മണിപ്പൂരിന് ആശംസ അറിയിച്ച് പ്രധാനമന്ത്രി; അടുത്ത കാപട്യമെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: മണിപ്പൂരിന്റെ സംസ്ഥാന രൂപീകരണ ദിനത്തില്‍ ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ പുരോഗതിക്ക് മണിപ്പൂര്‍ ശക്തമായ സംഭാവന നല്‍കിയിട്ടുണ്ട് എന്ന് പ്രധാനമന്ത്രി പറഞ്ഞു. തന്റെ എക്‌സ് അക്കൗണ്ടിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. രാഷ്ട്രപതി ദ്രൗപതി മുര്‍മുവും മണിപ്പൂരിന്റെ സംസ്ഥാന രൂപീകരണ ദിനത്തില്‍ ആശംസ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.
'മണിപ്പൂരിന്റെ സംസ്ഥാന രൂപീകരണ ദിനത്തില്‍, സംസ്ഥാനത്തെ ജനങ്ങള്‍ക്ക് എന്റെ ആശംസകള്‍. ഇന്ത്യയുടെ പുരോഗതിക്ക് മണിപ്പൂര്‍ ശക്തമായ സംഭാവന നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ സംസ്‌കാരത്തിലും പാരമ്പര്യത്തിലും ഞങ്ങള്‍ അഭിമാനിക്കുന്നു. മണിപ്പൂരിന്റെ തുടര്‍ച്ചയായ വികസനത്തിനായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു,' നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. മണിപ്പൂരിനെ കൂടാതെ മേഘാലയ, ത്രിപുര സംസ്ഥാനങ്ങള്‍ക്കും നരേന്ദ്ര മോദി ആശംസകളറിയിച്ചു.

1971 ലെ നോര്‍ത്ത്-ഈസ്റ്റ് ഏരിയ പുനഃസംഘടന നിയമം നിലവില്‍ വന്നതോടെയാണ് ത്രിപുര, മണിപ്പൂര്‍, മേഘാലയ സംസ്ഥാനങ്ങള്‍ രൂപീകരിക്കുന്നത്. സംസ്ഥാന പദവി നേടിയ മൂന്ന് സംസ്ഥാനങ്ങളുടെ 52-ാം സ്ഥാപക വാര്‍ഷിക ദിനമാണ് ഇന്ന്. അതേസമയം സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം കുക്കി, മെയ്‌തേയ് വിഭാഗങ്ങള്‍ തമ്മിലുള്ള വംശീയ അക്രമങ്ങളാല്‍ തകര്‍ന്ന മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി ഇതുവരെ തയ്യാറായിട്ടില്ല.
മണിപ്പൂരില്‍ നിന്ന് ഇടയ്ക്കിടെയുള്ള അക്രമ സംഭവങ്ങളും തുടര്‍ന്നുള്ള മരണങ്ങളും ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. മണിപ്പൂരില്‍ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നോക്കിനില്‍ക്കുകയായിരുന്നെന്ന ആരോപണം ശക്തമാണ്. അതേസമയം പ്രധാനമന്ത്രിയുടെ ആശംസ തള്ളി പ്രതിപക്ഷം രംഗത്തെത്തി. സംസ്ഥാനത്ത് ഇപ്പോഴും അക്രമം നിലനില്‍ക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് രംഗത്തെത്തി.
സംസ്ഥാനത്ത് സാമൂഹിക സൗഹാര്‍ദം തകര്‍ന്നെന്നും അദ്ദേഹം ആരോപിച്ചു. മണിപ്പൂര്‍ കലാപത്തില്‍ ഇപ്പോഴും പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്നും സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കളെയും പാര്‍ട്ടികളെയും കാണാന്‍ വിസമ്മതിക്കുക.ാണ് എന്നും അദ്ദേഹം ആരോപിച്ചു. മണിപ്പൂര്‍ സംസ്ഥാന രൂപീകരണ ദിനത്തില്‍ പ്രധാനമന്ത്രി ട്വീറ്റ് ചെയ്യുന്നു, പക്ഷേ 2023 മെയ് 3 മുതല്‍ വളരെയധികം വേദന അനുഭവിച്ച സംസ്ഥാനം സന്ദര്‍ശിക്കാന്‍ സമയം കണ്ടെത്തിയിട്ടില്ല എന്ന് ജയ്‌റാം രമേശ് പറഞ്ഞു.
സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹം പ്രകടിപ്പിച്ച ആശംസകള്‍ അദ്ദേഹത്തിന്റെ കാപട്യത്തിന്റെ മറ്റൊരു പ്രകടനമാണ് എന്നും ജയ്‌റാം രമേശ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം മെയ് 3 ന് മലയോര ജില്ലകളില്‍ സംഘടിപ്പിച്ച ആദിവാസി ഐക്യദാര്‍ഢ്യ മാര്‍ച്ചിന് ശേഷമാണ് 180-ലധികം പേര്‍ കൊല്ലപ്പെട്ട അക്രമം പൊട്ടിപ്പുറപ്പെട്ടത്.












Click it and Unblock the Notifications