പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം; രണ്ടാം തവണയും പ്രധാനമന്ത്രിയുടെ അസം സന്ദർശനം റദ്ദാക്കി
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അസം സന്ദർശനം റദ്ദാക്കി. പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് സന്ദർശനം റദ്ദാക്കുന്നത്. ഗുവാഹത്തിയിൽ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനായിരുന്നു പ്രധാനമന്ത്രിയുടെ അസമിൽ എത്താനിരുന്നത്. വെള്ളിയാഴ്ചയാണ് ഉദ്ഘാടന ചടങ്ങുകൾ നടക്കുക.
അസമിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധങ്ങൾ നടക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ നിർദ്ദേശ പ്രകാരമാണ് സന്ദർശനം ഒഴിവാക്കുന്നതെന്നാണ് അസമിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

പൗരത്വ നിയമ ഭേദഗതി നിയമം നിലവിൽ വന്നതിന് ശേഷം ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി അസം സന്ദർശനം റദ്ദാക്കുന്നത്. ഗുവാഹത്തിൽവെച്ച് ഡിസംബർ ആദ്യം നടത്താനിരുന്ന ഇന്ത്യാ- ജപ്പാൻ ഉച്ചകോടിയും റദ്ദാക്കിയിരുന്നു.
ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി അസമിൽ എത്തുകയാണെങ്കിൽ ശക്തമായ പ്രതിഷേധം നടത്തുമെന്ന ഓൾ അസം സ്റ്റ്യുഡന്റ്സ് യൂണിയൻ വെല്ലുവിളിച്ചിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ വലിയ പ്രതിഷേധങ്ങളാണ് അസമിൽ നടന്നത്. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ നേരത്തെ മേഘാലയ സന്ദർശനം റദ്ദാക്കിയിരുന്നു. അതേ സമയം വെളളിയാഴ്ച കൊൽക്കത്തയിൽ നടക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കുമെന്നാണ് വിവരം.












Click it and Unblock the Notifications