ത്രിദിന യൂറോപ്പ് പര്യടനം;ജർമ്മിനിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി..ചൊവ്വാഴ്ച കോപ്പൻഹേഗനിലേക്ക്
ദില്ലി; ത്രിദിന യൂറോപ്പ് പര്യടനത്തിന്റെ ഭാഗമായി ജർമ്മിനിയിൽ എത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. തിങ്കളാഴ്ച രാവിലെയാണ് പ്രധാനമന്ത്രി ജർമ്മിനിയിൽ എത്തിയത്. ജർമൻ ചാൻസലർ ഒലാഫ് ഷോൾസുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
'ബെർലിനിൽ എത്തി. ചാൻസലർ ഒലാഫ് ഷോൾസുമായി ചർച്ച നടത്തും. ബിസിനസ്സ് നേതാക്കളുമായി സംവദിക്കുകയും ഒരു കമ്മ്യൂണിറ്റി പ്രോഗ്രാമിനെ അഭിസംബോധന ചെയ്യുകയും ചെയ്യും. ഈ സന്ദർശനം ഇന്ത്യയും ജർമ്മനിയും തമ്മിലുള്ള സൗഹൃദം വർദ്ധിപ്പിക്കുമെന്ന് തനിക്ക് പ്രതീക്ഷയുണ്ട്', പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ബർലിനിൽ ഇന്ത്യ-ജർമനി ഇന്റർ ഗവൺമെന്റൽ കൺസൽറ്റേഷൻസ് (ഐസിജി) മോദിയും ഷോൾസും ചേർന്നു നയിക്കും.പ്രമുഖ സിഇഒമാരുമായും ഇരുവരും കൂടിക്കാഴ്ച നടത്തും.

'ഇന്ത്യയും ജർമ്മനിയും തമ്മിലുള്ള ദീർഘകാല വാണിജ്യ ബന്ധങ്ങൾ ഇരു രാജ്യങ്ങളുടേയും പങ്കാളിത്തത്തിന്റെ നെടുംതൂണുകളിൽ ഒന്നാണ്. ഇരു രാജ്യങ്ങളിലേയും വ്യവസായ മേഖയെ ഊർജ്വസ്വലമാക്കുകയെന്ന ലക്ഷ്യത്തോടെ ചാൻസലർ ഷോൾസും ഞാനും സംയുക്തമായി ഒരു ബിസിനസ് റൗണ്ട് ടേബിളിനെ അഭിസംബോധന ചെയ്യും, രണ്ട് രാജ്യങ്ങളിലും കൊവിഡ് സാമ്പത്തിക വീണ്ടെടുക്കലിന്റെ തുടർ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്', പ്രധാനമന്ത്രി വ്യക്തമാക്കി. ജർമ്മനിയിലെ ഇന്ത്യൻ പ്രവാസികളുമായും മോദി സംവദിക്കും.
'യൂറോപ്പിൽ പത്ത് ലക്ഷത്തിന് മുകളിൽ ഇന്ത്യൻ വംശജർ ഉണ്ട്. ഇതിൽ തന്നെ വലിയൊരു വിഭാഗം ജർമിനിയിലാണ്. അതുകൊണ്ട് തന്നെ യൂറോപ്പിൽ എത്തുമ്പോൾ ഇന്ത്യൻ വംശജരെ കാണാനും അവരോട് സംവദിക്കാനും ശ്രമിക്കും', പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ജർമ്മൻ സന്ദർശനം പൂർത്തിയാക്കി ചൊവ്വാഴ്ച പ്രധാനമന്ത്രി ഡെൻമാർക്കിലെ കോപ്പൻഹേഗിലേക്ക് പ്രധാനമന്ത്രി പോകും. പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സണുമായി ചർച്ചകൾക്കു ശേഷം രണ്ടാം ഇന്ത്യ-നോർഡിക് ഉച്ചകോടിയിൽ പങ്കെടുക്കും.ഇന്ത്യ-ഡെൻമാർക്ക് ബിസിനസ് റൗണ്ട് ടേബിളിൽ പങ്കെടുക്കുകയും ഡെന്മാർക്കിലെ ഇന്ത്യൻ സമൂഹവുമായി സംവദിക്കുകയും ചെയ്യും. ഡെൻമാർക്ക്, ഐസ്‌ലൻഡ്, ഫിൻലൻഡ്, സ്വീഡൻ, നോർവേ എന്നീ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാർ ഉച്ചകോടിയിൽ പങ്കെടുക്കും. 2018 ലായിരുന്നു നേരത്തേ ഉച്ചകോടി നടന്നത്. ഡെൻമാർക്ക് സന്ദർശനത്തിന് ശേഷം ഫ്രാൻസിലെത്തുന്ന പ്രധാനമന്ത്രി ബുധനാഴ്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയുമായി ചർച്ചകൾ നടത്തും.
Recommended Video
ത്രിദിന സന്ദർശനത്തിനിടെ 25 ഓളം യോഗങ്ങളിലാണ് പ്രധാനമന്ത്രി പങ്കെടുക്കുക. ഏകദേശം 65 മണിക്കൂറോളം പ്രധാനമന്ത്രി വിദേശത്ത് ചെലവഴിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.












Click it and Unblock the Notifications