി മസ്‌ക്കുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഭാര്യയും മൂന്ന് കുട്ടികളുമായാണ് ബ്ലെയര്‍ ഹൗസില്‍ മസ്‌ക് ഇന്ത്യന്‍ പ്രധാനമന്ത്രിയെ കാണാനെത്തിയത്.
ബഹിരാകാശ പര്യവേക്ഷണം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സുസ്ഥിര വികസനം എന്നിവയില്‍ ഇന്ത്യന്‍, യുഎസ് സ്ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തിരുന്നു. ടെസ്ലയും സ്പേസ് എക്സും ഉള്‍പ്പെടുന്ന മസ്‌കിന്റെ ബിസിനസ് സാമ്രാജ്യവുമായുള്ള സഹകരണത്തെ പ്രതീക്ഷയോടെയാണ് കേന്ദ്രസര്‍ക്കാര്‍ കാണുന്നത്.
അതിനിടെ, ഇറക്കുമതി തീരുവയില്‍ കുറവ് വരുത്തിയതിനെ തുടര്‍ന്ന് ഇന്ത്യയില്‍ ടെസ്‌ലയുടെ ഓഫീസ് തുടങ്ങുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഡല്‍ഹി, മുംബൈ തുടങ്ങിയ നഗരങ്ങളിലാണ് ടെസ്ലയുടെ ഷോറൂമുകള്‍ വൈകാതെ തുറക്കുന്നത്.












Click it and Unblock the Notifications