സമാധാനം വളര്‍ത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ പാകിസ്ഥാന്റെ വഞ്ചനയ്ക്കും വിധേയമായി: ആഞ്ഞടിച്ച് മോദി
ന്യൂഡല്‍ഹി: പാകിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമാധാനം വളര്‍ത്താനുള്ള ഇന്ത്യയുടെ എല്ലാ ശ്രമങ്ങളും പാകിസ്ഥാന്റെ ശത്രുതയ്ക്കും വഞ്ചനയ്ക്കും വിധേയമായെന്ന് മോദി പറഞ്ഞു. ലെക്‌സ് ഫ്രിഡ്മാനുമായുള്ള പോഡ്കാസ്റ്റില്‍ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യ-പാകിസ്ഥാന്‍ ബന്ധത്തിന് ഒരു പുതിയ തുടക്കം കുറിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് 2014 ലെ സത്യപ്രതിജ്ഞാ ചടങ്ങിന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ക്ഷണിച്ചത്.
'എന്നാല്‍ സമാധാനം വളര്‍ത്തിയെടുക്കാനുള്ള ഓരോ മാന്യമായ ശ്രമത്തിനും ശത്രുതയും വഞ്ചനയും നേരിടേണ്ടിവന്നു. അവര്‍ സമാധാനത്തിന്റെ പാത തിരഞ്ഞെടുക്കുമെന്ന് ഞങ്ങള്‍ ആത്മാര്‍ത്ഥമായി പ്രതീക്ഷിക്കുന്നു,' അദ്ദേഹം പറഞ്ഞു. കലഹത്തിലും അസ്വസ്ഥതയിലും നിരന്തരമായ ഭീകരതയിലും ജീവിക്കുന്നതില്‍ മടുത്തതിനാല്‍ പാകിസ്ഥാനിലെ ജനങ്ങള്‍ പോലും സമാധാനം ആഗ്രഹിക്കുന്നുവെന്നാണ് താന്‍ വിശ്വസിക്കുന്നത് എന്നും മോദി കൂട്ടിച്ചേര്‍ത്തു.

പാകിസ്ഥാനുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് തന്റെ ഒന്നാം സര്‍ക്കാരിന്റെ കാലത്ത് തന്നെ ശ്രമം നടത്തിയിരുന്നു എന്നും എന്നാല്‍ ആഗ്രഹിച്ച ഫലങ്ങള്‍ ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. പതിറ്റാണ്ടുകളില്‍ ഒരിക്കലും ഉണ്ടായിട്ടില്ലാത്ത ഒരു നയതന്ത്ര നടപടിയായിരുന്നു അത്. വിദേശനയത്തോടുള്ള തന്റെ സമീപനത്തെ ഒരിക്കല്‍ ചോദ്യം ചെയ്ത ആളുകള്‍ തന്നെ അതില്‍ അഭിനന്ദിച്ചു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതിര്‍ത്തി കടന്നുള്ള ഭീകരതയെക്കുറിച്ച് പാകിസ്ഥാനെ വിമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇന്ത്യയ്ക്കെതിരെ ഒരു നിഴല്‍ യുദ്ധം നടത്തുകയാണ് പാകിസ്ഥാന്‍ എന്നും കുറ്റപ്പെടുത്തി. അവര്‍ യോജിപ്പുള്ള സഹവര്‍ത്തിത്വം വളര്‍ത്തിയെടുക്കാന്‍ തീരുമാനിച്ചില്ല. വീണ്ടും വീണ്ടും അവര്‍ ഇന്ത്യയുമായി വിയോജിക്കാന്‍ തീരുമാനിച്ചു. അവര്‍ നമുക്കെതിരെ ഒരു നിഴല്‍ യുദ്ധം നടത്തിയിട്ടുണ്ട്.
'നിരപരാധികളായ കുട്ടികള്‍ പോലും കൊല്ലപ്പെടുകയും എണ്ണമറ്റ ജീവിതങ്ങള്‍ നശിപ്പിക്കപ്പെടുകയും ചെയ്യുന്ന നിരന്തരമായ ഭീകരതയില്‍ പാകിസ്ഥാനികള്‍ തന്നെ മടുത്തിരിക്കണം. രക്തച്ചൊരിച്ചിലിലും ഭീകരതയുടെ കയറ്റുമതിയിലും ഏത് തരത്തിലുള്ള പ്രത്യയശാസ്ത്രമാണ് വളരുന്നത്? അതിര്‍ത്തി കടന്നുള്ള ഭീകരത അവസാനിപ്പിക്കണമെന്ന് ഇന്ത്യ പാകിസ്ഥാനോട് ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്,' മോദി പറഞ്ഞു.
അക്രമം, ഭീകരത, ബലപ്രയോഗം എന്നിവയില്ലാത്ത ഒരു അന്തരീക്ഷത്തില്‍ മാത്രമേ ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. 9/11 ആക്രമണത്തിന്റെ സൂത്രധാരനായ അല്‍-ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദനെ പാകിസ്ഥാനിലെ അബോട്ടാബാദില്‍ യുഎസ് നേവി സീലുകള്‍ കണ്ടെത്തി വെടിവച്ചുകൊന്ന സംഭവവും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിന്‍ ലാദന്‍ പാകിസ്ഥാനിലാണ് അഭയം പ്രാപിച്ചിരുന്നത്.
തീവ്രവാദവും തീവ്രവാദ മനോഭാവവും പാകിസ്ഥാനില്‍ ആഴത്തില്‍ വേരൂന്നിയതാണെന്ന് ലോകം തിരിച്ചറിഞ്ഞിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയ്ക്ക് മാത്രമല്ല, ലോകത്തിനാകേയും പാകിസ്ഥാന്‍ ഇന്ന് പ്രക്ഷുബ്ധതയുടെ പ്രഭവകേന്ദ്രമായി നിലകൊള്ളുന്നുവെന്ന് പ്രധാനമന്ത്രി ആരോപിച്ചു.
'ലോകത്ത് എവിടെ ഭീകരത നടന്നാലും അതിന്റെ പാത എങ്ങനെയെങ്കിലും പാകിസ്ഥാനിലേക്ക് നയിക്കുന്നു. ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകരതയുടെ പാത എന്നെന്നേക്കുമായി ഉപേക്ഷിക്കാന്‍ ഞങ്ങള്‍ അവരോട് ആഹ്വാനം ചെയ്തിട്ടുണ്ട്. സമാധാനത്തിനും ഐക്യത്തിനും വേണ്ടിയുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെക്കുറിച്ച് ലോകത്തിന് വ്യക്തമായ സന്ദേശം നല്‍കിയെങ്കിലും നമുക്ക് ഉദ്ദേശിച്ച ഫലം ലഭിച്ചില്ല എന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications