ഇന്ന് നിര്‍ണായകം; ഇന്ത്യ-പാക് വെടിനിര്‍ത്തലിനു ശേഷം ആദ്യ കേന്ദ്ര മന്ത്രിസഭാ യോഗം
ന്യൂഡല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷത്തിന് പിന്നാലെയുള്ള വെടിനിര്‍ത്തല്‍ ധാരണയ്ക്ക് ശേഷം ആദ്യ നിര്‍ണായക കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന് ചേരും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് ചര്‍ച്ച. അതിര്‍ത്തിയിലെ സാഹചര്യവും ഓപ്പറേഷന്‍ സിന്ദൂറിനു ശേഷമുള്ള ഇന്ത്യയുടെ അടുത്ത നടപടിയും ഉള്‍പ്പെടെ ഇന്നത്തെ മന്ത്രിസഭാ യോഗം വിലയിരുത്തും. സുരക്ഷാ കാര്യങ്ങള്‍ക്കായുള്ള ക്യാബിനറ്റ് സമിതിയും ഇന്ന് യോഗം ചേരും. പഹല്‍ഗാം ഭീകരാക്രമണം നടന്ന ശേഷം ഈ സമിതി മൂന്നാമത്തെ തവണയാണ് യോഗം ചേരുന്നത്.
പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി നൂറിലധികം ഭീകരരെ ഇല്ലാതാക്കിയ ഓപ്പറേഷന്‍ സിന്ദൂറിനു ശേഷമുള്ള ഇന്ത്യയുടെ അടുത്ത ചുവടുവയ്പ്പുകളാണ് യോഗം പ്രധാനമായും ചര്‍ച്ച ചെയ്യുക. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം അന്താരാഷ്ട്ര ബന്ധങ്ങളില്‍ ഇന്ത്യ സ്വീകരിക്കുന്ന സമീപനങ്ങളും യോഗം വിലയിരുത്തും. മുതിര്‍ന്ന മന്ത്രിമാരും ഉന്നത ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരും ഇന്നത്തെ ചര്‍ച്ചകളില്‍ പങ്കെടുക്കും.

ഇന്ത്യയുടെയും പാകിസ്ഥാന്റെയും ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ചര്‍ച്ച 48 മണിക്കൂറിനകം വീണ്ടും നടത്താനാണ് ധാരണ. അതില്‍ സ്വീകരിക്കേണ്ട നിലപാടുകളും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാകും. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച, പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടിആര്‍എഫിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് തെളിവുകള്‍ സഹിതം അടുത്തയാഴ്ച യുഎന്‍ സുരക്ഷാ സമിതിയെ സമീപിക്കാനിരിക്കുകയാണ് ഇന്ത്യ. ഇൗ വിഷയത്തിലും ഇന്നത്തെ കേന്ദ്രമന്ത്രി സഭാ യോഗത്തില്‍ ചര്‍ച്ചയുണ്ടാകും.
പ്രധാനമന്ത്രിയുടെ വസതിയിലാണ് യോഗം നടക്കുന്നത്. പ്രതിരോധ ഉദ്യോഗസ്ഥരുമായുള്ള ദൈനംദിന കൂടിക്കാഴ്ച്ചയ്ക്കു ശേഷമായിരിക്കും കേന്ദ്ര മന്ത്രിസഭാ യോഗം ചേരുന്നത്.
അതിനിടെ കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പാകിസ്ഥാന്‍ നിയമ വിരുദ്ധമായി കൈവശപ്പെടുത്തിയിരിക്കുന്ന പാക് അധീന കശ്മീര്‍ വിട്ടുനല്‍കണമെന്ന ഇന്ത്യയുടെ നയത്തില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. കശ്മീര്‍ വിഷയം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന നിലപാടാണ് ദീര്‍ഘകാലമായി ഇന്ത്യയ്ക്കുള്ളതെന്നും ആ നയത്തില്‍ മാറ്റമുണ്ടായിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ അറിയിച്ചു.
ഈ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിലപാട് വ്യക്തമാക്കി 24 മണിക്കൂര്‍ പിന്നിടുമ്പോഴാണ് വിദേശകാര്യ മന്ത്രാലയം ഇക്കാര്യം ആവര്‍ത്തിച്ചത്. അതിനിടെ, ഇന്ത്യ-പാക് സംഘര്‍ഷവുമായി ബന്ധപ്പെട്ട ട്രംപിന്റെ അവകാശ വാദങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന ആവശ്യം പ്രതിപക്ഷം ശക്തമാക്കി.
വെടിനിര്‍ത്തല്‍ തുടരാന്‍ സൈനികതല ചര്‍ച്ചയില്‍ ധാരണയായെങ്കിലും ഇന്ത്യ പാക് സംഘര്‍ഷാന്തരീക്ഷം ഒഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഈ സാഹചര്യത്തിലാണ് ഇന്നലെ കേന്ദ്ര മന്ത്രിസഭാ യോഗം നിര്‍ണയകമാകുന്നത്. ഇന്നലെയും ഇന്ത്യന്‍ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ പാക് ഡ്രോണുകള്‍ എത്തിയത് ആശങ്ക സൃഷ്ടിച്ചിരുന്നു.
വെടിനിര്‍ത്തല്‍ ലംഘനമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കാനാണ് സേനകള്‍ക്കുള്ള നിര്‍ദേശം. ഇരു രാജ്യങ്ങളും ഇപ്പോഴും സംഘര്‍ഷ സാധ്യത തുടരുന്ന സാഹചര്യത്തില്‍ ഇന്നത്തെ യോഗത്തില്‍ സുപ്രധാന തീരുമാനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
നിയന്ത്രണ രേഖയ്ക്ക് സമീപം കഴിഞ്ഞ ദിവസവും അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിയന്ത്രണ രേഖയ്ക്ക് അപ്പുറത്ത് നിന്ന് പാകിസ്ഥാന്‍ അയച്ച ഷെല്ലുകള്‍ പൊട്ടാത്ത നിലയില്‍ കണ്ടെത്തിയത് ഇന്ത്യന്‍ സൈന്യം നിര്‍വീര്യമാക്കി. ജനങ്ങള്‍ താമസിക്കുന്ന സ്ഥലത്താണ് ഇത്തരം ഷെല്ലുകള്‍ പതിച്ചത്. ഷെല്ലുകള്‍ പൊട്ടിത്തെറിക്കുന്നതു മൂലമുള്ള നാശനഷ്ടങ്ങള്‍ ഒഴിവാക്കാനാണ് സൈന്യം അടിയന്തര നടപടി സ്വീകരിച്ചത്.
അതിര്‍ത്തി ഗ്രാമങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത തുടരണമെന്നും സംശയാസ്പദമായ വസ്തുക്കള്‍, പൊട്ടിത്തെറിക്കാത്ത ഷെല്ലുകള്‍, സ്‌ഫോടക വസ്തുക്കള്‍ എന്നിവ കണ്ടെത്തിയാല്‍ ഉടന്‍ തന്നെ ഇന്ത്യന്‍ സൈന്യത്തിലോ ജമ്മു കശ്മീര്‍ പൊലീസിലോ റിപ്പോര്‍ട്ട് ചെയ്യണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.












Click it and Unblock the Notifications