പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യത; കെജ്രിവാളിന് 25000 രൂപ പിഴ, ശരിവെച്ച് ഹൈക്കോടതി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട വിവാദത്തില്‍ എഎപി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിന്റെ അപ്പീല്‍ ഗുജറാത്ത് ഹൈക്കോടതി തള്ളി. കെജ്രിവാളിന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിച്ച 25000 രൂപ പിഴ ശരിവെക്കുകയും ചെയ്തു. സിംഗിള്‍ ബെഞ്ചിന്റെ വിധിയില്‍ ഇടപെടേണ്ടതുണ്ട് എന്ന് തോന്നുന്നില്ലെന്ന് ജസ്റ്റിസുമാരായ സുനിത അഗര്‍വാള്‍, ഡിഎന്‍ റേ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത നേരത്തെ വലിയ ചര്‍ച്ചയായിരുന്നു. ഇക്കാര്യം എഎപി ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ വിവാദമാക്കുകയും ചെയ്തു. അതിന് ഒരു കാരണമായിരുന്നു കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവും ഗുജറാത്ത് യൂണിവേഴ്സിറ്റിയുടെ ഇടപെടലും ഹൈക്കോടതിയുടെ വിധിയുമെല്ലാം. കെജ്രിവാളിന് തിരിച്ചടി ലഭിച്ചു എന്നതാണ് ഈ വിവാദത്തിന്റെ ഒടുവിലെ ചിത്രം.

പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത ചര്‍ച്ചയായ വേളയിലാണ് 2016ല്‍ കെജ്രിവാള് കേന്ദ്ര വിവരാവകാശ കമ്മീഷന് കത്തെഴുതിയത്. മോദിയുടെ ഡിഗ്രി പരസ്യമാക്കണം എന്നായിരുന്നു കെജ്രിവാളിന്റെ ആവശ്യം. 2016 ഏപ്രിലില്‍ സിഐസി ആയിരുന്ന എം ശ്രീധര്‍ ആചാര്യലു ഡല്‍ഹി സര്‍വകലാശാലയ്ക്കും ഗുജറാത്ത് സര്‍വകലാശാലയ്ക്കും ഇക്കാര്യത്തില്‍ നിര്‍ദേശം നല്കി. മോദിയുടെ ഡിഗ്രി സംബന്ധിച്ച വിവരം കെജ്രിവാളിന് കൈമാറണം എന്നായിരുന്നു സിഐസിയുടെ നിര്‍ദേശം.
ഇതിനെതിരെ ഗുജറാത്ത് സര്‍വകലാശാല ഹൈക്കോടതിയെ സമീപിച്ചു. ഗുജറാത്ത് ഹൈക്കോടതി സിഐസി ഉത്തരവ് സ്റ്റേ ചെയ്തു. കെജ്രിവാളിന്റേത് ബാലിശമായ ആവശ്യമാണെന്നും ആര്‍ടിഐയുടെ കീഴിലുള്ള പൊതുതാല്‍പ്പര്യത്തിന്റെ പരിഗണനയില്‍ വരുന്ന വിഷയമല്ല ഇതെന്നും യൂണിവേഴ്സിറ്റി വാദിച്ചു.
2016 മെയ് മാസത്തില്‍ മോദിയുടെ ഡിഗ്രി ഗുജറാത്ത് സര്‍വകലാശാല വിസി എംഎന്‍ പട്ടേല്‍ വെളിപ്പെടുത്തി. 1983ല്‍ 62.3 ശതമാനം മാര്‍ക്കോടെ മോദി രാഷ്ട്രമീമാംസയില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ടെന്നും വിദൂര വിദ്യാഭ്യാസ പഠനമണ് മോദി നടത്തിയത് എന്നുമായിരുന്നു പട്ടേല്‍ പറഞ്ഞത്. സര്‍വകലാശാലയുടെ വെബ്സൈറ്റില്‍ വിവരം ലഭ്യമാണെന്നും വിസി വ്യക്തമാക്കി.
ഇതോടെയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സിഐസിയുടെ നിര്‍ദേശം സ്റ്റേ ചെയ്തതും കെജ്രിവാളിന് 25000 രൂപ പിഴ വിധിച്ചതും. 2023 മാര്‍ച്ച് 31നായിരുന്നു ഇത്. ഈ വിധിക്കെതിരെ കെജ്രിവാള് ഡിവിഷന് ബെഞ്ചിനെ സമീപിക്കുകയായിരുന്നു. കെജ്രിവാളിന് വേണ്ടി അഭിഷേക് മനു സിങ്വിയാണ് ഹാജരായത്.
മോദിയുടെ ഡിഗ്രി കെജ്രിവാള് നിരന്തരം ആവശ്യപ്പെട്ടിട്ടില്ലെന്ന് സിങ്വി വാദിച്ചു. സിംഗിള്‍ ബെഞ്ചിന്റെ ആ നിരീക്ഷണം തെറ്റാണ്. കത്ത് അയച്ചതിനെ തുടര്‍ന്നാണ് സിഐസി ഉത്തരവിട്ടത്. ഡിഗ്രിയുടെ വിവരം വെബ്സൈറ്റിലുണ്ട് എന്ന് സര്‍വകലാശാല പറഞ്ഞത് ശരിയല്ല. ഇതുവരെ ഇക്കാര്യം പരസ്യമാക്കിയിട്ടില്ലെന്നും കെജ്രിവാള് കോടതിയെ ബോധിപ്പിച്ചെങ്കിലും ഹര്‍ജി തള്ളുകയായിരുന്നു.


Click it and Unblock the Notifications
